എസ് 400 മിസൈല്‍ എത്രയും പെട്ടെന്നു എത്തിക്കാന്‍ ഇന്ത്യ

എസ് 400 മിസൈല്‍ എത്രയും പെട്ടെന്നു എത്തിക്കാന്‍ ഇന്ത്യ

റഷ്യ വികസിപ്പിച്ച ഏറ്റവും കരുത്തുറ്റ ആകാശ പ്രതിരോധ സംവിധാനമായ എസ് 400 ട്രയംഫ് എത്രയും പെട്ടെന്നു നല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. അമേരിക്കയുടെ ഉപരോധഭീഷണി അവഗണിച്ചാണ് റഷ്യയില്‍നിന്ന് അത്യാധുനിക മിസൈല്‍ സംവിധാനം വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ 6,000 കോടി രൂപ നല്‍കിക്കഴിഞ്ഞു.380 കിലോമീറ്റര്‍ ദൂരപരിധിക്കുള്ളിലെത്തുന്ന ശത്രു ബോംബറുകള്‍, ജെറ്റുകള്‍, ചാരവിമാനങ്ങള്‍, ഡ്രോണുകള്‍ എന്നിവരെ കൃത്യമായി കണ്ടെത്തി തകര്‍ക്കാന്‍ ശേഷിയുള്ളതാണ് എസ് 400 ട്രയംഫ് മിസൈല്‍ പ്രതിരോധ സംവിധാനം.40,000 കോടി മുടക്കി അഞ്ച് സ്‌ക്വാര്‍ഡന്‍ എസ് 400 ട്രയംഫ് വാങ്ങാന്‍ റഷ്യയുമായി 2018 ഒക്‌ടോബറിലാണു കരാര്‍ ഒപ്പുവച്ചത്. 2020-ല്‍ തുടങ്ങി 2023-നുള്ളിലാവും റഷ്യ ഇത് ഇന്ത്യക്കു നല്‍കുക. അഞ്ച് സ്‌ക്വാര്‍ഡന്‍ എസ് 400 ട്രയംഫ് മിസൈല്‍ സംവിധാനവും 59,000 കോടി മുടക്കി ഫ്രാന്‍സില്‍നിന്നു വാങ്ങുന്ന റഫാന്‍ യുദ്ധവിമാനങ്ങളും എത്തുന്നതോടെ ഇന്ത്യയുടെ സൈനികശേഷിയില്‍ വമ്പന്‍ മാറ്റങ്ങളുണ്ടാകുമെന്ന് വ്യോമസേന പ്രതികരിച്ചു.

റഷ്യയുടെ അത്യാധുനിക വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനമാണ് എസ്-400 ട്രയംഫ്. 2007 മുതല്‍ റഷ്യന്‍ സേനയുടെ ഭാഗം. ആക്രമണങ്ങളെ തടയാനും പ്രത്യാക്രമണത്തിനും ഉപയോഗിക്കാം. കരയില്‍നിന്നു ആകാശത്തിലേക്കു (എസ്എഎം) തൊടുക്കാവുന്ന മിസൈല്‍ സംവിധാനം. അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ പോലും തകര്‍ക്കാനുള്ള കരുത്തുണ്ട്.120, 200, 250, 380 കിലോമീറ്റര്‍ പരിധികളിലുള്ള ശത്രുലക്ഷ്യങ്ങളെ തകര്‍ക്കാന്‍ കഴിയുന്ന മിസൈലുകളാണ് സംവിധാനത്തിലുള്ളത്. 600 കിലോമീറ്റര്‍ പരിധിയിലുള്ള 300 ടാര്‍ഗറ്റുകള്‍ ഒരേസമയം തിരിച്ചറിയാം. 400 കിലോമീറ്റര്‍ പരിധിയിലുള്ള മൂന്നു ഡസനോളം ടാര്‍ഗറ്റുകളെ നശിപ്പിക്കും. ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളെ പ്രതിരോധിക്കും. പോര്‍വിമാനങ്ങള്‍, മിസൈലുകള്‍, ശബ്ദാതിവേഗ വിമാനങ്ങള്‍ എന്നിവയെ തരിപ്പണമാക്കും. കംപ്യൂട്ടര്‍ നിയന്ത്രിത എസ്-400 മിസൈല്‍ പ്രതിരോധത്തിനു ശബ്ദത്തേക്കാള്‍ എട്ടിരട്ടിയാണു വേഗം.

ആകാശമാര്‍ഗമുള്ള ആക്രമണങ്ങള്‍ ചെറുക്കാന്‍ വ്യോമസേനയെ സജ്ജമാക്കാന്‍ ലക്ഷ്യമിട്ടാണ് എസ്- 400 ട്രയംഫ് ഇന്ത്യ വാങ്ങുന്നത്. റഷ്യയില്‍ നിന്ന് ഇവ ചൈന വാങ്ങിയതിനു പിന്നാലെയാണ്, അതേ ആയുധം സ്വന്തമാക്കാനുള്ള നടപടികള്‍ക്ക് ഇന്ത്യയും വേഗം കൂട്ടിയത്. സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വ്യോമസേനയുടെ ഏറ്റവും കരുത്തുറ്റ പ്രതിരോധ സംവിധാനമാകുമിതെന്നു സേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.യുഎസിന്റെ ഉപരോധം മറികടന്ന് വാങ്ങല്‍ സാധ്യമാക്കാന്‍ ഇന്ത്യയും റഷ്യയും ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. റഷ്യയുമായി തന്ത്രപ്രധാന പ്രതിരോധ ഇടപാടുകളിലേര്‍പ്പെടുന്നവര്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്തുന്ന യുഎസ് ചട്ടം മറികടക്കാനുള്ള നയതന്ത്ര ഇടപെടലുകളും ഇന്ത്യ നടത്തുന്നുണ്ട്.

റഷ്യയും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ ഇടപാടില്‍ യുഎസ് കരുതലോടെയാണു പ്രതികരിച്ചത്. തങ്ങളുടെ സഖ്യ രാഷ്ട്രങ്ങളുടെ പ്രതിരോധക്കരുത്ത് നശിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതല്ല ഉപരോധം. റഷ്യ, ഉത്തര കൊറിയ, ഇറാന്‍ എന്നിവയുമായി കരാറുകളില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങള്‍ക്കെതിരായ ഉപരോധം, ഇടപാടുകള്‍ അടിസ്ഥാനമാക്കിയാണു ചുമത്തുന്നത്. കര്‍ശന വ്യവസ്ഥകളോടെ ഇളവുകള്‍ അനുവദിക്കാറുണ്ടെന്നും യുഎസ് വ്യക്തമാക്കിയിരുന്നു.ലോക പ്രതിരോധ മേഖലയിലെ പ്രധാന ആയുധമായ എസ്-400 ട്രയംഫിന് ചൈനീസ് മിസൈലുകളെ വരെ തകര്‍ക്കാന്‍ ശേഷിയുണ്ട്. അമേരിക്കയ്ക്ക് പോലും പരീക്ഷിക്കാന്‍ കഴിയാത്ത ടെക്‌നോളജിയാണ് എസ്-400 ട്രയംഫില്‍ റഷ്യ ഉപയോഗിച്ചിരിക്കുന്നത്. അമേരിക്ക വികസിപ്പിച്ചെടുത്ത പാട്രിയട്ട് അഡ്വാന്‍സ്ഡ് കാപ്പബിലിറ്റി-3 (പിഎസി-3) സംവിധാനത്തേക്കാള്‍ എത്രയോ മുകളിലാണ് റഷ്യയുടെ എസ്-400 ട്രയംഫ് എന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. അമേരിക്കയുടെ നാല് പാട്രിയട്ട് ഡിഫന്‍സ് യൂണിറ്റിന് തുല്യമാണ് ഇന്ത്യ വാങ്ങുന്ന ഒരു എസ്-400 ട്രയംഫ്. പാട്രിയറ്റില്‍ നിന്ന് ചെരിച്ചാണ് മിസൈലുകള്‍ വിക്ഷേപിക്കുന്നത്. എന്നാല്‍ എസ്-400 ല്‍ നിന്ന് ലംബമായാണ് മിസൈലുകള്‍ തൊടുക്കുന്നത്. ഇതു തന്നെയാണ് എസ്-400 ന്റെ പ്രധാന ശക്തിയും.