സ്ത്രീകള്‍ക്കും വ്യവസായത്തില്‍ തിളങ്ങാം - വനിതാ സംരംഭകസമ്മേളനം

പുരുഷന്‍ സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിച്ചാല്‍ 'സ്വാതന്ത്ര്യദാഹി' എന്നു വിളിക്കുന്ന സമൂഹം സ്ത്രീ അങ്ങനെ ചെയ്താല്‍ 'തന്നിഷ്ടക്കാരി'യെന്നാണ് വിളിക്കുക വെല്ലുവിളികള്‍ നിറഞ്ഞ വ്യവസായ ലോകത്ത് സ്ത്രീകള്‍ക്കും തിളങ്ങാനാകുമെന്ന് കോഴിക്കോട് ഐ.ഐ.എമ്മില്‍ ചേര്‍ന്ന വനിതാ സംരംഭകർ.വ്യവസായ ലോകത്ത് സ്ത്രീകള്‍ക്ക് ശോഭിക്കാൻ സമൂഹത്തിന്റെ പിന്തുണ അനിവാര്യമാണെന്നും ഐ.ഐ.എമ്മില്‍ ചേര്‍ന്ന ശ്രദ്ധേയരായ വനിതാ സംരംഭകരുടെ സമ്മേളനം. കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷന്റെയും സംരംഭകത്വ വികസന കേന്ദ്രമായ ഐ.ഐ.എം.കെ. ലൈവിന്റെയും ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ ഒമ്ബത് യുവ വനിതാ സംരംഭകര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ പഠിക്കുകയും ഉന്നതവിദ്യാഭ്യാസം നേടുകയും ചെയ്ത വനിതകള്‍ ഏറ്റവും കൂടുതല്‍ വീട്ടിലിരിക്കുന്നത് ഇന്ത്യയിലാണെന്നത് വലിയ നാണക്കേടാണെന്ന് ഫോര്‍ച്യൂണ്‍ ഫാക്ടറിയുടെയും പ്രയാണ പ്രൈവറ്റ് ലിമിറ്റഡിന്റെയും സ്ഥാപകയും സി.ഇ.ഒ.യുമായ ചന്ദ്രവദന പറഞ്ഞു.പുരുഷന്‍ സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിച്ചാല്‍ 'സ്വാതന്ത്ര്യദാഹി' എന്നു വിളിക്കുന്ന അതേ സമൂഹം സ്ത്രീ അങ്ങനെ ചെയ്താല്‍ 'തന്നിഷ്ടക്കാരി'യെന്നാണ് വിളിക്കുകയെന്നും ഐക്യരാഷ്ട്ര സഭയുടെ വനിതാ ബിസിനസ് സംരംഭകര്‍ക്കുള്ള അവാര്‍ഡ് നേടിയിട്ടുള്ള ചന്ദ്രവദന പറയുന്നു .മറ്റുള്ളവരുമായി സൗഹൃദത്തോടെ ചര്‍ച്ചചെയ്തു മുന്നേറാനാണ് മത്സരാധിഷ്ഠിത ലോകത്ത് ശ്രദ്ധിക്കേണ്ടതെന്ന് മാതൃഭൂമി ക്ലബ്ബ് എഫ്.എം. പ്രോഗ്രാം ഹെഡ് മയൂര ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. കഠിനാധ്വാനം, അച്ചടക്കം, പ്രചോദനാത്മകമായ സമീപനം എന്നിവയോടെ മൂല്യങ്ങള്‍ സംരക്ഷിച്ചാണ് വിജയം നേടേണ്ടത്. ജനമനസ്സിനെ മാനേജ് ചെയ്യുകയെന്ന ബുദ്ധിമുട്ടേറിയ കാര്യമാണ് കമ്യൂണിക്കേഷന്‍ രംഗത്തുള്ളവര്‍ക്ക് ചെയ്യേണ്ടിവരുന്നത്. സ്ഥാപനത്തില്‍ എല്ലാവരും പരസ്പര ബഹുമാനത്തോടെ പ്രവര്‍ത്തിക്കുകയും മാറ്റങ്ങള്‍ കാലാനുസൃതമായി ഉള്‍ക്കൊള്ളുകയും ചെയ്യുമ്ബോഴാണ് സമൂഹത്തിന് ആ സ്ഥാപനംകൊണ്ട് പരമാവധി പ്രയോജനം ലഭിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.സ്ത്രീകള്‍ സംരംഭം തുടങ്ങിയാല്‍ വിജയിക്കുമോ എന്ന സംശയത്തോടെയാണ് സമൂഹം നോക്കുന്നതെന്നും കഠിനാധ്വാനംകൊണ്ട് അതിനെ അതിജീവിക്കണമെന്നും എയ്ക്ക ബയോ കെമിക്കല്‍സ് എം.ഡി. ആര്‍ദ്ര ചന്ദ്രമൗലി പറഞ്ഞു. റെയ്സ് ത്രീഡി എം.ഡി. അനുഭ സിന്‍ഹ, മുത്തുമണി സോമസുന്ദരന്‍, ശാലിനി ജെയിംസ്, ഇന്ദുമേനോന്‍, രേഖാ മേനോന്‍, സാറാ ജോണ്‍ കുറ്റൂക്കാരന്‍ തുടങ്ങിയവരും പരിപാടിയിൽ സംസാരിച്ചു.കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ. ഡോ. സജി ഗോപിനാഫ്, ഡോ. എം.എസ്.എ. കുമാര്‍, കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷന്‍ ഭാരവാഹികളായ ക്യാപ്റ്റന്‍ ഹരിദാസ്, എം.എ. മെഹബൂബ്, കെ.എ. അജയന്‍, അനില്‍ ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു. ഐ.ഐ.എം. ഡയറക്ടര്‍ ഡോ. ദേബാഷിഷ് ചാറ്റര്‍ജിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത് . പുരോഗമനപരമായി ചിന്തിക്കുകയും വിദ്യാഭ്യാസത്തില്‍ മുന്നേറ്റം നേടുകയും ചെയ്യുന്ന കേരളസമൂഹത്തില്‍നിന്ന് കൂടുതല്‍ സംരംഭകരുണ്ടാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.