50 കിലോ ഉള്ളിക്ക് കിട്ടിയത് 1064 രൂപ; പണം പ്രധാനമന്ത്രിക്ക് അയച്ച് കര്‍ഷകന്‍

50 കിലോ ഉള്ളിക്ക് കിട്ടിയത് 1064 രൂപ; പണം പ്രധാനമന്ത്രിക്ക് അയച്ച് കര്‍ഷകന്‍ മൊത്തവ്യാപാര വിപണിയിലെ വ്യാപാരികള്‍ ഒരു കിലോ ഉള്ളിക്ക് വില പറഞ്ഞത് വെറും ഒരു രൂപയാണ് കാര്‍ഷികവിളകള്‍ക്ക് ഏറ്റവും കുറഞ്ഞ വില ലഭിച്ചതിന് പണം പ്രധാനമന്ത്രിക്കയച്ച് കര്‍ഷകന്റെ പ്രതിഷേധം. 750 കിലോഗ്രാം ഉള്ളി വിറ്റ കര്‍ഷകന് ആകെ ലഭിച്ചത് 1064 രൂപ മാത്രമാണ്. ഇതില്‍ പ്രകോപിതനായാണ്കര്‍ഷകനായ സഞ്ജയ് സത്തേ ആ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു കൊടുത്തത്. 2010ല്‍ കേന്ദ്ര കൃഷിമന്ത്രാലയം തിരഞ്ഞെടുത്ത മികച്ച കര്‍ഷകരില്‍ ഒരാളായിരുന്നു സത്തേ. അന്ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബരാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാനുള്ള അവസരവും സത്തേക്ക് ലഭിച്ചിരുന്നു. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു കിലോ ഉള്ളിക്ക് വെറും ഒരു രൂപ മാത്രം ലഭിക്കുന്ന നിലയിലേക്ക് തന്നെ തള്ളിയിട്ടത് ഭരണകര്‍ത്താക്കളുടെ കഴിവ്‌കേടാണെന്ന നിലപാടിലാണ് സത്തേ. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയാണ് സത്തേ. സത്തേയോട് അവിടുത്തെ മൊത്ത വ്യാപാരവിപണിയിലെ വ്യാപാരികള്‍ ഒരു കിലോ ഉള്ളിക്ക് വില പറഞ്ഞത് വെറും ഒരു രൂപയാണ്. ഏറെ നേരത്തെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ കിലോയ്ക്ക് ഒരു രൂപ നാല്പത് പൈസ നല്‍കാം എന്ന് വ്യാപാരികള്‍ പറയുകയായിരുന്നു. അങ്ങനെയാണ് 750 കിലോ ഉള്ളിക്ക് 1064 രൂപ ലഭിച്ചത്. രോഷാകുലനായ സത്തേ തന്റെ കയ്യില്‍ നിന്ന് 54 രൂപ കൂടി മുടക്കിയാണ് പണം മണിയോര്‍ഡറായി പ്രധാനമന്ത്രിക്ക് അയച്ചത്. 'ഞാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ആളല്ല. പക്ഷേ, ഞങ്ങളോടുള്ള (കര്‍ഷകരോടുള്ള) സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധമുണ്ട്.' സത്തേ പറഞ്ഞു.രാജ്യത്തെ ഉള്ളി ഉല്പാദനത്തിന്റെ 50 ശതമാനവും മഹാരാഷ്ട്രയിലെ നാസികിലാണ്. കാർഷിക മേഖലയിലുള്ളവർ നേരിടുന്ന പ്രശ്നങ്ങൾ അന്ത്യമില്ലാതെ തുടരുകയാണ്. നോട്ട് നിരോധനം കര്‍ഷകരെ തകര്‍ത്തെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട് നേരത്തെ വന്നിരുന്നു. വിത്ത് വാങ്ങാന്‍ പോലും പണമില്ലാതെ കര്‍ഷകര്‍ വലയുകയാണെന്നുമായിരുന്നു റിപ്പോര്‍ട്ട്. പാര്‍ലമെന്ററി സ്റ്റാന്‍റിംഗ് കമ്മറ്റിക്ക് മുമ്പാകെ കാര്‍ഷിക മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നോട്ട് നിരോധനം കാര്‍ഷിക മേഖലയുടെ നട്ടെല്ല് തകര്‍ത്തെന്ന് കുറ്റപ്പെടുത്തിയിരിന്നത്. നോട്ട് നിരോധനം കേന്ദ്ര സര്‍ക്കാറിന്റെ നേട്ടമാണെന്നും അഴിമതി ഇല്ലാതാക്കിയെന്നും അവകാശപ്പെട്ടിരുന്നു.ഇതിന് തൊട്ട് പിന്നാലെയാണ് കേന്ദ്ര കൃഷിവകുപ്പ് തന്നെ നോട്ട് നിരോധനം പരാജയമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കൃഷി വകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ മോദി സര്‍ക്കാരിന് തിരിച്ചടിയാവുകയായിരുന്നു. പണത്തകര്‍ച്ച മൂലം കര്‍ഷകര്‍ വിത്ത് വാങ്ങാന്‍ പോലും സാധിക്കുന്നില്ലെന്നും കാര്‍ഷിക മേഖല തകര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.ഇന്ത്യയിലെ 263 മില്യണ്‍ കര്‍ഷകരും പണം നേരിട്ട് കൈമാറ്റം ചെയ്യുന്നവരായിരുന്നു. നോട്ട് നിരോധനത്തിന് ശേഷം അവരുടെ കൈവശം പണമില്ലാതായി. ഇതോടെ വിത്ത് വാങ്ങാനും കൃഷി പരിപാലിക്കാനും സാധിക്കാതായി. ജോലിക്കാര്‍ക്ക് ദിവസക്കൂലി നല്‍കാനും വിളവെടുപ്പിനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങാന്‍ പോലും പണമില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.