കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ തകര്‍ക്കുന്ന ലോലിപോപ്പ് നിരോധിച്ചു

കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ തകര്‍ക്കുന്ന ലോലിപോപ്പ് നിരോധിച്ചു കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന റിപ്പോര്‍ട്ടിനെ തുടർന്ന് സംസ്ഥാനത്ത് വില്‍ക്കുന്ന ടൈംപാസ് ലോലിപോപ്പിന്റെ വില്‍പ്പന നിരോധിച്ചു. ലോലിപ്പോപ്പില്‍ അനുവദിച്ചിരിക്കുന്നതിലും പലമടങ്ങ് അളവില്‍ കൃത്രിമ കളറുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നിരോധനം.ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എം.ജി രാജമാണിക്യം ഐഎഎസ് ആണു നിരോധന ഉത്തരവ് പുറത്തിറക്കിയത്. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തി പരിശോധനയില്‍ ടാര്‍ടാസിന്‍ 100 മില്ലിഗ്രാം അടങ്ങേണ്ടുന്നതിന് പകരം 128.67മില്ലിഗ്രാമും കാര്‍മോയിസിന്‍ 165.48മില്ലിഗ്രാംമും കണ്ടെത്തി. ഇത് അമിതമായ തോതില്‍ ശരീരത്തില്‍ ചെന്നാല്‍ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.ചെന്നൈയിലെ അലപ്പാക്കത്തു പ്രവര്‍ത്തിക്കുന്ന അഭിഷേഖ് കോട്ടേജ് ഇന്‍ഡ്സ്ട്രീസ് എന്ന സ്ഥാപനമാണ് ഈ മിഠായിയുടെ നിര്‍മ്മാതാക്കള്‍. ഇവര്‍ മിഠായി വ്യാപകമായി കളര്‍ചേര്‍ത്ത് ബ്രൗണ്‍, മഞ്ഞ, വെള്ള, ചുവപ്പ്, ഓറഞ്ച്, കറുപ്പ് പച്ച നിറങ്ങളിലാണ് കേരളത്തില്‍ ഉടനീളം വില്‍പ്പന നടത്തുന്നത്.