നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാന്‍ ഇനി ആധാറും ഉപയോഗിക്കാം

നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാന്‍ ഇനി ആധാറും ഉപയോഗിക്കാം പതിനഞ്ചു വയസ്സില്‍ താഴെയുള്ളവര്‍ക്കും അറുപത്തഞ്ചു വയസ്സിനു മുകളിലുള്ളവര്‍ക്കുമാണ് ആധാര്‍ കാര്‍ഡ് ഉപയോഗിക്കാവുന്നത് നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാര്‍ കാര്‍ഡും ഉപയോഗിക്കാം. പതിനഞ്ചു വയസ്സില്‍ താഴെയുള്ളവര്‍ക്കും അറുപത്തഞ്ചു വയസ്സിനു മുകളിലുള്ളവര്‍ക്കുമാണ് ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്രാരേഖയായി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാവുന്നതെന്ന് ആഭ്യന്തരമന്ത്രാലം വ്യക്തമാക്കി. അതേസമയം ഈ രണ്ടു പ്രായപരിധിക്കും ഇടയിലുള്ളവര്‍ക്ക് ആധാര്‍ യാത്രാരേഖയായി ഉപയോഗിക്കാനാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളതായി വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശനത്തിന് വിസ ആവശ്യമില്ലാത്ത രാജ്യങ്ങളാണ് ഭൂട്ടാനും നേപ്പാളും. പാസ്പോര്‍ട്ടോ തിരഞ്ഞെടുപ്പു കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡോ ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡോ ഉണ്ടെങ്കില്‍ ഈ രണ്ടുരാജ്യത്തും ഇന്ത്യന്‍ പൗരന്മാര്‍ക്ക് സന്ദര്‍ശനം നടത്താന്‍ സാധിക്കും. പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, സെന്‍ട്രല്‍ ഗവണ്‍മെന്റ് ഹെല്‍ത്ത് സര്‍വീസ് കാര്‍ഡ് എന്നിവയായിരുന്നു നേപ്പാള്‍, ഭൂട്ടാന്‍ സന്ദര്‍ശനത്തിന് പതിനഞ്ചു വയസ്സിനു താഴെയുള്ളവരും അറുപത്തഞ്ചു വയസ്സിനു മുകളിലുള്ളവരും ഇതുവരെ യാത്രാരേഖകളായി കാണിക്കേണ്ടിയിരുന്നത്. ഈ രേഖകളുടെ കൂട്ടത്തിലേക്കാണ് ആധാര്‍ കാര്‍ഡിനെയും ആഭ്യന്തരമന്ത്രാലയം ഉള്‍പ്പെടുത്തിയിരിക്കുന്നത്.