പ്രിയങ്ക ചോപ്ര; ധീരയായ പെൺകുട്ടി

പ്രിയങ്ക ചോപ്ര; ധീരയായ പെൺകുട്ടി 

ഇന്ത്യൻ ചലച്ചിത്രനടിയാണ് പ്രിയങ്ക ചോപ്ര ഹിന്ദി ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രിയങ്ക 2000ത്തിലെ ലോക സുന്ദരി പട്ടവും നേടിയിട്ടുണ്ട്. വിജയ് നായകനായി അഭിനയിച്ച തമിഴൻ (2001) എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയങ്ക തൻറെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

അശോക് ചോപ്രയുടെയും, മധു അഖൌരിയുടെയും മകളായി 1982ൽ ജാർഖണ്ടിലെ ജംഷഡ്പൂരിൽ ജനിച്ച പ്രിയങ്കയ്ക്ക് തന്നെക്കാൾ എട്ട് വയസ്സിന് താഴെയുള്ള ഒരു സഹോദരൻ കൂടിയുണ്ട് പേര് സിദ്ധാർത്ഥ്. ഉത്തർപ്രദേശിലെ ബരേലിയിലുള്ള സെൻറ് മരിയ ഗോരെട്ടിയിലും, യുണൈറ്റഡ് സ്റ്റേറ്റ്സിലുള്ള ന്യൂട്ടൺ നോർത്ത് ഹൈസ്കൂളിലും, നോർത്ത് ഡെൽറ്റയിലുള്ള നോർത്ത് ഡെൽറ്റ സീനിയർ സെകൻഡറി സ്കൂളിലുമായി വിദ്യാഭ്യാസം നേടിയ പ്രിയങ്ക ചോപ്രയുടെ വിളിപ്പേര് മിമി എന്നാണ്.

രണ്ടായിരത്തിൽ മിസ് ഇന്ത്യ പട്ടം നേടിയ പ്രിയങ്ക ഇതേ വർഷം തന്നെ ലോകസുന്ദരി പട്ടവും നേടി.ലോകസുന്ദരി പട്ടം നേടുന്ന അഞ്ചാമത്തെ ഇന്ത്യാക്കാരിയാണ് പ്രിയങ്ക ചോപ്ര.


പ്രിയങ്ക ചോപ്രയുടെ ആദ്യ ഹിന്ദി ചിത്രം അനിൽ ശർമ്മ സം‌വിധാനം ചെയത ദി ഹീറോ:ലവ് സ്റ്റോറി ഓഫ എ സ്പൈ (2003) ആണ്. ഇതേ വർഷത്തിൽ തന്നെ പുറത്തിറങ്ങിയ അന്താശ് എന്ന ചിത്രമാണ് പ്രിയങ്ക ചോപ്രയുടെ ആദ്യ വിജയ ചിത്രം. ഈ സിനിമയിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് പ്രിയങ്ക ചോപ്രയ്ക്ക് ലഭിക്കുകയുണ്ടായി. ഐത്രാശ് (2004), മുജ്സെ ശാദി കരോഗെ (2004), ക്രിഷ് (2006), ഡോൺ-ദി ചേസ് ബിഗെൻസ് എഗൈൻ (2006) എന്നീ ചിത്രങ്ങൾ പ്രിയങ്ക ചോപ്രയുടെ വിജയചിത്രങ്ങളിൽ ചിലതാണ്.

പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കുമ്പോഴും ഭൂതകാലത്തിലെ ഉള്ളു നീറ്റിയ അനുഭവങ്ങളെ മറന്നിട്ടില്ല ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. അഭിനേത്രി, നിർമാതാവ് അങ്ങനെ വിശേഷണങ്ങൾ ഏറെയുള്ള പ്രതിഭയായി ലോകമറിയുന്ന ഒരാളായി മാറുന്നതിനു മുൻപ് സിനമാ മേഖലയിൽ നിന്നും താനനുഭവിച്ച അവഗണനകളെക്കുറിച്ച്ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രിയങ്ക തുറന്നു പറഞ്ഞതിങ്ങനെ 

'നീ ഒരു അഭിനേത്രിയാണ്. അഭിനേത്രികളേയേ മാറ്റാൻ പറ്റൂ'. കരിയറിന്റെ തുടക്കത്തിൽ ഒരു നിർമാതാവിൽ നിന്നു കേട്ട വാക്കുകളിങ്ങനെയാണ്. അഭിനയജീവിതത്തിന്റെ തുടക്കകാലത്ത് എനിക്കായി പറഞ്ഞുവച്ച വേഷങ്ങൾ മറ്റു പലർക്കുമായി നൽകിയിട്ടുണ്ട്.രണ്ടു പ്രാവശ്യം മാറ്റിയത് കൃത്യമായി ഞാനോർക്കുന്നുണ്ട്. ഒരിക്കൽ ഒരു സഹപ്രവർത്തകൻ പറഞ്ഞാണ് എന്റെ വേഷം മറ്റൊരാൾക്ക് കൊടുത്തത് ഞാനറിഞ്ഞത്. മറ്റൊരിക്കൽ മാധ്യമ വാർത്തയിലൂടെയാണ് ഞാനതറിഞ്ഞത്. അന്ന് ആ സങ്കടം മുഴുവൻ അച്ഛന്റെ തോളിൽ വീണ് കരഞ്ഞു തീർക്കുകയായിരുന്നു.

   'എന്തുകൊണ്ട് ഞാൻ എന്ന ചോദ്യത്തോടെ കരഞ്ഞു തളർന്ന എന്നോട് ഇക്കാര്യത്തിൽ നീ എന്താണ് ചെയ്യാൻ പോകുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അടുത്ത ചിത്രം മുതൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഞാനെനിക്കു തന്നെ ഞാൻ ഉറപ്പു നൽകി. ഈ മേഖലയെക്കുറിച്ച് നന്നായി പഠിക്കുമെന്നും. ചിലപ്പോൾ ചിത്രങ്ങൾ നന്നായില്ലെങ്കിൽപ്പോലും ആ ചിത്രത്തിലെ എന്റെ പ്രകടനം മാക്സിമം നന്നാക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. സാഹചര്യങ്ങളുടെ ഇരയാവരുതെന്ന് ഞാനപ്പോൾത്തന്നെ തീരുമാനിച്ചിരുന്നു

മോശം ദിവസങ്ങളെ നേരിട്ടതിനെക്കുറിച്ചും പ്രിയങ്കയ്ക്കു പറയാനുണ്ട് 

എന്താണ് മനസ്സിൽ തോന്നുന്നതെന്ന് മനസ്സിലാക്കാനായി കുറച്ചു ദിവസങ്ങൾ ചിലവഴിച്ചു. ഞാൻ ശക്തയാണ്, ധീരയാണ്. കരുത്തുള്ള ഒരു പെൺകുട്ടിയായാണ് എന്റെ മാതാപിതാക്കൾ എന്നെ വളർത്തിയിരിക്കുന്നത്. പക്ഷേ അതിന്റെയർഥം എന്റെ വികാരങ്ങൾ ഒരിക്കലും മുറിപ്പെട്ടിട്ടില്ല എന്നല്ല, സമ്മർദ്ദം, അരക്ഷിതാവസ്ഥ എന്നീ വികാരങ്ങളുള്ള മോശം ദിവസങ്ങളിലൂടെ കടന്നുപോയിട്ടില്ലെന്നുമല്ല. അത്തരം വികാരങ്ങളെ പൊതുവിടങ്ങളിൽ പ്രദർശിപ്പിക്കാൻ ഞാൻ തയാറായില്ല എന്നുമാത്രം. എപ്പോഴും എനിക്കു ചുറ്റും എന്നെ പിന്തുണയ്ക്കുന്ന ആളുകളുണ്ടായിരുന്നു'

'ചിലർ അധികാരങ്ങൾ ദുരുപയോഗപ്പെടുത്തിയതിന്റെ പേരിൽ കരാറായ ചിത്രങ്ങളിൽ നിന്നുവരെ തുടക്കകാലത്ത് ഞാൻ പുറത്തായിട്ടുണ്ട്. ചിലരുടെയൊക്കെ പെൺസുഹൃത്തുക്കൾക്കുവേണ്ടിയുള്ള ശുപാർശകളുടെ പേരിലായിരുന്നു അതൊക്കെയും. എനിക്ക് അക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ശക്തനായ ഒരു പുരുഷന്റെ പ്രതിശ്രുതവധുവോ അടുപ്പക്കാരിയോ ആകാത്തതുകൊണ്ട് പലപ്പോഴും പല ചിത്രങ്ങളിൽ നിന്നും അവസാന നിമിഷം ഞാൻ പുറത്തായിട്ടുണ്ട്. സംവിധായകന്റെോ നായകന്റെയോ പെമ്‍സുഹൃത്തുക്കൾക്കും കാമുകമാർക്കും വേണ്ടി എന്റെ വേഷങ്ങൾ പലപ്പോഴും നഷ്ടപ്പെട്ടിട്ടുണ്ട്''.- പ്രിയങ്ക പറയുന്നു.