മൈക്രോവേവ് അവ്നിൽ നോൺ വെജ് പാചകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ


മൈക്രോവേവ് അവ്നിൽ നോൺ വെജ് പാചകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ ?


ആഹാരം ചൂടാക്കാൻ മാത്രമല്ല ഇറച്ചി, മീന്‍, മുട്ട, മത്സ്യം, പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്തിയുള്ള പാചകരീതികൾക്കും മൈക്രോവേവ് അവ്ൻ ഉപയോഗിക്കുന്നു. ഇതിന് പാർശ്വഫലങ്ങളും ഉണ്ട്. ഏറ്റവും പ്രധാനം ശരിയായ ഊഷ്മാവിൽ ആഹാരം പാകം ചെയ്തില്ലെങ്കിൽ ഉപദ്രവകാരിയായ ബാക്ടീരിയ നശിച്ചു പോകാത്തതു കൊണ്ടു ഭക്ഷ്യജന്യ രോഗ സാധ്യത കൂടും എന്നതാണ്.മൈക്രോവേവ് അവ്നിൽ മിനിറ്റുകൾക്കുള്ളിൽ ആഹാരം വേകുന്നതിനു പ്രധാന കാരണം അതിന്റെ ഹൈപവർ എനർജി ലെവൽ ആണ്. ഉയർന്ന ഈർപ്പ സാന്നിധ്യം ഉള്ള മത്സ്യം, മാംസം, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവയാണു ഹൈപവർ കുക്ക് ചെയ്യാൻ ഏറ്റവും ഉത്തമം. മുട്ട, ചീസ്, സോളിഡ്മീറ്റ് എന്നിവ പാകം ചെയ്യുമ്പോൾ കട്ടിപിടിക്കൻ സാധ്യതയുള്ളതു കൊണ്ട് അതു കുറഞ്ഞ പവറിലെ പാകം ചെയ്യാവൂ. വലിയ കഷണങ്ങളായി നുറുക്കിയ ഇറച്ചിക്കഷണങ്ങള്‍ മീഡിയം പവറില്‍ കുറെ സമയമെടുത്ത് സാവധാനം പാകം ചെയ്യുക. ഒന്നു മുതൽ ഒന്നര ഇഞ്ച് ആഴത്തിൽ മാത്രമേ മൈക്രോവേവുകൾക്ക് ആഴ്ന്നിറങ്ങാനാകൂ.

ശരിയായ ഊഷ്മാവിൽ മൈക്രോവേവ് അവ്നിൽ പാകം ചെയ്താല്‍ മറ്റെല്ലാം അവ്നിലും പാകം ചെയ്യുമ്പോൾ ബാക്ടീരിയ നശിക്കുന്നതുപോലെ ഇതിലും നശിക്കപ്പെടുന്നു. എന്നാല്‍ കൺവെൻഷൻ അവ്നിനെ അപേക്ഷിച്ച് അത്ര ഒരേപോലെ വെന്തുവരില്ല. അതുകൊണ്ടു വറുക്കുമ്പോഴും ഗ്രിൽ ചെയ്യുമ്പോഴും പല പ്രാവശ്യം തിരിച്ചും മറിച്ചും വച്ച് എല്ലാ ഭാഗവും ഒരേപോലെ പാകം ചെയ്യാം.ഒരുപോലെ പാകം ചെയ്യാൻ ആഹാരം ഒരു പാത്രത്തിൽ നിരത്തിവച്ച് മൂടിവയ്ക്കുക. വലിയ ഇറച്ചിക്കഷണങ്ങൾ ആണെങ്കിൽ എല്ലുകൾ മാറ്റുന്നതാണ് ഉത്തമം. പാത്രം ഒരു പ്ലാസ്റ്റിക് മൂടിയോ അടപ്പോ കൊണ്ട് ആവശ്യത്തിന് സ്ഥലം ഇട്ട് മൂടി വയ്ക്കുക. അടപ്പ്/പ്ലാസ്റ്റിക് മൂടി ആഹാരത്തെ സ്പർശിക്കരുത്. ആവി വെളിയിൽ പോകുന്നതിന് അല്പം ഇട ഇടുക.

ഹൈപവർ എനർജി/ഹീറ്റ് അവ്ൻ ഓഫ് ചെയ്തതിനു ശേഷവും ഈ എനർജി ലെവൽ അവ്ന്റെ ഉള്ളിൽ തന്നെ തങ്ങിനില്ക്കും. (ഈ സമയത്തിനെയാണ് ‘സ്റ്റാൻഡിങ് ടൈം’ അല്ലെങ്കിൽ റെസ്റ്റിങ് ടൈം എന്നു പറയുന്നത്. അതുകൊണ്ട് അവ്ൻ ഓഫ് ചെയ്തതിനു ശേഷവും ആഹാരം ആവ്നിൽ തന്നെ 3–4 മിനിറ്റ് വയ്ക്കുക. ബ്രഡ്, പച്ചക്കറികൾ, ഫ്രൂട്ട് എന്നിവ പാകം ചെയ്യുമ്പോള്‍ ഇതിന്റെ ആവശ്യമില്ല.യാതൊരു കാരണവശാലും ഇറച്ചി, മീൻ, മുട്ട എന്നിവ പകുതി പാകം ചെയ്തതിനു ശേഷം മാറ്റിവയ്ക്കരുത്. ഇതു ബാക്ടീരിയ ഉണ്ടാകാൻ സാധ്യത കൂട്ടുന്നു. മൈക്രോവേവ് ഉടനെ ഉപയോഗിക്കാൻ പറ്റില്ലെങ്കിൽ ഉദാഹരണത്തിന് കറന്റു പോകുക. ഉടൻ മറ്റു രീതികളിൽ പാചകം പൂർത്തിയാക്കുക.

സ്റ്റഫ്ഡ് ചിക്കൻ മൈക്രോവേവ് അവ്നിൽ പാകപ്പെടുത്താത്തതാണുത്തമം. ഫ്രോസൺമീറ്റ്, ഫിഷ് എന്നിവ ഡീഫ്രോസ്റ്റ് ചെയ്യുമ്പോൾ അതിന്റെ പ്ലാസ്റ്റിക് പൂർണമായും മാറ്റണം. കാരണം ഉയർന്ന ഊഷ്മാവിൽ പല ഉപദ്രവകാരികളായ രാസവസ്തുക്കളും ആഹാരപദാർഥത്തിൽ കലരുന്നു. പല പ്രാവശ്യം മറിച്ചും തിരിച്ചും ഇടുക. ഡീഫ്രോസ്റ്റ് ചെയ്യുന്ന ഉടനെ പാകം ചെയ്യു‌ക. കാരണം ഡിഫ്രോസ്റ്റ് ചെയ്യുമ്പോള്‍ ചില ഭാഗം വേകാന്‍ തുടങ്ങും. ആഹാരം ചൂടാക്കുമ്പോൾ ആവി വെളിയിൽ പോകുന്നതരം അടപ്പുകൊണ്ടു മൂടുക. മൈക്രോവേവിൽ ഉപയോഗിക്കാവുന്ന പാത്രം മാത്രം ഉപയോഗിക്കുക.