യു.പി.യിൽ പശുസംരക്ഷണം ബാധ്യതയാകുന്നു

യു.പി.യിൽ പശുസംരക്ഷണം ബാധ്യതയാകുന്നു അലഞ്ഞുതിരിയുന്ന പശുക്കളിൽനിന്ന് കൃഷിക്ക് സംരക്ഷണം തേടി ഉത്തർപ്രദേശിലെ കർഷകർ ഉപേക്ഷിക്കപ്പെടുന്ന കാലികൾ കോടിക്കണക്കിനു രൂപയുടെ കൃഷിയാണ് നശിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ഗോശാലകൾക്കും അലഞ്ഞുതിരിയുന്ന പശുക്കളുടെ സംരക്ഷണത്തിനുമായി 600 കോടി രൂപ സംസ്ഥാനത്തെ യോഗി ആദിത്യനാഥ് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കർഷകരോഷം തണുപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ബി.ജെ.പി. അധികാരത്തിലെത്തിയതോടെ സംസ്ഥാനത്ത് പശുക്കളെ അറവിനായി വിൽക്കുന്നത് നിരോധിച്ചിരുന്നു. അറവുശാലകളും നിരോധിച്ചു. ഇതോടെ പശുക്കൾക്ക് പ്രായമായാൽ സംരക്ഷിക്കുന്നത് ബാധ്യതയായി. പശുക്കളെ വാഹനങ്ങളിൽ കൊണ്ടുപോയാൽ മർദനമേൽക്കേണ്ടിവരുന്ന സാഹചര്യവും ഉണ്ടായി. ഇതോടെ, കറവവറ്റിയ കാലികളെ ഉപേക്ഷിക്കുകയാണ് ക്ഷീരകർഷകർ. ഇവ തെരുവിൽ അലഞ്ഞുതിരിയും. തീറ്റകിട്ടാത്ത കാലികൾ കൃഷിയിടങ്ങളിലിറങ്ങി വൻതോതിൽ കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെയാണ് കർഷകർ പ്രതിഷേധം തുടങ്ങിയത്. ഉപേക്ഷിക്കപ്പെട്ട പശുക്കൾ പലയിടങ്ങളിലും വലിയ ശല്യമാണ്. ഇതേത്തുടർന്ന് ഗതികെട്ട നാട്ടുകാർ കാലികളെ സ്കൂൾമുറിയിലും ആശുപത്രിക്കകത്തും മറ്റും അടച്ചിട്ട സംഭവങ്ങളും അരങ്ങേറിയിട്ടുണ്ട്. അലഞ്ഞുതിരിയുന്ന കാലികളെ ജനുവരി 10-നകം ഗോശാലകളിലടയ്ക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും ശല്യം തുടരുകയാണ്.