ആകാശ കാവലിനു 6,104 കോടി നൽകി ഇന്ത്യ

ആകാശ കാവലിനു 6,104 കോടി നൽകി ഇന്ത്യ 

അമേരിക്കയുടെ ഉപരോധ ഭീഷണികൾക്ക് വഴങ്ങാതെ റഷ്യയിൽ നിന്ന് വാങ്ങുന്ന വ്യോമപ്രതിരോധ സംവിധാനം എസ്–400 ന് ഇന്ത്യ പണം കൊടുത്തു തുടങ്ങി. ആദ്യം 850 ദശലക്ഷം ഡോളറാണ് (ഏകദേശം 6104 കോടി രൂപ). അടുത്ത 16–18 മാസത്തിനുള്ളിൽ എസ്–400 ന്റെ ആദ്യ യൂണിറ്റ് ഇന്ത്യയിൽ എത്തുമെന്നാണ് റിപ്പോർട്ട്.മോസ്കോയുമായുള്ള പ്രധാന ആയുധ കരാർ റദ്ദാക്കാൻ ഇന്ത്യയെ സമ്മർദ്ദം ചെലുത്തുന്നതിൽ വാഷിങ്ഗ്ടൺ പരാജയപ്പെട്ടിരുന്നു. മൊത്തം ഇടപാടിന്റെ ഏകദേശം 15 ശതമാനം തുകയാണ് സെപ്റ്റംബറിൽ അടച്ചത്. ഇന്ത്യക്കെതിരെ ഉപരോധം കൊണ്ടുവരാനുള്ള അമേരിക്കയുടെ നീക്കങ്ങളെ ചെറുത്ത് എല്ലാ പഴുതുകളും അടച്ചിട്ടാണ് ഇന്ത്യ റഷ്യയ്ക്ക് പണം കൈമാറിയിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയും റഷ്യയും യുഎസിന്റെ ഉപരോധ നീക്കം മറികടക്കുന്നതിനുള്ള ബദൽ പേയ്‌മെന്റ് സംവിധാനങ്ങൾ അന്വേഷിക്കുകയായിരുന്നു. രൂപ-റൂബിൾ മെക്കാനിസം വഴിയുള്ള ഇടപാട് അല്ലെങ്കിൽ സൈനിക ഹാർഡ്‌വെയറിനായി യൂറോയിൽ പണമടയ്ക്കൽ ഇതായിരുന്നു പദ്ധതി.അതേസമയം, അഞ്ച് എസ്–400 യൂണിറ്റുകളുടെയും ഡെലിവറി ഷെഡ്യൂൾ 2025 ലേക്ക് വൈകുന്നത് സംബന്ധിച്ച് ചില ആശങ്കകൾ ഉയർന്നിരുന്നു. എന്നാൽ പണമടച്ചതോടെ ആദ്യത്തെ സിസ്റ്റം 16 മുതൽ 18 മാസത്തിനുള്ളിൽ വിതരണം ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇരുരാജ്യങ്ങളുടെയും നേതാക്കളുടെ വാർഷിക ഉച്ചകോടിയിൽ ഇന്ത്യയും റഷ്യയും അഞ്ച് എസ് -400 സംവിധാനങ്ങൾക്കായി 5.4 ബില്യൺ ഡോളർ വിലമതിക്കുന്ന കരാർ ഒപ്പിട്ടിരുന്നു. 2020 ഓടെ ആദ്യത്തെ സംവിധാനം വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എല്ലാ ഡെലിവറികളും അഞ്ചുവർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നുമായിരുന്നു അന്ന് റഷ്യൻ അധികൃതർ പറഞ്ഞിരുന്നത്.ഇന്ത്യയുടെ 60% സൈനിക ഹാർഡ്‌വെയറുകളും ഇറക്കുമതി ചെയ്യുന്ന റഷ്യയിൽ നിന്ന് എസ് -400 ഇടപാടോ മറ്റ് സൈനിക ഹാർഡ്‌വെയറുകളോ വാങ്ങരുതെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെ എസ് 400 ട്രയംഫ് എത്രയും പെട്ടെന്നു നല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. മോസ്‌കോയില്‍ നടന്ന ഇന്ത്യ-റഷ്യ സൈനിക, ഉദ്യോഗസ്ഥ, മന്ത്രി തല യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ഗി ഷൊയ്ഗുവും ചര്‍ച്ചയില്‍ പങ്കെടുത്തു.