ഇന്ത്യൻ നായകൻ  ഒന്നാമത്

ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി ടെസ്റ്റ് ബാറ്റ്സ്മാൻമാരുടെ ഐസിസി റാങ്കിങ്ങിൽ ഒന്നാമത് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെ പിന്തള്ളിയാണ് കോഹ്‍ലി ഒന്നാമതെത്തിയത്. ഏകദിന റാങ്കിങ്ങിൽ നേരത്തേതന്നെ ഒന്നാം സ്ഥാനത്തുള്ള കോഹ്‍ലി, സച്ചിൻ തെൻഡുൽക്കറിനു ശേഷം ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ്. സുനിൽ ഗാവസ്കർ, ദിലീപ് വെങ്‌സർക്കാർ, രാഹുൽ ദ്രാവിഡ്, വീരേന്ദർ സേവാഗ്, ഗൗതം ഗംഭീർ എന്നിവർ സച്ചിനു മുൻപ് ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തിയിട്ടുണ്ട്. അതേസമയം, ഏറ്റവും കൂടുതൽ റേറ്റിങ് പോയിന്റോടെ ഒന്നാം റാങ്കിലെത്തുന്ന ഇന്ത്യക്കാരനും കോഹ്‍ലിയാണ്.കരിയറിലെ ഏറ്റവും ഉയർന്ന റേറ്റിങ് പോയിന്റായ 934 പോയിന്റുമായാണ് കോഹ്‍ലി ഒന്നാം സ്ഥാനത്തേക്ക് ഉയർന്നത്. രണ്ടാം സ്ഥാനത്തുള്ള സ്മിത്തിന് 929 പോയിന്റാണുള്ളത്. ഇംഗ്ലണ്ട് പര്യടനത്തിനായി എത്തുമ്പോൾ റാങ്കിങ്ങിൽ രണ്ടാമതായിരുന്നു കോഹ്‍ലി. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ പ്രകടനം കോഹ്‍ലിയെ ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തിച്ചു. അതേസമയം, രണ്ടാം റാങ്കിലുള്ള സ്മിത്ത് സസ്പെൻഷൻ മൂലം കഴിഞ്ഞ മാർച്ച് മാസത്തിനുശേഷം കളത്തിലിറങ്ങിയിട്ടില്ല. കോഹ്‍ലി സ്മിത്തിനെ മറികടന്നതല്ലാതെ പുതിയ റാങ്കിങ്ങിലെ ആദ്യ പത്തിൽ മറ്റു മാറ്റങ്ങളില്ല. ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടാണ് പട്ടികയിൽ മൂന്നാമൻ. ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ നാലാമതും ഓസീസ് താരം ഡേവിഡ് വാർണർ അഞ്ചാമതുമുണ്ട്.