സാമ്പത്തിക പ്രതിസന്ധിയുള്ള ഇന്ത്യക്കാർ പൊടിച്ചത് 19,000 കോടി രൂപ

സാമ്പത്തിക പ്രതിസന്ധിയുള്ള  ഇന്ത്യക്കാർ പൊടിച്ചത് 19,000 കോടി രൂപ


ഉത്സവ വിൽപനയുടെ ആദ്യ ആറ് ദിവസങ്ങളിൽ ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെയും നേതൃത്വത്തിൽ ഇന്ത്യയിൽ റെക്കോർഡ് കച്ചവടമാണ് നടന്നത്. 3 ബില്യൺ ഡോളർ (ഏകദേശം 19,000 കോടി രൂപ) ആണ് ഇരു കമ്പനികളും ചേര്‍ന്ന് സ്വന്തമാക്കിയത്. സെപ്റ്റംബർ 29 നും ഒക്ടോബർ 4 നും ഇടയിൽ നടന്ന ആറ് ദിവസത്തെ വിൽപനയിൽ ഫ്ലിപ്കാർട്ടും ആമസോണും വിപണി വിഹിതത്തിന്റെ 90 ശതമാനം ആധിപത്യം പുലർത്തിയെന്ന് ബെംഗളൂരു ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനം റെഡ്സീർ കൺസൾട്ടൻസി പറയുന്നത്. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ട്വിറ്റർ ഒന്നടങ്കം ചോദിക്കുന്നത് ഇന്ത്യയിൽ ശരിക്കും സാമ്പത്തിക പ്രതിസന്ധി ഉണ്ടോ എന്നാണ്.

ഉത്സവ വിൽപനയുടെ ആദ്യ പതിപ്പിൽ കണ്ട മുന്നേറ്റം കണക്കിലെടുക്കുമ്പോൾ, ഒക്ടോബർ മാസം മുഴുവൻ ഓൺലൈൻ വിൽപനയിൽ 6 ബില്യൺ ഡോളർ (39,000 കോടി രൂപ) വരെ വരുമാനം പ്രതീക്ഷിക്കുന്നു എന്നാണ്. ഇത് മിക്കവാറും ആമസോണും ഫ്ലിപ്കാർട്ടും പങ്കിടുമെന്നാണ് അവരുടെ കണക്കുകൾ പറയുന്നത്.

ഉത്സവ വിൽപനയിൽ ഫ്ലിപ്കാർട്ട് തുടർച്ചയായി മുന്നിട്ടുനിന്നു. വിൽപനയുടെ 60-62 ശതമാനവും ഫ്ലിപ്കാർട്ട് സ്വന്തമാക്കി. മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളിലെ ശക്തമായ പ്രകടനമാണ് ഫ്ലിപ്പ്കാർട്ടിന്റെ മുന്നറ്റത്തിനു കാരണമായത്. ശക്തമായ മൂല്യവില, ഉയർന്ന ഇഎംഐ ഓപ്ഷനുകൾ, വൈവിധ്യമാർന്ന ഉല്‍പന്നങ്ങൾ എന്നിവയാൽ ഫ്ലിപ്കാർട്ടും ആമസോണും മുന്നിട്ടുനിന്നു. വ്യാപകമായി ഉപഭോക്താക്കളിലേക്ക് എത്താൻ വിപണന തന്ത്രങ്ങൾ പുറത്തെടുത്തതും ഫ്ലിപ്കാർട്ടും ആമസോണും തന്നെയായിരുന്നു.

ആമസോൺ ഇന്ത്യയുടെ ജി‌എം‌വി 22 ശതമാനമാണ് (YOY). എന്നിരുന്നാലും ഇതിന്റെ വോളിയം വളർച്ചാ നിരക്ക് 30 ശതമാനത്തിൽ കൂടുതലാണ് (YOY). ഉത്സവ വിൽപനയുടെ ആദ്യ ദിവസങ്ങളിൽ പരിതസ്ഥിതി ഉണ്ടായിരുന്നിട്ടും ആമസോൺ ഏകദേശം 3 ബില്യൺ ഡോളറിന്റെ റെക്കോർഡ് വിൽപന നടത്തി. ഇത് ഓൺലൈൻ ഷോപ്പിംഗിനെക്കുറിച്ചുള്ള ഉപഭോക്തൃ വികാരം ബുള്ളിഷ് ആയി തുടരുന്നുവെന്ന് സൂചിപ്പിക്കുന്നു.എന്നാൽ ഈ റിപ്പോർട്ടുകളെല്ലാം ആമസോൺ ഇന്ത്യ നിരസിച്ചിട്ടുണ്ട്. കരുത്തുറ്റതും വിശ്വസനീയവുമല്ലാത്ത ഊഹക്കച്ചവട റിപ്പോർട്ടുകളെക്കുറിച്ച് ഞങ്ങൾക്ക് അഭിപ്രായം പറയാൻ കഴിയില്ല എന്നാണ് കമ്പനി വക്താവ് ഐ‌എ‌എൻ‌എസിനോട് പറഞ്ഞത്. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ (സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ) ഇന്ത്യൻ വിപണിയിൽ നിന്നുള്ള ആമസോണിന്റെ ഉപഭോക്താക്കളിൽ നിന്നുള്ള ഇടപാട് വിഹിതം 51 ശതമാനവും ഓർഡർ വിഹിതം 42 ശതമാനവും മൂല്യ വിഹിതം 45 ശതമാനവുമാണെന്ന് നീൽസന്റെ ഇ-അനലിറ്റിക്സ് കണക്കുകൾ പറയുന്നത്.

റെഡ്സീർ റിപ്പോർട്ട് അനുസരിച്ച്, ഉത്സവ വിൽപന കാലയളവിൽ വാർഷിക (YOY) വളർച്ച 30 ശതമാനമാണ്. ഈ വര്‍ഷം ടയർ II, III നഗരങ്ങളിലെ ഉപഭോക്താക്കളിൽ നിന്ന് ഗണ്യമായ പങ്ക് ലഭിച്ചിട്ടുണ്ട്. ഉത്സവ ദിവസങ്ങളിൽ ജി‌എം‌വിയുടെ 55 ശതമാനത്തിലധികം സംഭാവന ചെയ്തിരിക്കുന്നത് മൊബൈൽ വിഭാഗത്തിൽ നിന്നാണ്.നേരത്തെ രണ്ട് വൻകിട ഇ-കൊമേഴ്‌സ് കമ്പനികളായ ആമസോൺ ഇന്ത്യയും ഫ്ലിപ്കാർട്ടും അതാത് പ്ലാറ്റ്ഫോമുകളിലെ റെക്കോർഡ് ഇടപാടുകളുടെ കണക്കുകൾ പ്രഖ്യാപിച്ചിരുന്നു. പുതിയ ഉപഭോക്താക്കളെ, പ്രത്യേകിച്ചും ടയർ II, III നഗരങ്ങളിൽ നിന്ന് വിൽപന കാലയളവിൽ ചേർക്കുമെന്ന് അവർ പ്രഖ്യാപിച്ചിരുന്നു. ഉപഭോക്തൃ ഇലക്‌ട്രോണിക്‌സ്, സ്മാർട് ഫോണുകൾ, ഫാഷൻ, വലിയ ഉപകരണങ്ങൾ എന്നിവ ഈ വർഷം ചെറിയ നഗരങ്ങളിൽ നിന്നും പട്ടണങ്ങളിൽ നിന്നും ആവശ്യം ഉയർന്നതോടെയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.

99.4 ശതമാനം പിൻ‌കോഡുകളിൽ നിന്ന് ഓർഡറുകൾ ലഭിച്ചതായി ആമസോൺ ഇന്ത്യ അറിയിച്ചു. 500 ലധികം നഗരങ്ങളിൽ നിന്നുള്ള 65,000 വിൽപനക്കാർക്ക് ‘ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ’ വിൽപനയുടെ ആദ്യ പതിപ്പിന്റെ അഞ്ച് ദിവസത്തിനുള്ളിൽ ഓർഡറുകൾ ലഭിച്ചു. 15,000 ത്തോളം വിൽപനക്കാർ വിൽപന ഇരട്ടിയാക്കിയപ്പോൾ കോടികളുടെ ഇടപാട് നടത്തുന്നവരുടെ എണ്ണം 21,000 കവിഞ്ഞു.അടുത്ത 20 കോടി ഉപഭോക്താക്കളെ ഇ-കൊമേഴ്‌സ് മേഖലയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിടുന്നുവെന്ന് ഫ്ലിപ്പ്കാർട്ട് പറഞ്ഞു. ബിഗ് ബില്യൺ ഡെയ്‌സ് വിൽപന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 50 ശതമാനം വളർച്ച കൈവരിച്ചതായി ഫ്ലിപ്കാർട്ട് അറിയിച്ചു. ഫ്ലിപ്പ്കാർട്ട് പ്ലസ് ഷോപ്പർമാരിൽ 50 ശതമാനത്തിലധികം ചെറിയ നഗരങ്ങളിൽ നിന്നും പട്ടണങ്ങളിൽ നിന്നുമുള്ളവരാണ്. അതേസമയം ടയർ 3 നഗരങ്ങളിൽ നിന്നുള്ള വിൽപന 100 ശതമാനം വർധിച്ചു