മോദി ജനങ്ങളോട് മാപ്പ് പറയണമെന്ന് കോൺ​ഗ്രസ്

മോദി ജനങ്ങളോട് മാപ്പ് പറയണമെന്ന് കോൺ​ഗ്രസ്

നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കോൺ​ഗ്രസ്. കോൺ​ഗ്രസ് വക്താവ് മനീഷ് തിവാരിയാണ് ആവശ്യവുമായി രം​ഗത്തെത്തിയിരിക്കുന്നത്. മോദി സർക്കാർ നാടിന്റെ സാമ്പത്തിക ഭദ്രതയെ തകിടം മറിച്ചുവെന്നും ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയെന്നും തിവാരി ആരോപിച്ചു. രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ തകിടം മറിച്ച മോദി ജനങ്ങളോട് എഴുന്നേറ്റ് നിന്ന് മാപ്പ് പറയണമെന്നാണ് തിവാരി ആവശ്യപ്പെട്ടത്. നോട്ട് നിരോധനത്തിന്‍റെ രണ്ടാം വാർഷികമായ നവംബര്‍ 8ന് രാജ്യ വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും മനീഷ് തിവാരി പറഞ്ഞു. മോദി സർക്കാരിന്റെ നോട്ട് നിരോധനം ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിലാക്കിയതല്ലാതെ ഉപകാരങ്ങൾ ഒന്നും ചെയ്തിട്ടില്ലെന്നും മെച്ചപ്പെട്ട് വന്ന രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ തീർത്തും ഉന്മൂലനം ചെയ്യുന്നതായിരുന്നു നോട്ട് നിരോധനമെന്നും നിരോധനവുമായി ബന്ധപ്പെട്ട് സർക്കാർ പറഞ്ഞ ഒരു കാര്യവും നടന്നിട്ടില്ലെന്നും തിവാരി ആരോപിച്ചു. 2016 ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ കള്ള പണം ഇപ്പോള്‍ പ്രവഹിക്കുന്നുണ്ടെന്നും തിവാരി കൂട്ടിച്ചേർത്തു.