ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് 100 വയസ്സ്

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് 100വര്‍ഷം പൂര്‍ത്തിയായി. നിരപരാധികളായ മനുഷ്യരുടെ സ്വാതന്ത്രവാഞ്ജയ്ക്കു മേല്‍ കൊളോണിയല്‍ വെടിയുണ്ടകള്‍ പെയ്തിറങ്ങിയ കറുത്ത ദിനം. പതിവുപോലെ ഖേദം പ്രകടിപ്പിക്കയല്ലാതെ നിരുപാധികം മാപ്പുപറയാന്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ ഇനിയും തയ്യാറായിട്ടില്ലെന്നത് ലജ്ജാകരമാണ്.1919 ഏപ്രില്‍ 13, അന്ന് വൈശാഖിയായിരുന്നു. വിഷു ദിനം. പുതുവര്‍ഷാരംഭം. കൊയ്ത്തുത്സവത്തിന്റെ സമയം.1699-ല്‍ ഗുരു ഗോബിന്ദ് സിങ് മുഗളര്‍ക്കെതിരേ പോരാടാന്‍ ഖല്‍സ സ്ഥാപിച്ച ദിനം. അന്ന് അമൃതസരസ്സിനു പുറത്തുള്ള ഗ്രാമങ്ങളില്‍ നിന്നുള്ളവരും സുവര്‍ണ ക്ഷേത്രത്തിലേക്കൊഴുകിയെത്തി. അന്ന് ഞായറാഴ്ചയുമായിരുന്നു. പട്ടാളനിയമം പ്രഖ്യാപിച്ചത് പരിഗണിക്കാതെ അഥവാ അറിയാതെ ആളുകള്‍ സായാഹ്ന സവാരിക്കായി പുറത്തിറങ്ങി. ബ്രിഗേഡിയര്‍ ജനറല്‍ ഡയറിന്റെ നിരോധനാജ്ഞ അവഗണിച്ച അമൃത്സറിലെ കൊണ്‍ഗ്രസ് നേതാക്കള്‍ ജലിയന്‍ വാലാബാഗ് മൈതാനത്ത് അന്നത്തേക്ക് പ്രതിഷേധ യോഗം വിളിച്ചു കൂട്ടിയിരുന്നു. ചേര്‍ന്നു കിടക്കുന്ന ഇഷ്ടികക്കെട്ടിടങ്ങള്‍ക്ക് നടുവിലായിരുന്നു മൈതാനം. പ്രധാന പ്രവേശനദ്വാരത്തിനു പുറമേ പുറത്തേക്ക് ചെറിയ നാലു വഴികള്‍. അവയെല്ലാം വീടുകളുടെ മുന്നിലൂടെ പോകുന്ന ഊടുപാതകളിലേക്കു തുറക്കുന്നതായതിനാല്‍ താഴിട്ടു പൂട്ടിയിരുന്നു. ശരിക്കുമൊരു കെണി പോലത്തെ ഒരു മൈതാനം അന്ന്. വൈകുന്നേരം 4.30-ന് യോഗം ആരംഭിച്ചു. പ്രതിഷേധക്കാര്‍ക്കു പുറമേ വൈശാഖി പ്രമാണിച്ച് തൊട്ടടുത്തുള്ള സുവര്‍ണ ക്ഷേത്രത്തില്‍ വന്നവരും കാറ്റു കൊള്ളാനിറങ്ങിയവരും കൗതുകത്തിനെത്തിയവരും ആ ജനസഞ്ചയത്തിലുണ്ടായിരുന്നു. വൈശാഖിക്കു സാധാരണയായി നടക്കാറുള്ള കാലിച്ചന്ത അധികാരികള്‍ ഉച്ചയ്ക്കു നിര്‍ത്താന്‍ ആവശ്യപ്പെട്ടതിനാല്‍ കാലിക്കച്ചവടക്കാരും കര്‍ഷകരും മറ്റും മൈതാനത്തിലേക്കിറങ്ങി. ഏകദേശം 15,000-നും 20,000-നും ഇടയിലുള്ള ആബാലവൃദ്ധം. വലിയ ബഹളങ്ങളൊന്നുമില്ലാതെ യോഗം തുടങ്ങി. പ്രാദേശിക നേതാക്കളായ ഹര്‍ദയാല്‍ റായ്, അബ്ദുള്‍ അസീസ് എന്നിവര്‍ സംസാരിച്ചു. രണ്ടു പ്രമേയങ്ങള്‍ അവിടെ കൈയടിച്ചു പാസാക്കി. ഏകദേശം 5.15-ന് ഡയര്‍ അവിടെയെത്തുന്നത്. 65 ഗൂര്‍ഖാ സൈനികരും 25 ബലൂചി സൈനികരും യന്ത്രത്തോക്കുകള്‍ വഹിച്ച രണ്ട് കവചിത വാഹനങ്ങളുമായി 55-കാരനായ ഡയര്‍ മൈതാനത്തേക്ക് മാര്‍ച്ചു ചെയ്തുവരികയായിരുന്നു. കൂട്ടം കൂടരുത് എന്ന തന്റെ ഉത്തരവ് നിഷേധിച്ചവരെ പാഠം പഠിപ്പിക്കാനുള്ള വ്യഗ്രതയും അമൃത്സറില്‍ ഏപ്രില്‍ 10-ന് ബ്രിട്ടീഷുകാര്‍ കൊല്ലപ്പെട്ടതിന്റെ അമര്‍ഷവും അയാളിലുണ്ടായിരുന്നിരിക്കണം.പട്ടാളക്കാരില്‍ അമ്പതുപേര്‍ ലീ എന്‍ഫീല്‍ഡ് ബോള്‍ട്ട് ആക്ഷന്‍ റൈഫിളുകള്‍ ധരിച്ചിരുന്നു. മൈതാനേത്തക്കുള്ള ഇടുങ്ങിയ കവാടം കടക്കാന്‍ കവചിത വാഹനങ്ങള്‍ പ്രയാസപ്പെട്ടപ്പോള്‍ അതുപേക്ഷിച്ച ഡയറും പട്ടാളക്കാരും ബാഗിലേക്ക് ചുവടുകള്‍വെച്ചു. മുഖ്യ കവാടം മറച്ച് മുന്നിലുള്ള സാമാന്യം ഉയര്‍ന്ന തിട്ടയില്‍ അയാള്‍ പട്ടാളക്കാരെ വിന്യസിച്ചു. മൈതാനത്തുള്ളവര്‍ ഇതുകണ്ടു. പട്ടാളം ഒന്നുംചെയ്യില്ലെന്ന നേതാക്കള്‍ അവരോടു പറഞ്ഞു കൊണ്ടിരുന്നു. പ്രത്യേകിച്ചൊരു മെഗാഫോണ്‍ വിളിച്ചുപറയലോ അകാശത്തേക്കുള്ള മുന്നറിയിപ്പു വെടിയോ ഡയര്‍ നടത്തിയില്ല. പകരം ആയാള്‍, മുരണ്ടു, ''ഫയര്‍''. മുട്ടു കുത്തിയിരുന്നു പട്ടാളക്കാര്‍ വെടിവെച്ചു. ജനം പരിഭ്രാന്തരായി ചിതറി യോടാന്‍ തുടങ്ങി. ഓടലുകള്‍ പിന്നെ രക്ഷപ്പെടാനുള്ള ഭ്രാന്തമായ പരക്കം പാച്ചിലുകളായി. ആളുകള്‍ കൂടുതല്‍ തിങ്ങിക്കൂടിയ ഇടത്തേക്കും പ്രാണരക്ഷാര്‍ഥം മതിലുപിടിച്ചു കയറാന്‍ ശ്രമിച്ചവര്‍ക്കും നേരെ വെടിവെക്കാന്‍ ഡയര്‍ ഉത്തരവിട്ടു. തിരയൊഴിയുമ്പോള്‍ വേഗം കുറയാതെ വെടിവെക്കാന്‍ അയാള്‍ പറഞ്ഞു കൊണ്ടിരുന്നു. ആളുകള്‍ ഈയാംപാറ്റകളെപ്പോലെ വെടി കൊണ്ടു വീണു. മരണപ്പാച്ചിലില്‍ ചിലര്‍ നിലത്തുവീണു ചവിട്ടേറ്റു മരിച്ചു. ചിലര്‍ മൈതാനത്തെ കിണറിലേക്കു ചാടി. മരങ്ങളില്‍ പ്രാണരക്ഷാര്‍ഥം കയറിയവര്‍ വെടിയേറ്റു വീണു. മതിലുകളില്‍ അള്ളിപ്പിടിച്ചു കയറാന്‍ ശ്രമിച്ചവരെ വെടിയുണ്ടകള്‍ വീഴ്ത്തി. ആര്‍ത്തനാദങ്ങളും ചോരച്ചാലുകളും ആ സായാഹ്നത്തെ കരാളമാക്കി. ഏകദേശം 10 മിനിറ്റ് വെടിവെപ്പ് നീണ്ടു. '.303' തിരകളുടെ 1650 റൗണ്ടുകള്‍. വെടിയുണ്ടകള്‍ തീര്‍ന്നപ്പോള്‍ വെടിവെപ്പു നിന്നു. കവചിത വാഹനങ്ങള്‍ക്ക് മൈതാനത്തേക്കു കയറാനാവുമായിരുന്നെങ്കില്‍ യന്ത്രത്തോക്കുകള്‍ തീതുപ്പിയേനേ എന്നു ഡയര്‍ ഹണ്ടര്‍ കമ്മിഷനു മുമ്പാകെ പിന്നീട് വെളിപ്പെടുത്തി. വെടിവെപ്പു കഴിഞ്ഞ ഉടനെ ഡ്യൂട്ടി കൃത്യമായി നിര്‍വഹിച്ച പട്ടാളക്കാരനെപ്പോലെ മനസ്സാക്ഷിക്കുത്തില്ലാതെ, പരിക്കേറ്റവരെ പരിഗണിക്കാതെ ഡയര്‍ മാര്‍ച്ചുചെയ്തു തിരിച്ചുപോയി. പരിക്കേറ്റവര്‍ തുണയില്ലാതെ, സഹായിക്കാനാരുമില്ലാതെ പിടഞ്ഞുമരിച്ചു. ചിലര്‍ ഇഴഞ്ഞുനീങ്ങി കവാടം താണ്ടി തെരുവില്‍ മരിച്ചു. പ്രാണജലത്തിനായി കേഴുന്നവരുടെ ശബ്ദം മൈതാനത്തുനിന്ന് ഉയരുന്നുണ്ടായിരുന്നുവെന്ന് കോണ്‍ഗ്രസ് കമ്മിറ്റിക്കു മുന്നില്‍ വന്ന ചില ദൃക്സാക്ഷികള്‍ മൊഴി കൊടുത്തിരുന്നു. കുട്ടികള്‍, ബാലന്മാര്‍, യുവാക്കള്‍, വൃദ്ധര്‍, സ്ത്രീകള്‍ എന്നിവരുടെ ശവങ്ങള്‍ കൂനകളായി കിടന്നു. കിണറ്റില്‍നിന്നുമാത്രം 120 പേരുടെ മൃതദേഹങ്ങള്‍ ലഭിച്ചു. നഗരം ഭയത്തിലമര്‍ന്നതിനാല്‍ മൈതാനത്തെ പരിക്കേറ്റ ഹതഭാഗ്യരെ സഹായിക്കാനോ മൃതദേഹം നീക്കാനോ ആരും എത്തിയില്ല.