ഇന്ത്യൻ വ്യോമസേനയ്ക്ക് ഇന്ന് അഭിമാന ദിവസം

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇന്ന് അഭിമാന ദിവസം 

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇന്ന് അഭിമാന ദിവസമാണ്. ഇന്നാണ് വ്യോമസേനയുടെ 87-ാം ജന്മവാർഷികം. കരാർ പ്രകാരമുള്ള ആദ്യ റഫാൽ ജെറ്റ് വിമാനം ഇന്നാണ് ഏറ്റുവാങ്ങുന്നത്. ഇതിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഫ്രാൻസിൽ എത്തിയിട്ടുണ്ട്. ഫ്രാൻസിലെ മെറിഗ്നാക്കിൽ ഒരു ഹാൻഡ്ഓവർ ചടങ്ങിൽ ഇന്ത്യ തങ്ങളുടെ ഏറ്റവും പുതിയ മൾട്ടിറോൾ യുദ്ധവിമാനമായ റഫാലിനെ വ്യോമസേനയിൽ ഉൾപ്പെടുത്തും. ഫ്രഞ്ച് കമ്പനിയായ ദസാൾട്ട് ഏവിയേഷൻ നിർമിച്ച് ഇന്ത്യക്ക് നൽകുന്ന ആദ്യത്തെ റഫേലാണിത്‌.

വ്യോമസേനയുടെ 87-ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി ഗാസിയാബാദിലെ ഹിന്ദൺ എയർഫോഴ്‌സ് സ്റ്റേഷനിൽ വ്യോമസേനയുടെ ഗതാഗത വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, യുദ്ധവിമാനങ്ങൾ എന്നിവയുടെ ഒരു വലിയ ഫ്ലൈപാസ്റ്റ് തന്നെ നടക്കും. കഴിഞ്ഞ കുറച്ച് മാസങ്ങളായി അമേരിക്കയിൽ നിന്ന് ഏറ്റെടുത്തതിനുശേഷം വ്യോമസേനയുടെ ചിനൂക്ക്, അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളും ആദ്യമായി പ്രദർശിപ്പിക്കും.

ഇന്ത്യയ്ക്കു സ്വാതന്ത്യ്രം കിട്ടുന്നതിനു മുൻപ് 1932 ഒക്ടോബർ 8 നാണു ഭാരതീയ വ്യോമസേന സ്ഥാപിതമായത്. 1932 ലെ ഇന്ത്യൻ എയർഫോഴ്സ് ആക്ട് അനുസരിച്ച് വ്യോമസേന രൂപീകൃതമായത്. തുടക്കത്തിൽ 6 ഓഫിസർമാരും 19 ഭടന്മാരും മാത്രമേ ഉണ്ടായിരുന്നുള്ളു. വളരെ എളിയ രീതിയിൽ ആയിരുന്നു തുടക്കമെങ്കിലും അഞ്ചു വർഷത്തിനുള്ളിൽ (1938) ഫ്ലൈറ്റുകളുടെ എണ്ണം മൂന്നായി ഉയരുകയും ഒരു സ്ക്വാഡ്രൻ നിലവിൽ വരികയും ചെയ്തു.തൊട്ടടുത്ത വർഷം ഏപ്രിൽ ഒന്നിനാണ് ഇന്ത്യൻ എയർഫോഴ്സിന്റെ ആദ്യ സ്ക്വാഡ്രൻ നിലവിൽ വരുന്നത്. നാല് വെസ്റ്റ്ലാന്റ് വപിറ്റി വിമാനങ്ങളും അഞ്ച് ഇന്ത്യൻ പൈലറ്റുമാരും അടങ്ങുന്നതാണ് ആദ്യത്തെ സ്ക്വാ‍ഡ്രൻ.  1937 - ൽ വടക്കുപടിഞ്ഞാറൻ അതിർത്തിയിലും 1939 - ൽ ബർമാമുന്നണിയിൽ ഗോത്രവർഗങ്ങൾക്കെതിരായും വ്യോമസേന പ്രവർത്തനനിരതമാവുകയുണ്ടായി. ഇവയായിരുന്നു യുദ്ധരംഗത്ത് ഭാരതീയവായുസേനയുടെ ആദ്യകാലത്തെ പ്രായോഗികാനുഭവം. രണ്ടാംലോക മഹായുദ്ധത്തിലെ സജീവ പങ്കാളിത്തത്തോടെ ഇന്ത്യൻ വ്യോമസേന ഏറെ പ്രായോഗികാനുഭവങ്ങൾ നേടുകയും വികാസം പ്രാപിക്കുകയും ചെയ്തു. രണ്ടാം ലോകയുദ്ധം അവസാനിക്കുമ്പോൾ ഭാരതീയ വായുസേനക്ക് 9 സ്ക്വാഡ്രനുകൾ നിലവിൽ വന്നുകഴിഞ്ഞിരുന്നു. ഇതിനും പുറമേ ഒരു ചരക്കു കയറ്റിറക്കു സ്ക്വാഡ്രനും (Transport squadron) രൂപംകൊണ്ടു വരുന്നുണ്ടായിരുന്നു.

രണ്ടാം ലോകയുദ്ധത്തിൽ വഹിച്ച ധീരമായ പങ്കു കണക്കിലെടുത്ത് ഈ സേനയ്ക്ക് റോയൽ എന്ന ബഹുമതിപദം നൽകിയതോടെ ഇതിന്റെ പേര് റോയൽ ഇന്ത്യൻ എയർഫോഴ്സ് എന്നായി മാറി. ആദ്യകാലത്ത് സേനയുടെ പ്രധാന ഔദ്യോഗികസ്ഥാനങ്ങളിലെല്ലാം ബ്രിട്ടീഷുകാർ ആയിരുന്നു നിയമിക്കപ്പെട്ടിരുന്നത്. ക്രമേണ ഇന്ത്യാക്കാരെ പ്രധാന സ്ഥാനങ്ങളിൽ നിയമിക്കാൻ തുടങ്ങി. പരിശീലകരായും സാങ്കേതികവിദഗ്ദ്ധരായും കൂടുതൽ കൂടുതൽ ഇന്ത്യാക്കാർ നിയമിക്കപ്പെടുകയും ചെയ്തതോടെ സേനയിലെ ഇന്ത്യാക്കാരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. ഇന്ത്യ റിപ്പബ്ലിക്ക് ആയതോടെ സേനയുടെ പേർ ഇന്ത്യൻ വ്യോമസേന എന്നു മാറ്റി. പുതിയ പ്രതീകങ്ങളും ചിഹ്നങ്ങളും പ്രത്യക്ഷപ്പെട്ടു. എയർമാർഷൽ സുബ്രതോ മുഖർജി ഇന്ത്യൻ വ്യോമസേനാ മേധാവിയായി 1954 - ൽ നിയമിതനായതോടെ വ്യോമസേനയിലെ ഭാരതവൽക്കരണം പൂർണമായി.

സ്വാതന്ത്ര്യപ്രാപ്തിയെ തുടർന്നുള്ള ആദ്യവർഷത്തിൽ അഭയാർഥികളെ രക്ഷിക്കുന്ന പ്രവൃത്തികളിൽ ഏർപ്പെട്ടു. 1950 - ൽ ആസമിൽ ഉണ്ടായ ഭീകരമായ ഭൂകമ്പത്തെതുടർന്ന് രക്ഷാപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും കശ്മീർ പ്രതിരോധത്തിലും വായുസേന പ്രധാന പങ്കു വഹിക്കുകയുണ്ടായി. അതിർത്തി പ്രദേശത്ത് ഗോത്രവർഗക്കാരുടെ നുഴഞ്ഞുകയറ്റത്തെയും ശത്രുതാപ്രവർത്തനങ്ങളെയും തകർക്കുന്നതിലും ഭാരതീയ വായുസേന പ്രമുഖമായ പങ്കു വഹിച്ചു. ശത്രുസേനയാൽ വളയപ്പെട്ട പൂഞ്ച് പട്ടണത്തിൽനിന്നും 30,000 അഭയാർഥികളെ ഒഴിപ്പിച്ച് രക്ഷപ്പെടുത്താനും ഭാരതീയ വായുസേനയ്ക്ക് കഴിഞ്ഞു. ഉന്നതനിലവാരമുള്ള യന്ത്രോപകരണങ്ങളോ, നല്ലയിനം വിമാനങ്ങളോ ഇല്ലാതിരുന്നിട്ടും ഇന്ത്യൻ വ്യോമസേന അക്കാലത്തു കൈവരിച്ച നേട്ടങ്ങൾ വിസ്മയജനകങ്ങളാണ്.

ഐക്യരാഷ്ട്രസഭയുടെ നിയോഗങ്ങളനുസരിച്ചുള്ള ചില പ്രവർത്തനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ വളർച്ചയ്ക്ക് സഹായകമായിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശാനുസരണം 1960 ജൂലായ് മാസത്തിൽ കോംഗോയിലേക്ക് ഏതാനും വ്യോമസൈനികരെ ഇന്ത്യയിൽ നിന്നും അയക്കുകയുണ്ടായി.മികച്ച വൈദഗ്ദ്ധ്യവും ശ്രദ്ധയും ആവശ്യമുള്ള ജോലികളായിരുന്നു ഇന്ത്യൻ സൈനികർക്ക് അവിടെ നിർ‌‌വഹിക്കേണ്ടി വന്നത്. ഇരുൾമൂടിയ വനപ്രദേശങ്ങളിലും ചതുപ്പുനിലങ്ങളിലും കുടുങ്ങിപ്പോയവർക്ക് ഭക്ഷണം ഇട്ടുകൊടുക്കുക, അവരെ രക്ഷാകേന്ദ്രങ്ങളിൽ എത്തിക്കുക. തുടങ്ങിയ പ്രവർത്തനങ്ങൾ ഇന്ത്യൻ സൈനികർ കോംഗോയിൽ നിർ‌‌വഹിക്കുകയുണ്ടായി. തുടർന്നു കൊറിയയിലും ഇന്തോചൈനയിലും ഇന്ത്യൻ വ്യോമസേനയിലെ വൈമാനികർ ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശാനുസരണമുള്ള സമാധാനദൗത്യങ്ങൾ ഏറ്റെടുക്കുകയുണ്ടായിട്ടുണ്ട്. വ്യോമസേന 1962 - ൽ മുന്നണിപ്പോസ്റ്റുകളിൽ കരസേനയ്ക്കും സിവിൽഭരണകൂടത്തിനും ചെയ്തുകൊടുത്ത സേവനങ്ങൾ നിരവധിയാണ്. നേഫയിൽ സേവനമനുഷ്ഠിച്ച വ്യോമസേനാ അഫീസർ ഫ്ലൈറ്റ് ലഫ്. എസ്.എസ്. യാദവയ്ക്ക് സംഘടനാസാമർഥ്യവും നേതൃഗുണവും കണക്കിലെടുത്ത് പദ്മശ്രീ ബഹുമതി നൽകപ്പെട്ടു.

വെസ്റ്റ്ലാൻഡിന്റെ വപിറ്റി വിമാനമാണ് ഇന്ത്യൻ വ്യോമസനേയുടെ ആദ്യത്തെ ഫൈറ്റർ വിമാനം. 1937 - ൽ ബ്രീട്ടീഷ് ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തിയിലും 1939 - ൽ ബർമാമുന്നണിയിൽ ഗോത്രവർഗങ്ങൾക്കെതിരായുമാണ് വ്യോമസേന ആദ്യമായി ആക്രണങ്ങൾ സംഘടിപ്പിച്ചത്. തുടർന്ന് രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ സേനക്കെതിരെയും വപിറ്റി വിമാനങ്ങൾ ഉപയോഗിച്ചു. യുദ്ധം അവസാനിക്കുമ്പോൾ ഭാരതീയ വ്യോമസേനക്ക് 9 സ്ക്വാഡ്രനുകൾ നിലവിൽ വന്നുകഴിഞ്ഞിരുന്നു.

സുബ്രതോ മുഖർജിയാണ് ഇന്ത്യൻ വ്യോമസേനയുടെ തലവനാകുന്ന ആദ്യത്തെ ഇന്ത്യക്കാരൻ. സ്വാതന്ത്ര്യപ്രാപ്തിയെ തുടർന്നുള്ള ആദ്യവർഷത്തിൽ അഭയാർഥികളെ രക്ഷിക്കുന്ന പ്രവൃത്തികളിൽ ഏർപ്പെട്ടു. 1950 - ൽ ആസമിലുണ്ടായ ഭീകര ഭൂകമ്പത്തെത്തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും കശ്മീർ പ്രതിരോധത്തിലും വ്യോമസേന പ്രധാന പങ്കു വഹിക്കുകയുണ്ടായി. 1965 - ലെ ഇന്ത്യ– പാക്കിസ്ഥാൻ യുദ്ധമായിരുന്നു ഇന്ത്യൻ വ്യോമസേനയുടെ യശസ് ഉയർത്തിയത്. അതിർത്തി കടന്നുള്ള പാക്കിസ്ഥാന്റെ കടന്നുകയറ്റത്തിന് ഇന്ത്യൻ വ്യോമസേന കനത്ത തിരിച്ചടിയാണ് നൽകിയത്. പാക്കിസ്ഥാന്റെ നിരവധി ടാങ്കുകളും വിമാനങ്ങളും ഇന്ത്യ തകർത്തു. സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം പ്രധാനപ്പെട്ട നാലു യുദ്ധങ്ങളിൽ നിർണായക പങ്കുവഹിച്ച ഇന്ത്യൻ വ്യോമസേന ലോകത്തെ ഏറ്റവും മികച്ച വ്യോമസേനകളിലൊന്നാണിന്ന്. ഏറ്റവും അവസാനമായി പാക്കിസ്ഥാനിലെ ബാലാക്കോട്ടിലെ ഭീകര ക്യാംപുകൾ തകർത്ത് മടങ്ങിയതും വ്യോമസേനയായിരുന്നു.