മഹാരാഷ്ട്ര, തെലങ്കാന, യുപി സംസ്ഥാനങ്ങളിലെ ചില മേഖലകളിൽ കുട്ടികൾക്കു നൽകിയ പോളിയോ വാക്സിനുകളിൽ അണുബാധ

മഹാരാഷ്ട്ര, തെലങ്കാന, യുപി സംസ്ഥാനങ്ങളിലെ ചില മേഖലകളിൽ കുട്ടികൾക്കു നൽകിയ പോളിയോ വാക്സിനുകളിൽ അണുബാധ. ഇന്ത്യയിൽനിന്ന് ഇല്ലായ്മ ചെയ്ത ടൈപ് – 2 പോളിയോ വൈറസിന്റെ അണുക്കളാണ് വാക്സിനേഷന്റെ ഭാഗമായി കുട്ടികൾക്കു നൽകിയതെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഗാസിയാബാദ് ആസ്ഥാനമായ ബയോമെഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയാണു വാക്സിനേഷനുള്ള മരുന്ന് നിർമിച്ചത്.അണുബാധ കണ്ടെത്തിയതിനെത്തുടർന്ന് മൂന്നു സംസ്ഥാനങ്ങൾക്കും ആരോഗ്യമന്ത്രാലയം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അണുബാധയുള്ള വാക്സിൻ നൽകിയ കുട്ടികളെ കണ്ടെത്തി നിരീക്ഷിക്കണമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് നിർദേശം. വൈറസ് എങ്ങനെ പ്രവർത്തിക്കുമെന്നു കണ്ടെത്തേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രാലയ വക്താവ് അറിയിച്ചു. പരിഭ്രാന്തരാകേണ്ടെന്നും മൂന്നു സംസ്ഥാനങ്ങളിലും സമിതികൾ ആരംഭിച്ച് നിരീക്ഷണം ശക്തിപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. 50,000 ബാച്ച് മരുന്നുകളിൽ ഒരു ബാച്ചിൽ മാത്രമാണ് അണുബാധ കണ്ടെത്തിയിരിക്കുന്നത്. ഒരു ലക്ഷത്തോളം മരുന്നുകൾ വരുന്ന രണ്ടു ബാച്ച് വാക്സിനുകളിലും അണുബാധയുണ്ടെന്നു സംശയമുണ്ട്. ഇതു പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.