നാടുവിട്ട് കൂടുമാറി

  തിരുവനന്തപുരം  നെയ്യാറിലെ സിംഹ സഫാരി പാർക്കിലേക്കുള്ള സിംഹങ്ങളുമായി ഗുജറാത്തിൽ നിന്നു സംഘം തിരികെ യാത്ര തുടങ്ങി. ചൊവാഴ്ച വൈകിട്ടാണ് യാത്ര ആരംഭിച്ചത്. പ്രളയക്കെടുതികളെ അതിജീവിച്ചു വേണം സംഘത്തിന് എത്താൻ. തേക്കടിയിൽ നിന്നുള്ള ജോർജ് മലയണ്ണാനെയും കോടനാട് ​ഉണ്ടായിരുന്ന രണ്ടര വയസ്സുള്ള മലയണ്ണാനെയും നൽകി ഗുജറാത്തിൽ നിന്നും ആറര വയസ്സുകാരി രാധയെയും 10 വയസ്സുള്ള നാഗരാജനെയും കൊണ്ടാണു വനം വകുപ്പ് ജീവനക്കാർ മടങ്ങുന്നത്. 

 ഗുജറാത്തിലെ ബാഗ് മൃഗശാലയിൽ നിന്നാണ് ഇവയെ കൊണ്ടുവരുന്നത്. അവിടെ വനത്തിൽ നിന്ന് ആറു വർഷം മുൻപാണു രാധയെ വനം വകുപ്പ് പിടികൂടിയത്. 2012ൽ നാഗരാജിനെയും ലഭിച്ചു. ഒരാഴ്ച കൊണ്ടു വനംവകുപ്പ് സംഘം സിംഹങ്ങളുമായി എത്തുമെന്നാണു പ്രതീക്ഷ. സഫാരി പാർക്കിൽ ഇപ്പോൾ സിന്ധുവെന്ന പെൺ സിംഹം ഒറ്റയ്ക്കാണ് .ഇതിനു കൂട്ടായാണു രണ്ടു സിംഹങ്ങളെ എത്തിക്കുന്നത് 

 ഏഷ്യൻ– ആഫ്രിക്കൻ സങ്കരയിനത്തിൽപ്പെട്ട സിന്ധുവിനെക്കാൾ അഴകും ഗാംഭീര്യവും ഉള്ള ഏഷ്യൻ സിംഹങ്ങളാണ് എത്തുന്നത്. ഓണത്തിന്  സഞ്ചാരികളുടെ പ്രധാന ആകർഷണമാകും പുതിയ സിംഹങ്ങൾ. ഇവയുമായി ഇണങ്ങാൻ 2 മാസമായി 2 ജീവനക്കാർ ഗുജറാത്തിലുണ്ട്. ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ.ഇ.കെ.ഇശ്വരൻ,ഡോ.ആനന്ദ് എന്നിവർക്കൊപ്പം ഫോറസ്റ്റർ ജയകുമാർ,വാച്ചർമാരായ സജി,ബിജോയ് വർഗീസ്,പ്രകാശ് എന്നിവരാണു സിംഹങ്ങളുമായി വരുന്ന സംഘത്തിലുള്ളത് . 

 ദക്ഷിണേഷ്യയിലെ ആദ്യ പാർക്കാണ് നെയ്യാറിലേത്. ഡാമിലെ 10 ഏക്കറിലാണ് പാർക്ക്. നെയ്യാറിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണവും സിംഹ സഫാരി പാർക്കായിരുന്നു.2 സിംഹങ്ങളുമായാണ് തുടക്കം. എണ്ണം 10 കവിഞ്ഞതോടെ 2001 ൽ വന്ധ്യംകരണം നടത്തി. ഇതോടെ പാർക്കിന്റെ ശനിദശ തുടങ്ങി. വന്ധ്യംകരണത്തെതുടർന്ന് അണുബാധയേറ്റ് പലതും ചത്തു. പ്രായാധിക്യത്തെ തുടർന്ന് പാർക്കിലുണ്ടായിരുന്നവ ഓരോന്നായി വിവിധ കാലയളവിൽ ചത്തു. 2014ൽ 6 സിംഹങ്ങളുണ്ടായിരുന്ന പാർക്കിൽ ഇപ്പോൾ 18വയസ് പ്രായമുള്ള പെൺ സിംഹം മാത്രം. 

 2014ൽ രണ്ട് സിംഹങ്ങളെ കൊണ്ടുവരാനും പാർക്ക് നിലനിർത്താനുമുള്ള ശ്രമങ്ങൾ തുടങ്ങി . 2 മലയണ്ണാനെ നൽകിയാൽ പകരം 3 സിംഹമെന്ന നിലയിൽ ഗുജറാത്തിലെ സക്കർ ബാഗ് മൃഗശാലയുമായി കരാർ വാക്കാൽ ഉറപ്പിച്ചു. കൂടും തയാറാക്കി സക്കർ ബാഗിലേക്ക് പോകാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഉന്നതങ്ങളിൽ നിന്നു വിളിയെത്തി. 

 അങ്ങോട്ട് പോകണ്ട. ഇതോടെ എല്ലാം അവസാനിച്ചു. പാർക്ക് പൂട്ടേണ്ടിവരുന്ന ഘട്ടമെത്തിയതോടെ വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളുമൊക്കെ സർക്കാരിൽ സമ്മർദം ചെലുത്തിയാണ് ഇപ്പോൾ സിംഹത്തെ കൊണ്ടുവരാനുള്ള തീരുമാനമായത്. ആദ്യ ഘട്ടത്തിലുണ്ടാക്കിയ അതേ ഉടമ്പടി. 2 മലയണ്ണാന് പകരം 2 സിംഹം. 

 വരുന്നത് ‘പക്കാ’ഏഷ്യൻ സിംഹക്കുട്ടികൾ 

 ഡാമിലെ പാർക്കിലുള്ളത് ഏഷ്യൻ–ആഫ്രിക്കൽ സങ്കരയിനത്തിൽപെട്ട സിംഹങ്ങളായിരുന്നു.ഇത് പെറ്റുപെരുകി.കൂടുകൾ തികയായാതായി.തുടർന്നാണ് 2001ൽ വന്ധ്യംകരണത്തിന് തീരുമാനിച്ചത്. ഇത് ഏറെ വിവാദമുണ്ടാക്കി.ഇനി വരാൻ പോകുന്നത് സങ്കരയിനം സിംഹങ്ങളെക്കാൾ അഴകും ഗാംഭീര്യവും ഉശിരുമുള്ള ഏഷ്യൻ സിംഹക്കുട്ടികൾ.ഏഷ്യൻ സിംഹങ്ങൾ കുറഞ്ഞുവരുന്നതിനാൽ ഇവയുടെ സംരക്ഷണവും ലക്ഷ്യമിടുന്നു.