ബ്രഹ്മോസ് പരീക്ഷണം നടത്തി ഇന്ത്യൻ നാവികസേന

ബ്രഹ്മോസ് പരീക്ഷണം നടത്തി  ഇന്ത്യൻ നാവികസേന

ഇന്ത്യയും റഷ്യയും സംയുക്തമായി നിർമിച്ച ബ്രഹ്മോസ് ക്രൂസ് മിസൈൽ പരീക്ഷണവുമായി നാവികസേന. 290 കിലോമീറ്റർ പരിധിയുള്ള ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലാണ് നാവികസേന വിജയകരമായി പരീക്ഷിച്ചത്. അറബിക്കടലിലാണ് പരീക്ഷിച്ചത്. കപ്പലുകൾ, പോർവിമാനം, കരയിൽ നിന്നോ വിക്ഷേപിക്കാൻ കഴിയുന്ന ഇടത്തരം സൂപ്പർസോണിക് ക്രൂസ് മിസൈലാണ് ബ്രഹ്മോസ്.

ഇന്ത്യൻ നിർമിത പ്രൊപ്പൽഷൻ സിസ്റ്റം, എയർഫ്രെയിം, പവർ സപ്ലൈ, മറ്റ് പ്രധാന തദ്ദേശീയ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ബ്രഹ്മോസ് ഒഡീഷയിലെ ചണ്ഡിപൂരിലെ ഐടിആറിൽ നിന്ന് സെപ്റ്റംബറിൽ വിജയകരമായി പരീക്ഷിച്ചിരുന്നു. ഈ വർഷം മെയ് മാസത്തിൽ വ്യോമസേന മുൻ‌നിര സു -30 എം‌കെ‌ഐ യുദ്ധവിമാനത്തിൽ നിന്നും ബ്രഹ്മോസ് എയർ പതിപ്പ് മിസൈൽ വിജയകരമായി പ്രയോഗിച്ചിരുന്നു.

കഴിഞ്ഞ ദിവസം കടലിൽ നിന്നും വായുവിലേക്ക് വിക്ഷേപിച്ച ബ്രഹ്മോസ് 2.5 ടൺ ഭാരമുള്ള സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ പരിധി 300 കിലോമീറ്ററാണ്. 2017 നവംബർ 22 ന് മറ്റൊരു ബ്രഹ്മോസ് പരീക്ഷണത്തിലൂടെ ഇന്ത്യ മിസൈൽ പ്രതിരോധ രംഗത്ത് ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. ശബ്ദാതിവേഗ മിസൈലായ ബ്രഹ്മോസ്, സുഖോയ് 30 എംകെഐ യുദ്ധവിമാനത്തിൽ നിന്ന് കടലിലേക്ക് വിജയകരമായാണ് അന്ന് പരീക്ഷിച്ചത്. ലോകത്ത് ആദ്യമായാണു ശബ്ദാതിവേഗ മിസൈൽ ഒരു ദീർഘദൂര പോർ വിമാനത്തിൽ ഘടിപ്പിക്കുന്നതും വിക്ഷേപിക്കുന്നതും. ഈ ശേഷി കൈവരിക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. കടലിലെ ടാർഗെറ്റ് ലക്ഷ്യമിട്ടായിരുന്നു അന്നത്തെ പരീക്ഷണം.

സൂപ്പർസോണിക് ബ്രഹ്മോസ് മിസൈലിനു മണിക്കൂറിൽ 3,200 കിലോമീറ്റർ വേഗമാണുള്ളത്. കരയിൽനിന്നും കടലിൽനിന്നും തൊടുക്കാവുന്ന 290 കിലോമീറ്റർ ദൂരപരിധിയുള്ള ബ്രഹ്മോസിന്റെ വിവിധ രൂപങ്ങൾ സേനയ്ക്കു സ്വന്തമായുണ്ട്. അമേരിക്കയുടെ പക്കലുള്ള ക്രൂസ് മിസൈലിനേക്കാൾ മൂന്ന് മടങ്ങിലേറെ വേഗവും ഒൻപത് മടങ്ങ് ഗതികോർജവും ഉള്ളതാണ് ബ്രഹ്മോസ്. 600 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. ഇതിൽ 400 കിലോമീറ്റർ വരെ പരീക്ഷണം നടത്തിയിട്ടുണ്ട്. ലക്ഷ്യത്തിന്റെ കൃത്യതയിലും ശക്തിയിലും വെല്ലാൻ ലോകത്ത് വേറെ ക്രൂസ് മിസൈലുകളില്ല.

ഇന്ത്യയും റഷ്യയും ചേർന്നു വികസിപ്പിച്ചതാണു ബ്രഹ്മോസ് മിസൈൽ. ഇന്ത്യൻ നാവികസേനയുടെ മുൻനിര ‘പോരാളികളായ’ കൊൽക്കത്ത, രൺവീർ, തൽവാർ വിഭാഗം കപ്പലുകൾക്കു കരയാക്രമണ ബ്രഹ്മോസ് വിക്ഷേപിക്കാൻ ശേഷിയുണ്ട്. മൂന്ന് സെക്കന്റിന്റെ ഇടവേളകളിൽ കപ്പലുകളിൽനിന്നു ബ്രഹ്മോസ് മിസൈലുകൾ തൊടുക്കാനാവും. ഒരേ സമയം വ്യത്യസ്ത ദിശകളിലേക്കു കൃത്യമായി അയക്കാനും കഴിയും.

െഎഎൻഎസ് കൊച്ചിയിൽനിന്ന് ഒരേ സമയം 16 മിസൈലുകൾ വിടാനാകും. ഈ 16 മിസൈലും മൂന്ന് സെക്കന്റിന്റെ ഇടവേളകളിൽ പുറപ്പെട്ട് കൃത്യമായ ലക്ഷ്യത്തിലെത്തും. എത്ര ചെറിയ ലക്ഷ്യമായാലും കൃത്യമായി എത്തിച്ചേരും. എത്ര വലിയ ലക്ഷ്യമായാലും പൂർണമായും തകർക്കാനും ബ്രഹ്മോസിനു കഴിയും. കേരളത്തിലും ബ്രഹ്മോസിന്റെ ഭാഗങ്ങൾ നിർമിക്കുന്നുണ്ട് .ഇവ കൂട്ടിച്ചേർക്കുന്നത് ഹൈദരാബാദിലാണ്, പ്രവർത്തനക്ഷമമാക്കുന്നത് നാഗ്പൂരിലും.കടലിൽനിന്നു മിതമായ കരയാക്രമണം നടത്താനുള്ള ശേഷി ഇന്ത്യൻ നാവികസേന 1971ലെ യുദ്ധത്തിൽതന്നെ തെളിയിച്ചിട്ടുണ്ട്. ചെറിയ മിസൈൽ ബോട്ടുകൾ ഉപയോഗിച്ച് അന്ന് നാവികസേന കറാച്ചി തുറമുഖം തകർത്തത്. എന്നാൽ തുറമുഖത്തോട് അടുത്തു ചെല്ലേണ്ടിവന്നു അന്ന് ആക്രമണം നടത്താൻ. ബ്രഹ്മോസ് നാവികസേനയിലെത്തുന്നതോടെ ദൂരെനിന്ന് ആക്രമണം സാധ്യമാകും.