ക്യാഷ്‌ലെസിൽ ഇന്ത്യ കുതിക്കുന്നു


                 നോട്ടുരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ആഗ്രഹിക്കുന്ന രാജ്യമെന്ന നിലയില്‍ ഡിജിറ്റല്‍ കൊടുക്കല്‍ വാങ്ങലുകളുടെ പുരോഗതിയില്‍ ആകാംക്ഷയോടെ നോക്കിയിരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇക്കാര്യത്തില്‍ ബഹുദൂരം മുന്നേറിയ ചൈന പോലെയുള്ള രാജ്യങ്ങള്‍ക്കൊപ്പമെത്താന്‍ ശ്രമിക്കുകയാണ് ഇന്ത്യയും. ഇന്ത്യയെ നോട്ടുരഹിതമാക്കാനായി ഇറങ്ങിത്തിരിച്ചിരിക്കുന്ന കമ്പനികളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധന കാണാമെന്നാണ് ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളടുടെ പെയ്‌മെന്റ്‌സ് നെറ്റ്‌വര്‍ക്കിന്റെ മേധാവി പറയുന്നത്. ഇതോടെ വൈകാതെ തന്നെ ഇന്ത്യ ചൈനയെ മറികടക്കും. ക്യാഷ്‌ലെസ് ഇടപാടിൽ ഇന്ത്യ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്തെത്തുമെന്നാണ് നിരീക്ഷണം. 

             എന്നു പറഞ്ഞാല്‍, ഇന്ത്യക്കാര്‍ക്ക് പണമിടപാടു നടത്താനായുള്ള ആപ്പുകളുടെ എണ്ണം അന്ധാളിപ്പിക്കുന്ന രീതിയില്‍ വര്‍ധിക്കുകയാണ്. ഫെയ്‌സ്ബുക്, ഗൂഗിള്‍, ആമസോണ്‍ തുടങ്ങി നിരവധി കമ്പനികളുടെ പെയ്‌മെന്റ്‌സ് ആപ്പുകളാണ് ഇന്ത്യക്കാരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രിമിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം ചൈനയില്‍ രണ്ട് ആപ്പുകള്‍ക്കാണ് മേധാവിത്വം. 

 ഇന്ത്യയില്‍ പെയ്‌മെന്റ്‌സ് ആപ്പുകളുടെ ബഹളം തന്നെയായിരിക്കും. ഉപയോക്താവ് തന്റെ ബാങ്ക് അക്കൗണ്ടിനൊപ്പം ചില കാര്യങ്ങള്‍ക്കായി മാത്രം ഡിജിറ്റല്‍ പണമിടപാടും നടത്തുന്ന രീതി കുറേ കാലത്തേക്കു കൂടെ തുടരുമെന്നാണ് നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പറേഷന്റെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ചൈനയെപ്പോലെയല്ലാതെ ഇന്ത്യ ചെറുതും വലുതുമായ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നു. അതുകൊണ്ടു തന്നെ രാജ്യം ഇക്കാര്യത്തില്‍ ചൈനയ്ക്ക് ഒപ്പമെത്തുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. 

 ചൈനയില്‍ ആന്റ് ഫിനാന്‍ഷ്യലിന്റെ ഉടമസ്ഥതയിലുള്ള അലിപേയും, ടെന്‍സന്റ് ഹോള്‍ഡിങ്‌സിന്റെ കീഴിലുള്ള വീചാറ്റ് പേയുമാണ് ബഹുഭൂരിപക്ഷം പേരും ഉപയോഗിക്കുന്നത്. ഇവയിലേക്ക് പ്രായഭേദമന്യേ ആളുകള്‍ മാറിയപ്പോള്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ പണമിടപാടുകള്‍ വിപ്ലവകരമായി മാറുകയായിരുന്നു. ക്യാഷ്‌ലെസ് പെയ്‌മെന്റുകളുടെ കാര്യത്തില്‍ ചൈനയ്‌ക്കൊപ്പം എത്തുക എന്നതായിരിക്കും ഇന്ത്യയുടെ ആദ്യ ലക്ഷ്യം. എന്‍സിപിഐ നിയന്ത്രിക്കുന്ന യൂണിഫൈഡ് പെയ്‌മെന്റ്‌സ് ഇന്റര്‍ഫെയ്‌സ് (യുപിഐ) ഉപയോഗിച്ച് ഏതു കമ്പനിക്കും രാജ്യത്തെ ബാങ്കുകളുമായി ബന്ധിപ്പിച്ച് ക്യാഷ്‌ലെസ് സേവനങ്ങള്‍ എളുപ്പത്തിലും ചെലവുകുറച്ചും നല്‍കാം. കൂടുതല്‍ ഇന്ത്യക്കാരെ ക്യാഷ്‌ലെസാക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ മൂന്നു വര്‍ഷം മുൻപാണ് യുപിഐ അവതരിപ്പിച്ചത്. 

 നിലവില്‍ ഇതുമായി ബന്ധപ്പെട്ട് 87 ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നു. ഗൂഗിള്‍ അടക്കമുള്ള കമ്പനികള്‍ക്കൊപ്പം രാജ്യത്തുനിന്നുള്ളവയും മത്സരിക്കുന്നു. വാട്‌സാപ് പെയ്‌മെന്റ് സേവനം വന്നാല്‍ അത് അപ്രതീക്ഷിതമായ രീതിയില്‍ ചിലപ്പോള്‍ കാര്യങ്ങള്‍ മാറ്റിമറിച്ചേക്കാം. ഇന്ത്യക്കാര്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ട ആപ്പാണല്ലോ അത്. എന്നാല്‍ വാട്‌സാപ് പേയ്ക്ക് സർക്കാർ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. ഗ്രാമങ്ങളിലുള്ള പല കച്ചവടക്കാരും ക്യാഷ്‌ലെസ് പെയ്‌മെന്റ് സിസ്റ്റത്തിലേക്കു മാറാതിരിക്കുന്നത് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുടെ പ്രശ്‌നംമൂലം കൂടെയാണ്. മറ്റൊരു പ്രശ്‌നം ചെറിയ തുക കൈമാറുമ്പോള്‍ പോലും അല്‍പം പൈസ നല്‍കേണ്ടിവരുന്നു എന്നത് ചിലര്‍ക്ക് വിഷമമുണ്ടാക്കുന്നു എന്നതാണ്. 

 ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് നോട്ടായി പൈസ കിട്ടുന്നതാണ് ഇപ്പോഴും ആത്മവിശ്വാസം നല്‍കുന്നത്. അതിനാല്‍ തന്നെ പലയിടങ്ങളിലും ക്യാഷ്‌ലെസ് പെയ്‌മെന്റ് പ്രോത്സാഹിപ്പിക്കുന്നുമില്ല. എന്നാല്‍, 2015നു ശേഷം ക്യാഷ്‌ലെസ് പണമിടപാടുകള്‍ ഇന്ത്യയില്‍ അഞ്ചിരട്ടി വര്‍ധിച്ചുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഡിജിറ്റല്‍ പെയ്‌മെന്റ് നടത്തുന്നവര്‍ ഒരു വര്‍ഷം 22.4 തവണയാണ് എന്നാണ് ശരാശരി കണക്കുകള്‍ പറയുന്നത്. ചൈനയില്‍ ഇത് 2017ല്‍ 96.7 ആണ്. 

 ഗ്രാമീണ മേഖലയില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ജനസമ്മതി ലഭിക്കുക എന്നതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇന്ത്യയില്‍ പകുതിയിലേറെ ആളുകള്‍ ഗ്രാമങ്ങളിലാണ് വസിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ യുപിഐയുടെ വ്യാപനം അഞ്ചുമടങ്ങ് വര്‍ധിപ്പിക്കാനാണ് ശ്രമം. ജനസംഖ്യയുടെ ഏകദേശം എട്ടു ശതമാനം പേര്‍, അഥവാ 10 കോടി പേര്‍ ആണ് ഇപ്പോള്‍ ഡിജിറ്റല്‍ പണമിടപാടു നടത്തുന്നത്. ഇത് 50 കോടിയിലെത്തിക്കുക എന്നതായിരിക്കും പ്രഥമ ലക്ഷ്യം. അങ്ങനെ 38 ശതമാനം പേരെ ക്യാഷ്‌ലെസ് ആക്കുകയായിരിക്കും ആദ്യ ലക്ഷ്യം. എന്നാല്‍, ചൈനയില്‍ വിചാറ്റ്‌പേയ്ക്കു മാത്രം 80 കോടി സബ്‌സ്‌ക്രൈബര്‍മാരുണ്ട്. 

 ഒരാളുടെ സേവനം ഇഷ്ടപ്പെട്ടില്ലെങ്കില്‍ അടുത്തയാളിലേക്ക് മാറാമെന്നത് ക്യാഷ്‌ലെസ് പെയ്‌മെന്റ് പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണെന്നു വിലയിരുത്തപ്പെടുന്നു. എന്നാല്‍ ഇത്രയധികം ആപ്പുകളുള്ളത് അവയെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഒരു വെല്ലുവിളിയാണെന്നും പറയുന്നു. ഓടിക്കൊണ്ടിരിക്കുന്ന ഒരു ട്രെയിൻ നന്നാക്കാന്‍ ശ്രമിക്കുന്നതു പോലെയാണത് എന്നാണ് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്.