നെട്ടോട്ടമോടി നയതന്ത്ര പ്രതിനിധികള്‍

ഡല്‍ഹിയില്‍ ജീവിക്കാനാവുന്നില്ലെന്നു ചൂണ്ടിക്കാട്ടി വിദേശ രാജ്യങ്ങളിലെ അംബാസിഡര്‍മാരും നയതന്ത്ര പ്രതിനിധികളില്‍ പലരും സ്വന്തം രാജ്യത്തേക്കു മടങ്ങുന്നതിനോ ഡല്‍ഹിയില്‍ നിന്നു മാറുന്നതിനോ ആണ് അനുമതി തേടിയിരിക്കുന്നത്. നിലവിലുള്ള അവസ്ഥ ആരോഗ്യപ്രശ്‌നങ്ങള്‍ ഗുരുതരമാക്കുന്നതിനാല്‍ കോസ്റ്റാറിക്ക അംബാസിഡര്‍ മരിയേല ക്രൂസ് അല്‍വാറെസ് ബംഗളൂരുവിലേക്കു മാറുകയാണെന്ന് അറിയിച്ചു. മലിനീകരണം രൂക്ഷമായതു ചൂണ്ടിക്കാട്ടി മെക്‌സിക്കന്‍ അംബാസിഡറും രംഗത്തെത്തി. അന്തരീക്ഷ മലിനീകരണം കൊച്ചുകുട്ടികളെ വരെ രൂക്ഷമായി ബാധിക്കുമ്പോഴും രാഷ്ട്രീയം പറഞ്ഞ് സര്‍ക്കാരുകളും പാര്‍ട്ടികളും അടിയുണ്ടാക്കുന്നതു ചൂണ്ടിക്കാട്ടിയാണ് മെക്‌സിക്കന്‍ അംബാസിഡര്‍ മെല്‍ബ പരിയ രംഗത്തെത്തിയത്. തായ്‌ലന്‍ഡ് അംബാസിഡറും സ്വദേശത്തേക്കു മടങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞാഴ്ച ബാംങ്കോക്ക് ആസ്ഥാനത്തേക്കു കത്തയച്ചിരുന്നു.