സഹായം തേടി എട്ടുവയസ്സുകാരന്‍ പോലീസ് സ്‌റ്റേഷനിലെക്ക്

സഹായം തേടി എട്ടുവയസ്സുകാരന്‍ ഒന്നരകിലോമീറ്റര്‍ ഓടി പോലീസ് സ്‌റ്റേഷനിലെത്തി ഉത്തര്‍പ്രദേശിലെ സാന്ത് കബീര്‍നഗറിലെ മുഷ്താഖ് എന്ന എട്ടുവയസ്സുകാരനാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലെ താരം. അച്ഛന്റെ മര്‍ദ്ദനത്തില്‍നിന്ന് അമ്മയെ രക്ഷിക്കാനായി ഒന്നരകീലോമീറ്റര്‍ ദൂരം ഓടി പോലീസ് സ്‌റ്റേഷനിലെത്തി വിവരമറിയിച്ചതോടെയാണ് മുഷ്താഖ് എന്ന ബാലന്‍ സാമൂഹികമാധ്യമങ്ങളിലെ ഹീറോ ആയത്. കബീര്‍നഗറിലെ വീട്ടില്‍ അച്ഛന്‍ അമ്മയെ തല്ലുന്നത് കണ്ട് ഭയന്ന മുഷ്താഖ് കരഞ്ഞുകൊണ്ടാണ് പോലീസ് സ്‌റ്റേഷനിലേക്ക് ഓടിയത്. കരഞ്ഞുതളര്‍ന്ന മുഖവുമായി സ്‌റ്റേഷനിലേക്ക് കയറിവന്ന കുട്ടിയെ കണ്ട് പോലീസുകാരും ആദ്യം അമ്പരന്നു. തുടര്‍ന്ന് മുഷ്താഖ് തന്നെ അച്ഛന്‍ അമ്മയെ മര്‍ദ്ദിക്കുന്ന വിവരം പോലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞു. കാര്യങ്ങള്‍ വിശദമായി കേട്ട പോലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ സംഭവസ്ഥലത്തെത്തുകയും കുട്ടിയുടെ അച്ഛനെ പിടികൂടുകയുമായിരുന്നു.ഗാര്‍ഹികപീഡനത്തിനിരയായ അമ്മയെ രക്ഷിക്കാനായി ഇത്രയുംദൂരം ഓടി പോലീസ് സ്‌റ്റേഷനിലെത്തിയ എട്ടുവയസ്സുകാരനില്‍നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നാണ് ഇക്കാര്യം ട്വിറ്ററില്‍ പങ്കുവെച്ച രാഹുല്‍ ശ്രീവാസ്തവ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടത്. രാഹുല്‍ ശ്രീവാസ്തവയുടെ ട്വീറ്റ് വൈറലായതോടെ നിരവധി പേര്‍ മുഷ്താഖിനെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു. Eight Year Old Boy Rushes To Police Station