ഗര്‍ഭപാത്രം നീക്കം ചെയ്യാനും പരസ്യം

വ്യാപകമായ പ്രതിഷേധങ്ങള്‍ വന്നതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രി പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്തു പ്രസവശേഷം ഗര്‍ഭപാത്രം എളുപ്പത്തില്‍ നീക്കം ചെയ്ത് കളയാന്‍ സഹായിക്കുന്ന ശസ്ത്രക്രിയയ്ക്കും പരസ്യം. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപകമായ പ്രതിഷേധങ്ങള്‍ വന്നതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രി പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്തു. കുഞ്ഞുണ്ടായിക്കഴിയുമ്പോള്‍ 'അസ്വാന്‍സ്ഡ് ലാപ്രോസ്‌കോപ്പിക് സര്‍ജറി'യിലൂടെ എളുപ്പത്തില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യാനാകുമെന്നായിരുന്നു പരസ്യം. എറണാകുളം നഗരത്തില്‍ മാത്രം രണ്ടിടങ്ങളിലായി വലിയ പരസ്യബോര്‍ഡുകളായിരുന്നു സ്ഥാപിച്ചിരുന്നത്. എന്നാല്‍ കൃത്യമായ കാരണങ്ങളൊന്നും കൂടാതെ ഗര്‍ഭപാത്രം നീക്കം ചെയ്യാമെന്ന് പറയുന്നത് അനാരോഗ്യകരവും അപകടകരവുമായ സന്ദേശമാണ് നല്‍കുന്നതെന്ന വാദവുമായി നിരവധി പേര്‍ രംഗത്തെത്തുകയായിരുന്നു. പരസ്യം പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ടിസിഎംസി പറഞ്ഞു. ഇത് 'മെഡിക്കല്‍ എത്തിക്‌സ്' ലംഘിച്ചുവെന്നും ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ (ടിസിഎംസി) അംഗം കെ. മോഹനന്‍ പറഞ്ഞു. തുടര്‍ന്ന് പ്രതിഷേധങ്ങള്‍ വ്യാപകമായതോടെ പരസ്യം പിന്‍വലിക്കാന്‍ ആശുപത്രി തീരുമാനിക്കുകയായിരുന്നു. 'മെഡിക്കല്‍ എത്തിക്‌സ്' നോക്കാതെയുള്ള ഇത്തരം പരസ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും ടിസിഎംസിയുടെ അച്ചടക്ക കമ്മിറ്റി അറിയിച്ചു.