മാഞ്ജി ഇന്ന് ലക്ഷപ്രഭുവാണ്

ആംബുലന്‍സിന് വാടക കൊടുക്കാന്‍ പണമില്ലാത്തതിനെത്തുടര്‍ന്ന് ഭാര്യയുടെ മൃതദേഹം പത്തുകിലോമീറ്റര്‍ ചുമന്ന ഒഡീഷക്കാരന്‍ ദെന മാഞ്ജി ഇന്ന് ലക്ഷപ്രഭുവാണ്. മാഞ്ജി കഴിഞ്ഞ ദിവസം പുതിയ ബൈക്കും വാങ്ങി. സ്വന്തം ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി നടന്നു നീങ്ങുന്ന ഒഡീഷയിലെ ആ ദരിദ്രനായ ആദിവാസി യുവാവിനെ ആരും അത്ര പെട്ടന്ന് മറക്കാനിടയില്ല. ഇന്ത്യയെ തന്നെ ലോകത്തിനു മുന്നില്‍ അപഹാസ്യമാക്കിയ ആ സംഭവം പക്ഷേ ദെന മാഞ്ജിയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. അന്തര്‍ദേശീയ മാധ്യമങ്ങള്‍ പോലും ഏറ്റെടുത്ത ഈ വാര്‍ത്തയെ തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് നിരവധി പേര്‍ സഹായവുമായി എത്തിയത്. ബഹറിന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ ഒമ്പതു ലക്ഷം രൂപയാണ് നല്കിയത്. മറ്റു വഴികളില്‍നിന്നെത്തിയ സഹായം വേറെയും.സ്വന്തമായി ബാങ്ക് അക്കൗണ്ടുപോലും ഇല്ലാതിരുന്ന മാഞ്ജിക്ക് ഇപ്പോള്‍ ലക്ഷങ്ങളുടെ സ്ഥിരനിക്ഷേപമുണ്ട്.