കുട്ടിക്രിക്കറ്റിന്റെ പുതിയ രൂപത്തിന് ഐ സി സിയുടെ അംഗീകാരം

കുട്ടിക്രിക്കറ്റിന്റെ പുതിയ രൂപത്തിന് ഐ സി സിയുടെ അംഗീകാരം കഴിഞ്ഞ സീസണില്‍ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് ഷാര്‍ജ കേന്ദ്രീകരിച്ച് ആരംഭിച്ച ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റിനാണ് ഐസിസി അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതോടെ ഐസിസിയുമായി സഹകരിക്കുന്ന സ്‌പോണ്‍സമാര്‍ക്കും ഏജന്‍സികള്‍ക്കും ടി10 ക്രിക്കറ്റ് ലീഗുമായി സഹകരിക്കാന്‍ വഴി തുറന്നിരിക്കുകയാണ്. ഈ വര്‍ഷം നവംബര്‍ 23നാണ് ടി10 ടൂര്‍ണമെന്റിന്റെ രണ്ടാം സീസണ്‍ ആരംഭിക്കുന്നത്. പത്തോവര്‍ വീതമുളള മത്സരത്തിന്റെ അവസാന ഓവറില്‍ പത്ത് പന്തുകളാണ് ഉള്ളത്. ഓരോ മത്സരവും 90 മിനിറ്റുകള്‍ക്കുള്ളില്‍ അവസാനിക്കും. ഷെയ്ന്‍ വാട്‌സണ്‍,റാഷിദ് ഖാന്‍, ഷാഹിദ് അഫ്രീദി, ശുഹൈബ് മാലിക്ക്, ബ്രണ്ടര്‍ മക്കല്ലം, സുനില്‍ നരെയെന്‍, ഡാരന്‍ സമ്മി തുടങ്ങിയവരാണ് ഈ ടൂര്‍ണമെന്റിന്റെ മുഖ്യ ആകര്‍ഷണം. കേരളത്തിന്റെ പേരിലും ഈ ടൂര്‍ണമെന്റില്‍ ടീമുണ്ട്. കേരള കിംഗ്‌സ് ആണ് ഈ ടൂര്‍ണമെന്റില്‍ കേരളത്തെ പ്രതിനിധീകരിക്കുന്നത്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മുഖ്യ സംഘാടകരായിട്ടുള്ള ടി10 ടൂര്‍ണമെന്റിന്റെ രണ്ടാം എഡിഷനില്‍ എട്ട് ടീമുകളാണ് ഏറ്റുമുട്ടുന്നത്.