ബുര്‍ഖ ധരിക്കുന്ന വോട്ടര്‍മാരുടെ മുഖം പരിശോധിക്കണം: ബിജെപി സ്ഥാനാർഥി

ബുര്‍ഖ ധരിച്ച് വോട്ട് ചെയ്യാനെത്തുന്ന സ്ത്രീകളുടെ മുഖം പരിശോധിക്കണമെന്ന് മുസാഫർ ന​ഗറിലെ ബിജെപി സ്ഥാനാർത്ഥി സഞ്ജീവ് ബാല്യണ്‍. മുഖം പരിശോധിച്ചില്ലെങ്കിൽ താൻ റീ പോൾ ആവശ്യപ്പെടുമെന്നും സഞ്ജീവ് മാധ്യമങ്ങളോട് പറഞ്ഞു. 'ബുർഖ ധരിച്ചെത്തുന്ന സ്ത്രീകളുടെ മുഖം പരിശോധിക്കുന്നില്ല. വ്യാജ വോട്ടിംഗ് നടക്കുന്നതായി ഞാൻ ആരോപിക്കുന്നു. അവരുടെ മുഖം പരിശോധിച്ചില്ലെങ്കിൽ ഞാൻ റീ പോൾ ആവശ്യപ്പെടും'- സഞ്ജീവ് ബാല്യണ്‍ പറഞ്ഞു. പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെയാണ് ആരംഭിച്ചത്. 91 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. 42 തെക്കേയിന്ത്യന്‍ മണ്ഡലങ്ങളും ഉത്തര്‍പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലും, പശ്ചിമ ഉത്തർപ്രദേശിലെ എട്ടു മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.അതേസമയം തെരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രാപ്രദേശില്‍ വോട്ടിംഗ് യന്ത്രം എറി‌ഞ്ഞുടച്ച് ജനസേനാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി മധുസൂദന്‍ ഗുപ്ത. വോട്ടിംഗ് യന്ത്രം തകരാറായതില്‍ പ്രതിഷേധിച്ചാണ് ഇയാൾ യന്ത്രം എറിഞ്ഞുടച്ചത്.