ഇന്ത്യയിൽ മിസ്സ്ഡ് കോൾ തല്ല്

ഇന്ത്യയിൽ മിസ്സ്ഡ് കോൾ തല്ല് 

രാജ്യത്തെ ടെലികോം മേഖലയിൽ പുതിയ വിവാദം. അതും രസകരമായ പോര്. ജിയോ മിസ്ഡ് കോള്‍ അടിച്ച് തങ്ങള്‍ക്ക് പ്രതിദിനം 80 ലക്ഷം രൂപ നഷ്ടമുണ്ടാക്കുന്നുവെന്ന പരാതിയുമായി മറ്റ് നെറ്റ്‌വര്‍ക്കുകള്‍ രംഗത്തെത്തിയിരിക്കുന്നു. എന്നാൽ തിരിച്ചാണു കാര്യങ്ങളെന്ന് ജിയോയും വാദിക്കുന്നു.

അടുത്ത കാലത്ത് ജിയോ നെറ്റ്‌വര്‍ക്കില്‍ നിന്ന് വിളിച്ചാല്‍ നാലഞ്ചു റിങ് അടിച്ച ശേഷം അങ്ങേത്തലയിലുള്ള ആള്‍ എടുത്തില്ലെങ്കില്‍ കോള്‍ കട്ടാകുന്നതു കാണാം. ഇപ്പോള്‍ ഏകദേശം 20 സെക്കന്‍ഡ് ആണ് ജിയോയുടെ റിങ് നില്‍ക്കുന്നത്. സാധാരണഗതിയില്‍ അത് 40 സെക്കന്‍ഡ് വരെ ദീര്‍ഘിക്കേണ്ടതാണ്. ചുരുക്കി പറഞ്ഞാല്‍ ജിയോ തങ്ങളുടെ നെറ്റ്‌വര്‍ക്കിലേക്ക് ഒരു മിസ്ഡ് കോള്‍ ഇട്ടതിനു തുല്യമാണീ പരിപാടിയെന്നാണ് എയര്‍ടെല്ലും വൊഡാഫോണ്‍ ഐഡിയയും എല്ലാം ആരോപിക്കുന്നത്. ഇതിലൂടെ തങ്ങള്‍ക്ക് പ്രതിദിനം 80 ലക്ഷം രൂപ നഷ്ടമുണ്ടാക്കുന്നുവെന്നും അവര്‍ ആരോപിക്കുന്നു. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍ എതിരാളികള്‍ കോള്‍ ചാര്‍ജ് കുറയ്ക്കാത്തതു കൊണ്ട് അവരുടെ ഉപയോക്താക്കള്‍ തങ്ങളുടെ നെറ്റ്‌വര്‍ക്കിലേക്കാണ് ശരിക്കുള്ള മിസ്ഡ് കോള്‍ ഇടുന്നതെന്ന് ജിയോ തിരിച്ചടിച്ചു.

സീറോ-ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജ് (zero-interconnect usage charges) കൊണ്ടുവരുന്ന കാര്യം ട്രായി മാറ്റിവച്ചതാണ് പുതിയ പ്രശ്‌നങ്ങള്‍ക്കു തുടക്കമിട്ടത്. ഒരു നെറ്റ്‌വര്‍ക്കില്‍ നിന്ന് മറ്റൊന്നിലേക്കു വിളിക്കുമ്പോള്‍ (ഉദാഹരണം ജിയോയില്‍ നിന്ന് എയര്‍ടെല്ലിലേക്ക്) കോള്‍ തുടങ്ങുന്ന നെറ്റ്‌വര്‍ക്ക് (മുകളില്‍ പറഞ്ഞ ഉദാഹരണത്തില്‍ ജിയോ) ഒരോ മിനിറ്റിനും ആറു പൈസ നല്‍കണം. (രണ്ടു വര്‍ഷത്തിനു മുൻപ് ഇത് 13 പൈസയോളമായിരുന്നു.) ഇത് 2020 മുതല്‍ പൂര്‍ണ്ണമായും ഒഴിവാക്കുമെന്നാണ് ട്രായി പറഞ്ഞിരുന്നത്. എന്നാല്‍ ജിയോയുടെ എതിരാളികള്‍ ഇനിയും ഡേറ്റാ കോളിലേക്കു മാറാത്തതു കൊണ്ട് ഇതു വീണ്ടും മാറ്റിവയ്ക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന വാര്‍ത്തയാണ് ജിയോയെക്കൊണ്ട് 'മിസ്ഡ് കോള്‍' ഇടീക്കുന്നതത്രെ

തങ്ങളുടെ എതിരാളികള്‍ ഭീമമായ കോള്‍ ചാര്‍ജാണ് ഈടാക്കുന്നത്. തങ്ങളുടെ 2ജി ഉപയോക്താക്കളില്‍ നിന്ന് മിനിറ്റിന് 2 രൂപ വരെയാണ് ഈടാക്കുന്നത്. അതുകൊണ്ട്, ഈ 2ജി ഉപയോക്താക്കള്‍ ജിയോയിലേക്ക് മിസ്ഡ് കോള്‍ അടിക്കും. ഉടനെ ജിയോ ഉപയോക്താവ് തരിച്ചു വിളിക്കും. ഇന്റര്‍ കണക്ട്ചാര്‍ജു നല്‍കേണ്ടിവരുന്നതിനാല്‍, കാശു തങ്ങള്‍ക്കു പോകും.ഇതിനു മറുപടിയായി വോഡഫോണ്‍ ഐഡിയയുടെ വക്താവ് പറഞ്ഞത് തങ്ങളുടെ ഉപയോക്താക്കള്‍ക്ക് 2ജി, 3ജി, 4ജി വ്യത്യാസമില്ലാതെ അമിത ചാര്‍ജില്ലാത്ത പാക്കുകളാണ് നല്‍കുന്നതെന്നാണ്. എയര്‍ടെല്‍ ഇതിനു മറുപടി നല്‍കിയില്ല

ഒരു 4ജി നെറ്റ്‌വര്‍ക്കില്‍ നിന്നും അല്ലാത്ത നെറ്റ്‌വര്‍ക്കില്‍ നിന്നും ഉത്ഭവിക്കുന്ന കോളുകളുടെ കാര്യത്തില്‍ വല്ലാത്ത അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നതായി ട്രായി വെളിപ്പെടുത്തി. 4ജി നെറ്റ്‌വര്‍ക്കില്‍ നിന്ന് (ഇവിടെ ജിയോ) ഏകദേശം 400 ബില്ല്യന്‍ മിനിറ്റാണ് ഇപ്പോള്‍ പ്രതിമാസം കോളുകള്‍ നടക്കുന്നത്. അടുത്ത കാലത്തായി ഇതു കുറഞ്ഞിരിക്കുന്നു. ഡിസംബര്‍ 2017ല്‍ ഇത് ഏകദേശം 60 ബില്ല്യന്‍ മിനിറ്റുകളായാരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. മറ്റു കമ്പനികള്‍ ജിയോ ചെയ്യുന്നതു പോലെ ഡേറ്റാ കോളുകളിലേക്കു മാറിയിരുന്നെങ്കില്‍ ഒരു കോള്‍ തുടങ്ങുന്ന ചാര്‍ജ് കണ്ടമാനം കുറയ്ക്കാമായിരുന്നുവെന്നും പറയുന്നു. ഇതിലൂടെ അസന്തുലിതാവസ്ഥ കുറയ്ക്കാമായിരുന്നു. ഇന്റര്‍ കണക്ട് ചാര്‍ജും എടുത്തുകളയാമായിരുന്നു. എന്നാല്‍, ഇത് ഇനിയും അകലെയാണ്.

ടെലികോം വ്യവസായത്തെക്കുറിച്ച് അറിയാവുന്ന ഒരാള്‍ പുതിയ സാഹചര്യത്തെക്കുറിച്ചു പറഞ്ഞത് ജിയോ തങ്ങളുടെ റിങ് 20 സെക്കന്‍ഡ് ആയി കുറച്ചു. അംഗീകരിക്കപ്പെട്ട സമയം ഏകദേശം 40-45 സെക്കന്‍ഡ് ആണ്. ഈ മാറ്റത്തിലൂടെ ജിയോ ഒരു റിങ് ഇടുന്നതിനു തുല്യമായിരിക്കുന്നു എന്നാണ്. റിങ് കിട്ടുന്നതോടെ എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ തുടങ്ങിയ കമ്പനികളുടെ കസ്റ്റമര്‍മാര്‍ ജിയോ ഉപയോക്താവിനെ തിരിച്ചു വിളിക്കും. അതിലൂടെ ഇന്റര്‍കണക്ട് ചാര്‍ജ് ജിയോയ്ക്കു ലഭിക്കും

പുതിയ നീക്കത്തിലൂടെ പ്രതിദിനം ഏകദേശം 80 ലക്ഷം രൂപയാണ് തങ്ങളുടെ എതിരാളികള്‍ക്ക് നഷ്ടമുണ്ടാക്കുന്നത് എന്നാണ് ആരോപണം. ജിയോയുടെ ബുദ്ധിപൂര്‍വ്വമായ നീക്കം ഇന്റര്‍കണക്ട് ചാര്‍ജ് തങ്ങളുടെ എതിരാളികളുടെ തലയ്ക്കു വച്ചു കൊടുക്കാനാണ്. ഓഫ്-നെറ്റ് ട്രാഫിക്കിന്റെ കാര്യത്തിലാണ് ഇതുനടക്കുന്നത്. ഓഫ്- നെറ്റ് എന്നു പറഞ്ഞാല്‍ സ്വന്തം നെറ്റ്‌വര്‍ക്കിലേക്കല്ലാത്ത കോളുകള്‍. ഇപ്പോള്‍ ജിയോയിൽ നിന്ന് ജിയോയിലേക്കു വരുന്നതും, ജിയോയില്‍ നിന്നു പോകുന്നതുമായ കോളുകളുടെ അനുപാതം 36: 64 ആണ്. എയര്‍ടെല്ലിന് ഇത് 54.7:45.3ഉം, വോഡാഫോണ്‍ ഐഡിയയ്ക്ക് ഇത് 59.3:40.7ആണ്.

ജിയോ തങ്ങളുടെ നെറ്റ്‌വര്‍ക്കിലേക്ക് മിസ്ഡ് കോള്‍ ഇടുന്നുവെന്ന ആരോപണം മുകേഷ് അംബാനിയുടെ കമ്പനിയായ ജിയോ പാടേ തളളിക്കളയുകയാണ്. എതിരാളികളുടെ ഉപയോക്താക്കള്‍ തങ്ങളുടെ നെറ്റ്‌വര്‍ക്കിനെ മിസ്ഡ് കോളിന്റെ മുഖ്യ കേന്ദ്രമാക്കിയിരിക്കുന്നു എന്നാണ് അവര്‍ പറയുന്നത്. തങ്ങളുടെ 2ജി നെറ്റ്‌വര്‍ക്കില്‍ പൈസ കുറയ്ക്കാതെ വച്ചരിക്കുന്നതു കൊണ്ട് അവര്‍ ജിയോയിലേക്കു മിസ്ഡ് കോള്‍ ഇടുന്നുവെന്നാണ് ജിയോ പറയുന്നത്.