ഡാറ്റ കണക്റ്റിവിറ്റി: ഇന്ത്യ ഒന്നാമത്

പല വികസിത രാജ്യങ്ങളേയും പിന്തള്ളിയാണ് ഇന്ത്യയുടെ ഈ നേട്ടം കുറഞ്ഞ ചെലവില്‍ മൊബൈല്‍ ഡാറ്റ കണക്റ്റിവിറ്റി നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമത്. പല വികസിത രാജ്യങ്ങളേയും പിന്തള്ളിയാണ് ഇന്ത്യയുടെ ഈ നേട്ടം. കേബിള്‍.കോ.യുകെ വെബ്‌സൈറ്റാണ് ലോകത്തെ 230 രാജ്യങ്ങളില്‍ ഒരു ജിബി ഡാറ്റയ്ക്കുള്ള ചെലവ് എത്രയാണെന്ന് താരതമ്യം ചെയ്ത കണക്കുകള്‍ പുറത്തുവിട്ടത്. ഒരു ജിബി ഡാറ്റയ്ക്ക് 0.26 ഡോളര്‍(18.41 രൂപ) ആണ് ഇന്ത്യയിലെ ശരാശരി ചെലവ്. കിര്‍ഗിസ്താന്‍, ഖസാക്കിസ്താൻ, യുക്രെയ്ൻ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിലുള്ളത്. അമേരിക്കയില്‍ 12.37 ഡോളറാണ് (840 രൂപയ്ക്ക് മുകളില്‍ ) ഒരു ജിബി ഡാറ്റയ്ക്ക് ഈടാക്കുന്ന ശരാശരി തുക. ബ്രിട്ടന്‍ പട്ടികയില്‍ 136-ാം സ്ഥാനത്താണ്. പശ്ചിമ യൂറോപ്പില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ മൊബൈല്‍ ഡാറ്റ ലഭിക്കുന്നത് ഫിന്‍ലാന്‍ഡിലാണ്. ഒരു ജിബി ഡാറ്റയ്ക്ക് 1.16 ഡോളറാണ് (82 രൂപ) ഇവിടുത്തെ ശരാശരി തുക. ഡെന്‍മാര്‍ക്ക്, മൊണാക്കോ, ഇറ്റലി പോലുള്ള രാജ്യങ്ങള്‍ രണ്ട് ഡോളറില്‍ (141 രൂപ) താഴെയാണ് ഒരു ജിബിയ്ക്ക് ഈടാക്കുന്ന ശരാശരി തുക. ലോകത്ത് ഏഷ്യന്‍ രാജ്യങ്ങളിലാണ് ഡാറ്റ കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്നത്. കുറഞ്ഞ ചെലവില്‍ മൊബൈല്‍ ഡാറ്റ നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തിലുള്ളതും ഏഷ്യയില്‍ ഇന്ത്യയുടെ പിറകിലുള്ളതും ശ്രീലങ്കയാണ്. 0.78 ഡോളറാണ് (55 ഇന്ത്യന്‍ രൂപ) ശ്രീലങ്കയില്‍ ഒരു ജിബി ഡാറ്റയ്ക്കുള്ള ശരാശരി ചെലവ്. മംഗോളിയ, മ്യാന്‍മര്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് ഒരു ഡോളറില്‍ താഴെ ചെലവില്‍ ഡാറ്റ നല്‍കുന്നത്. ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ ഉയര്‍ന്ന സാങ്കേതിക അവബോധമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ വിശാലമായ സ്മാര്‍ട്‌ഫോണ്‍ വിപണിയാണ് വാഗ്ദാനം ചെയ്യുന്നത്. വിപണിയില്‍ മത്സരം ശക്തമാണ്. അതുകൊണ്ടു തന്നെ ഡാറ്റയ്ക്ക് വലിയ അളവില്‍ വില കുറയുന്നുവെന്നും റിപ്പോര്‍ട്ടില്‍ നിരീക്ഷിക്കുന്നു. അതേസമയം സാങ്കേതികമായി ഏറെ മുന്നില്‍ നില്‍ക്കുന്ന ദക്ഷണി കൊറിയ, ജപ്പാന്‍, ചൈന, പോലുള്ള രാജ്യങ്ങളില്‍ ഡാറ്റയ്ക്ക് വലിയ ചെലവുണ്ട് എന്നത് ശ്രദ്ധേയമാണ്.