വിമാന വേഗമുള്ള ഹൈപ്പർലൂപ്പ്

 ദിവസവും വിമാനത്തില്‍ കയറി ജോലിക്കു പോവാന്‍ സാധിച്ചിരുന്നെങ്കിലെന്ന് ആലോചിച്ചിട്ടുണ്ടോ? എന്നാല്‍ ഇനി ഒട്ടും പിശുക്കില്ലാതെ തന്നെ ആലോചിച്ചോളൂ. വിമാനവേഗത്തില്‍ സഞ്ചരിക്കുന്ന പറക്കും ട്രെയിന്‍ ഉടന്‍ തന്നെ ഇന്ത്യയിലും എത്തും. മുംബൈ– പൂനെ ഹൈപ്പർലൂപ്പ് പദ്ധതിക്ക് മഹാരാഷ്ട്ര സര്‍ക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകി. 

               അമേരിക്കയിലെ ലോസ് ഏഞ്ചൽസ് കേന്ദ്രമായി പ്രവർത്തിക്കുന്ന വെർജിൻ ഹൈപ്പര്‍ലൂപ് വണ്ണും ദുബായിലെ ഡിപി വേൾഡും ചേർന്നാണ് ഇന്ത്യയിലെ നഗരങ്ങൾ ബന്ധിപ്പിച്ച് അതിവേഗ പാതകൾ നിർമിക്കുന്നത്. യാത്രക്കാരെയും സാധന സാമഗ്രികളും നിമിഷ നേരത്തിലുള്ളിൽ ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക് നീക്കാൻ ഇതുവഴി സാധിക്കും. ലോകത്തിലെ തന്നെ ആദ്യ ഹൈപ്പര്‍ലൂപ്പ് പദ്ധതിയായി ഇതിനെ മാറ്റാനാണ് അധികൃതർ ശ്രമിക്കുന്നത്. 

           മുംബൈയ്ക്കും പൂനെക്കുമിടയിലുള്ള യാത്രക്കാരുടെ എണ്ണം 2026 ഓടെ നിലവിലുള്ള 7.5 കോടിയുടെ ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിർജിൻ ഹൈപ്പർലൂപ്പ് പ്രതിവർഷം 20 കോടി യാത്രക്കാരുടെ ഗതാഗതം സാധ്യമാക്കുമെന്നണ് അവകാശപ്പെടുന്നത്. വിർജിൻ ഹൈപ്പർലൂപ്പ്-ഡിപി വേൾഡ് (വിഎച്ച്ഒ-ഡിപിഡബ്ല്യു) കൺസോർഷ്യത്തെ മഹീദിയ കമ്മിറ്റി ഒറിജിനൽ പ്രോജക്ട് പ്രൊപ്പോണന്റായി (ഒപിപി) നേരത്തെ അംഗീകരിച്ചിരുന്നു. 

    പുനെ – മുംബൈ ഹൈപ്പർലൂപ്പ് വൺ പദ്ധതി പ്രകാരം സെൻട്രൽ പൂനെ, നവി മുംബൈ രാജ്യാന്തര വിമാനത്താവളങ്ങൾ തമ്മിൽ ബന്ധിപ്പിക്കും. ഇത് ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിൻ ഗാട്ടിമാൻ എക്സ്പ്രസിന്റെ ( മണിക്കൂറിൽ 160 കിലോമീറ്റർ ) വേഗത്തെ മറികടക്കുന്നതായിരിക്കും. ഹൈപ്പർലൂപ്പിന്റെ വേഗം മണിക്കൂറിൽ 1,126 കിലോമീറ്ററാണ്. പൂനെക്കും മുംബൈയ്ക്കുമിടയിൽ 117.5 കിലോമീറ്റർ നീളത്തിൽ ട്രാക്ക് നിർമിക്കുന്നതാണ് പദ്ധതി. 500 കോടി രൂപയാണ് പദ്ധതിക്കായി നിക്ഷേപിക്കുന്നത്. 

 അമേരിക്കന്‍ കോടീശ്വരൻ ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് കമ്പനിയാണ് 'ഹൈപ്പര്‍ലൂപ്' എന്ന് വിളിക്കുന്ന ട്രെയിനുകള്‍ ആദ്യമായി അവതരിപ്പിക്കുന്നത്. 

 വർഷങ്ങൾക്ക് മുൻപ് ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ഹൈപ്പർലൂപ്പ്. എന്തിനും ഏതിനും സമയമില്ലെന്ന് പരാതിപ്പെടുന്നവർക്ക് കുറഞ്ഞ നിരക്കിൽ വേഗത്തിലൊരു യാത്രയൊരുക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്ന ഹൈപ്പർലൂപ്പിനെ കുറിച്ച് വിവിധ രാജ്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. നിലവിൽ മിസോറി, കൊളറാഡോ, നോർത്ത് കരോലിന, സൗദി അറേബ്യ, യുഎഇ, ടെക്സാസ് എന്നിവിടങ്ങളിൽ ഹൈപ്പർലൂപ്പ് ചർച്ചകൾ നടക്കുന്നുണ്ട്. 

 അമേരിക്കയിലെ ഇലണ്‍ മസ്‌ക് എന്ന കോടീശ്വരനാണ് ഹൈപ്പർലൂപ് ആദ്യമായി അവതരിപ്പിക്കുന്നത്. സ്‌പേസ്എക്‌സ്, ടെസ്‌ല ഇലക്ട്രിക് ഓട്ടോമൊബൈല്‍ തുടങ്ങി കമ്പനികൾ സ്ഥാപിച്ച മസ്ക് നിരവധി കണ്ടെത്തലുകൾ നടത്തി പ്രശസ്തനായ വ്യക്തിയാണ്. ബുള്ളറ്റ് ട്രെയിനുകളേക്കാൾ വേഗമുള്ള ചെലവ് കുറഞ്ഞ പദ്ധതിയായാണ് ഇലോൺ മസ്ക് അന്ന് വിശദീകരിച്ചത്. അന്നത്തെ പ്രൊജക്ടിൽ സാന്‍ ഫ്രാന്‍സിസ്‌കോയെയും ലോസ് ഏഞ്ചൽസിനെയും ബന്ധിപ്പിക്കുന്ന വേഗമുള്ള റെയിൽപാത എന്നാണ് പറഞ്ഞിരുന്നത്. 

 പദ്ധതിയ്ക്ക് ഹൈപ്പര്‍ലൂപ്പ് എന്ന് പേരിടുകയും ചെയ്തു. പദ്ധതിയുടെ രൂപരേഖ മാധ്യമങ്ങളിലും ഓൺലൈനിലും ദിവസങ്ങളോളം ചർച്ചയായി. സാൻ ഫ്രാന്‍സിസ്‌കോ– ലോസ് ഏഞ്ചൽസ് ബന്ധിപ്പിക്കുന്ന 68 ബില്യണ്‍ ഡോളറിന്റെ ഒരു പ്രൊജക്ട് അന്നു നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഹൈപ്പർലൂപ്പ് പദ്ധതിക്ക് കേവലം ആറു ബില്യണ്‍ ഡോളര്‍ മതിയെന്നാണ് ഇലോൺ മസ്ക് അന്നു അവകാശപ്പെട്ടത്. 

   ഹൈപ്പർലൂപ്പിന്റെ വേഗം അദ്ഭുതപ്പെടുത്തുന്നതാണ്. വിമാനത്തേക്കാൾ വേഗമുള്ള ട്രെയിൻ സർവീസ് സാധ്യമാണെന്നാണ് ഇലോൺ മസ്ക് അവകാശപ്പെട്ടത്. പദ്ധതി രൂപരേഖയിൽ ഇങ്ങനെയായിരുന്നു പറഞ്ഞിരുന്നത്,– സാന്‍ ഫ്രാന്‍സിസ്‌കോയിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്കുള്ള ദൂരം 613.9 കിലോമീറ്റര്‍. ഇത്രയും ദൂരം സഞ്ചരിക്കാൻ വിമാനം എടുക്കുന്ന സമയം ഒരു മണിക്കൂര്‍ 15 മിനിറ്റാണ്. റോഡ് വഴി പോകുമ്പോൾ ഏകദേശം 5 മണിക്കൂര്‍ 30 മിനിറ്റ് വേണ്ടിവരും. നിലവിലുള്ള ഏറ്റവും വേഗമുള്ള ട്രെയിൻ വഴി പോയാൽ 2 മണിക്കൂര്‍ 40 മിനിറ്റ് സമയമെടുക്കും. എന്നാൽ ഹൈപ്പര്‍ലൂപ്പ് ‌വഴി പോയാൽ കേവലം 30 മിനിറ്റ്കൊണ്ട് ലക്ഷ്യസ്ഥലത്തെത്താം.  

 വേഗമേറിയ യാത്രാസംവിധാനങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളി സുരക്ഷിതത്വമാണ്. എന്നാൽ ചെലവ് കൂടുതലും. ഹൈപ്പർലൂപ്പ് ടെക്നോളജി യാത്രാസുരക്ഷിതം നൽകുമെന്നാണ് വിശ്വസിക്കുന്നത്. സുരക്ഷിതത്വം, വേഗം, ചെലവ് കുറവ്, കാലാവസ്ഥയെ പ്രതിരോധിക്കാനുള്ള ശക്തി, സ്ഥിരത, ഭൂകമ്പത്തെ ചെറുക്കാനുള്ള കഴിവ്, സോളാറിന്റെ ഉപയോഗം തുടങ്ങി ഗുണങ്ങള്‍ ഹൈപ്പർലൂപ്പിനെ ജനപ്രിയമാക്കുമെന്നാണ് ഇലോൺ അന്നത്തെ പദ്ധതി രൂപരേഖയിൽ പറഞ്ഞിരുന്നത്. 

 റെയിൽപാതയുടെ സ്ഥാനത്ത് സാങ്കേതികമായി വികസിപ്പിച്ചെടുത്ത പ്രത്യേകം ട്യൂബാണ് ഹൈപ്പർലൂപ്പ് ഉപയോഗിക്കുന്നത്. സ്റ്റീല്‍ ട്യൂബിലുടെയാണ് യാത്ര. യാത്രക്കാരെയും ചരക്കുകളും കുറഞ്ഞ മര്‍ദ്ദത്തിലുള്ള വായുവിലൂടെ കാന്തിക ബലത്തിന്റെ സഹായത്തോടെ തള്ളുന്നു. ഓരോ 30 സെക്കന്‍ഡിലും ഓരോ കാബിനുകള്‍ വീതം നീക്കാനാകും. മണിക്കൂറില്‍ 1,126 കിലോമീറ്റര്‍ വേഗത്തിൽ സഞ്ചരിക്കാവുന്ന ഹൈപ്പർലൂപ്പ് ട്യൂബിൽ ചരക്കും കടത്താനാകും.