ബ്രഹ്മോസ് മിസൈൽ വാങ്ങാൻ ആദ്യം ഫിലിപ്പീൻസ്

ബ്രഹ്മോസ് മിസൈൽ വാങ്ങാൻ ആദ്യം ഫിലിപ്പീൻസ്


അത്യാധുനിക ക്രൂസ് മിസൈൽ ബ്രഹ്മോസ് വാങ്ങാൻ താൽപര്യപ്പെട്ട് നിരവധി രാജ്യങ്ങളാണ് ഇന്ത്യയെ സമീപിക്കുന്നത്. നിലവിൽ പതിനഞ്ചോളം രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചെന്നാണ് റിപ്പോർട്ട്. ഫിലിപ്പീൻസ്, ചിലെ, പെറു രാജ്യങ്ങളാണ് ഏറ്റവും അവസാനമായി ബ്രഹ്മോസ് മിസൈൽ തേടി ഇന്ത്യയിൽ എത്തിയത്. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് ക്രൂസ് മിസൈൽ ആദ്യമായി വാങ്ങുന്ന രാജ്യം ഫിലിപ്പീൻസ് ആയിരിക്കുമെന്നാണ് റിപ്പോർട്ട്. 2020 പകുതിയോടു കൂടി ഇത് സംബന്ധിച്ച് ‌ഇന്ത്യയും ഫിലിപ്പീൻസും വില ചർച്ചകൾ പൂർത്തിയാക്കി കരാർ ഒപ്പിടുമെന്നാണ് കരുതുന്നത്.ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ കര, കടൽ അധിഷ്ഠിത പതിപ്പുകൾ വിൽക്കാൻ ഇന്ത്യ കഴിഞ്ഞ കുറച്ച് വർഷങ്ങളായി തായ്‌ലൻഡ്, ഇന്തൊനീഷ്യ, വിയറ്റ്നാം എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളുമായി ചർച്ച നടത്തിവരികയായിരുന്നു. വിപുലമായ പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ശേഷം ഫിലിപ്പീൻസ് സൈന്യം ബ്രഹ്മോസ് വാങ്ങാൻ സജ്ജമായിട്ടുണ്ടെന്നാണ് അറിയുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2017 ലെ ഫിലിപ്പീൻസ് സന്ദർശന വേളയിൽ പ്രതിരോധ വ്യവസായത്തെയും ലോജിസ്റ്റിക് സഹകരണത്തെയും കുറിച്ച് ഇരുരാജ്യങ്ങളും ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു. അതേസമയം, അടുത്ത വർഷം ബ്രഹ്മോസ് മിസൈൽ വാങ്ങുന്നതിനുള്ള ചർച്ചകൾ പൂർത്തിയാക്കുമെന്ന പ്രതീക്ഷയിലാണെന്ന് തായ്‌ലൻഡ് അംബാസഡർ ചുറ്റിൻ‌ടോൺ ഗോങ്‌സക്ദി പറഞ്ഞു. തീരദേശ റഡാറുകളും ബ്രഹ്മോസും ഉൾപ്പെടെയുള്ള ഇന്ത്യൻ സൈനിക ഹാർഡ്‌വെയറുകൾ വാങ്ങുന്നതിൽ തായ്‌ലൻഡിന് താൽപര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഇന്തൊനീഷ്യയിലേക്ക് ബ്രഹ്മോസ് വിൽക്കാനുള്ള സാധ്യതയും ഇന്ത്യ പരിശോധിക്കുന്നുണ്ട്. ഇന്തോ-റഷ്യൻ സംയുക്ത സംരംഭത്തിൽ നിന്നുള്ള ഒരു സംഘം 2018 ൽ സുരബായയിലെ സർക്കാർ നടത്തുന്ന കപ്പൽശാല സന്ദർശിച്ച് ഇന്തൊനീഷ്യൻ യുദ്ധക്കപ്പലുകളിൽ മിസൈൽ ഘടിപ്പിക്കുന്നത് വിലയിരുത്തിയിരുന്നു.

ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങാവുന്ന ക്രൂസ് മിസൈലുകളിലൊന്നാണ് ബ്രഹ്മോസ്. ഈ അത്യാധുനിക ക്രൂസ് മിസൈലിന്റെ നിർമാണ ചിലവ് 27.3 ലക്ഷം ഡോളറാണ്. ബ്രഹ്മോസ് ഇടപാട് സംബന്ധിച്ച് ചിലെ പ്രതിരോധ വകുപ്പുമായി ചർച്ച നടന്നിരുന്നു. പെറുവിൽ നിന്നും നിരവധി തവണ വിളി വന്നിട്ടുണ്ടെന്നാണ് ബ്രഹ്മോസ് നിർമാതാക്കൾ പറഞ്ഞത്.2018 ലെ ദുബായ് എയർഷോയിൽ ബ്രഹ്മോസ് മിസൈലും പ്രദർശിപ്പിച്ചിരുന്നു. ഇതോടെയാണ് കസാക്കിസ്ഥാൻ, ബ്രസീൽ, ഇന്തൊനീഷ്യ തുടങ്ങി രാജ്യങ്ങൾ ബ്രഹ്മോസ് വാങ്ങാൻ താൽപര്യമുണ്ടെന്ന് അറിയിച്ചത്. എല്ലാ പരീക്ഷണങ്ങളും പൂർത്തിയായതോടെ ബ്രഹ്മോസ് വാണിജ്യാടിസ്ഥാനത്തിൽ നിർമിച്ച് മറ്റു രാജ്യങ്ങൾക്കും വിൽക്കാൻ കഴിയും. കര, കടൽ, വായു എന്നീ മൂന്നു തലങ്ങളിൽ നിന്നും ബ്രഹ്മോസ് ഉപയോഗിക്കാൻ സാധിക്കും.ഇന്ത്യ–റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് മിസൈൽ വ്യോമസേന പരീക്ഷണവും പൂർത്തിയാക്കി. ഇന്ത്യയുടെ അത്യാധുനിക പോര്‍വിമാനം സുഖോയ്–30 എംകെഐ യിൽ നിന്നാണ് ബ്രഹ്മോസ് പരീക്ഷിച്ചത്. ലോകത്തിലെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. കര-നാവിക-വ്യോമ സേനകൾക്കു വേണ്ടിയുള്ള ബ്രഹ്മോസിന്റെ പ്രത്യേക പതിപ്പുകൾ തയാറാക്കിയിട്ടുണ്ട്. സുഖോയ് 30 വിമാനങ്ങൾക്കു മാത്രമാണു ബ്രഹ്മോസ് മിസൈൽ വഹിക്കാൻ ശേഷിയുള്ളത്.