രാജീവ് ഗാന്ധിയെ വധിച്ചതില്‍ തങ്ങള്‍ക്ക്  പങ്കില്ലെന്ന് എല്‍.ടി.ടി.ഇ

ഇന്ത്യയേയോ ഇന്ത്യന്‍ നേതാക്കളെയോ ആക്രമിക്കാനുള്ള ഒരു നീക്കവും എല്‍.ടി.ടി.ഇ നടത്തിയിരുന്നില്ലെന്നും കത്തില്‍ അവകാശപ്പെടുന്നു 1991 ല്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ശ്രീലങ്കയിലെ തമിഴ് തീവ്രവാദികളായ എല്‍.ടി.ടി.ഇ. എല്‍.ടി.ടി.ഇ രാഷ്ട്രീയ വിഭാഗത്തിന്റെ പ്രതിനിധി കുര്‍ബുരന്‍ ഗുരുസ്വാമി, നിയമ വിഭാഗത്തിന്റെ പ്രതിനിധി ലത്തന്‍ ചന്ദ്രലിംഗം എന്നിവര്‍ ഒപ്പുവെച്ച കത്തിലാണ് അവകാശവാദമുള്ളത്. തമിഴ് ഈഴത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് എല്‍ടിടിഇ അവകാശപ്പെടുന്നത്. രാജീവ് ഗാന്ധി വധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് തെളിവുകള്‍ നിരത്തി തങ്ങള്‍ പലപ്പോഴായി പറഞ്ഞിരുന്നു. എന്നാല്‍ തങ്ങള്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഇപ്പോഴും ഉയര്‍ത്തുകയാണെന്ന് കത്തില്‍ പറയുന്നു. ഈ ആരോപണം മൂലം തമിഴ് ജനത അരക്ഷിതത്വത്തിലായി. നിരവധിപ്പേര്‍ക്ക് നാടുവിട്ട്‌പോകേണ്ടതായി വന്നു. മുല്ലിവൈക്കലില്‍ 1,50,000 ആളുകള്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് രാജീവ് ഗാന്ധിയെ വധിച്ചതെന്ന പ്രസ്താവനകള്‍ വേദനിപ്പിക്കുന്നതാണെന്നും എല്‍ടിടിഇ പറയുന്നു. ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വങ്ങളെയോ ഇന്ത്യയെയോ ആക്രമിക്കാന്‍ തങ്ങള്‍ക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. ശ്രീലങ്കക്കാരല്ലാത്ത ആര്‍ക്കുമെതിരെ തങ്ങള്‍ തോക്കുയര്‍ത്തിയിട്ടില്ല. ശ്രീലങ്കക്കാരല്ലാത്ത നേതാക്കളെ ആക്രമിക്കാനും തങ്ങള്‍ പദ്ധതിയിട്ടിരുന്നില്ല എന്ന് എൽ ടി ടി പറയുന്നു. ഇന്ത്യയേയോ ഇന്ത്യന്‍ നേതാക്കളെയോ ആക്രമിക്കാനുള്ള ഒരു നീക്കവും എല്‍.ടി.ടി.ഇ നടത്തിയിരുന്നില്ലെന്നും കത്തില്‍ അവകാശപ്പെടുന്നു. ഇന്ത്യന്‍ സര്‍ക്കാരും എല്‍.ടി.ടി.ഇയും തമ്മിലുണ്ടായിരുന്ന സുശക്തമായ ബന്ധം തകര്‍ക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് രാജീവ് ഗാന്ധിയുടെ വധമെന്നും കത്തില്‍ ആരോപിക്കുന്നു. വിഷയത്തില്‍ എല്‍ടിടിഇയെ കുറ്റപ്പെടുത്തുന്ന നടപടികള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര രംഗങ്ങളില്‍ ഇക്കാര്യത്തില്‍ എല്‍.ടി.ടി.ഇയെ കുറ്റപ്പെടുത്തുന്ന നടപടി അവസാനിപ്പിക്കുമെന്നും തങ്ങള്‍ക്കെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങള്‍ പിന്‍വലിക്കുമെന്നും പ്രതീക്ഷിക്കുന്നതായി എല്‍ടിടിഇ പറയുന്നു. ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം എന്നതു് വടക്കൻ ശ്രീലങ്കയിലെ രാഷ്ട്രീയ കക്ഷിയാണ് .എൽ.ടി.ടി.ഇ. എന്നു് കൂടുതലായറിയപ്പെടുന്ന സൈനിക സംഘടനയുടെ സ്വഭാവമുള്ള ഈ തീവ്രവാദി രാഷ്ട്രീയ കക്ഷി ശ്രീലങ്കയിൽ വടക്കുകിഴക്കൻ പ്രദേശത്തായി പ്രത്യേക തമിഴ് രാജ്യം സ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെ വേലുപ്പിള്ള പ്രഭാകരൻ 1976-ൽ സ്ഥാപിച്ചതാണു്. തമിഴ് ന്യൂ ടൈഗേഴ്സ് എന്ന പേരിലായിരുന്നു ഈ സംഘടനയുടെ തുടക്കം ഒളിപ്പോരും സായുധ പോരാട്ടവും അട്ടിമറി പ്രവർത്തനങ്ങളുമായി വളർന്നു വലുതായ എൽ.ടി.ടി.ഇ പിന്നീട് തമിഴ് സായുധ സംഘടനകളുമായി ഏറ്റുമുട്ടി മേൽകോയ്മ ഉറപ്പിച്ചു.രക്തരൂക്ഷിതമായ ഏറ്റുമുട്ടലും, ആക്രമണങ്ങളും, കൊലപാതകങ്ങളും വഴി മറ്റു സംഘടനകളെ ഇവർ തുടച്ചു നീക്കുകയായിരുന്നു. എൽ.ടി.ടി.ഇ യുടെ വളർച്ചക്ക് നിർണ്ണായകമായ പങ്ക് വഹിച്ചത് ഇന്ത്യയായിരുന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്ന കാലത്ത് ഇന്ദിരാഗാന്ധിയുടെ നിർദ്ദേശപ്രകാരം ഇൻഡ്യൻ പട്ടാളം തമിഴ്നാട്ടിൽ വച്ച് പരിശീലനവും പണവും ആയുധങ്ങളും നൽകി. വനിതാ റെജിമെന്റുകൾ ഉൾപ്പെടെ ഒട്ടേറെ സൈനിക വിഭാഗങ്ങളും ആത്മഹത്യാ സംഘങ്ങളും ഇവർക്കുണ്ടായിരുന്നു. തമിഴ് ജനതയുടെ പിന്തുണയും ഇവർക്കുണ്ടായിരുന്നു.പലപ്പോഴും ശരിയായ അർത്ഥത്തിലുള്ള യുദ്ധവും മറ്റു സന്ദർഭത്തിൽ തീവ്രവാദ പ്രവർത്തനങ്ങളും ഒളിപ്പോരുമാണ് ഇവർ നടത്തിക്കൊണ്ടിരുന്നത് തമിഴ് പ്രദേശങ്ങൾക്ക് സ്വാതന്ത്രവും തമിഴർക്ക് തുല്യനീതിയും ആവശ്യപ്പെടുന്ന എൽ.ടി.ടി ഇ ക്ക് ഇത് വിമോചന സമരമായിരുന്നു. സർക്കാർ എൽ.ടി.ടി.ഇ ഉൾപ്പെടെയുള്ളെ എല്ലാ സായുധ തമിഴ് സംഘടനകളും നടത്തുന്നത് ഭീകരപ്രവർത്തനമായി കണക്കു കൂട്ടി. 1983-ന് ശേഷം 65000 ആളുകൾ പോരാട്ടത്തിലും തീവ്രവാദ പ്രവർത്തനത്തിലും മരിച്ചെന്ന് കണക്കാക്കപ്പെടുന്നു. ശ്രീലങ്ക സ്വാതന്ത്രമായ കാലം മുതൽ സിഹള ഭൂരിപക്ഷമുള്ള സർക്കാരുകൾ തമിഴ് വിരുദ്ധ നിലപാടുകളായിരുന്നു സ്വീകരിച്ച് വന്നിരുന്നത്. എല്ലാ രംഗത്തും സിംഹളരെയും സിംഹള ഭാഷയും അവരോധിക്കാനുള്ള ശ്രമം തമിഴർക്കും തമിഴ് ഭാഷക്കും അവസരങ്ങൾ ഇല്ലാതാക്കി. ശ്രീലങ്കൻ സേന തങ്ങളെ സൈനികമായി പരാജയപ്പെടുത്തിയെന്ന് എൽ.ടി.ടി.ഇ 2009 ൽ സമ്മതിക്കുകയായിരുന്നു.