രോഗങ്ങളെ അകറ്റിക്കൂടെ ഇങ്ങനെ

ലോകജനസംഖ്യയുടെ പകുതയോളം പേർക്കും ഉചിതമായ ആരോഗ്യസംരക്ഷണം ലഭിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. കാരണം വേറൊന്നുമല്ല – പരിമിതമായ വരുമാനം തന്നെ. അതില്‍ നിന്ന് ചികിത്സയ്ക്കുളള ചെലവ് മാറ്റിവയ്‌ക്കേണ്ടി വരുന്നതിനാൽ 2010-ല്‍ ലോകത്തുളള 100 ദശലക്ഷം പേരും കൊടുംപട്ടിണിയിലേക്ക് പതിച്ചു. സാമ്പത്തികമായി പിന്നാക്കമുള്ള രാജ്യങ്ങളിലെ 13 ദശലക്ഷം പേരാണ് എഴുപത് വയസ്സാകുന്നതിനുമുമ്പ് ഹൃദയധമനീരോഗങ്ങൾ‍, ശ്വാസകോശ രോഗങ്ങൾ‍, പ്രമേഹം, അര്‍ബുദം തുടങ്ങിയവ മൂലം മരിച്ചത്. ലോകാരോഗ്യ സംഘടന 2016-ല്‍ നടത്തിയ കണക്കെടുപ്പ് പ്രകാരം പ്രതിദിനം ലോകത്തുളള 15000 കുട്ടികള്‍ അഞ്ച് വയസ്സെത്തുന്നതിനുമുമ്പ് മരിക്കുന്നു. ഏറെ ഞെട്ടിപ്പിക്കുന്ന ഈ കണക്കുകളുടെ വെളിച്ചത്തില്‍ കഴിഞ്ഞവര്‍ഷം ജനീവയില്‍ കൂടിയ 71–ാം വേള്‍ഡ് ഹെല്‍ത്ത് അസംബ്ലി 2023-ഓടെ കൂടുതൽ പേരുടെ ജീവന്‍ രക്ഷിക്കാനുളള ക്രിയാത്മക മാര്‍ഗങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഒരുക്കങ്ങള്‍ നടത്തി. ഭൂമുഖത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെടുന്നത് ഹൃദയധമനീരോഗങ്ങള്‍ കൊണ്ടുതന്നെ, അതുകഴിഞ്ഞാല്‍ മസ്തിഷ്‌ക്കാഘാതം, ശ്വാസകോശരോഗങ്ങൾ‍, വയറിളക്കമുണ്ടാക്കുന്ന രോഗങ്ങള്‍ എന്നിങ്ങനെ പോകുന്നു പട്ടിക. ലോകത്ത് ഏറ്റവും കൂടുതല്‍ ക്ഷയരോഗികളുളളത് ഇന്ത്യയിലാണ്. ലോകത്തുളള 9.2 ദശലക്ഷം ക്ഷയരോഗികളില്‍ 1.9 ദശലക്ഷം പേരും ഇന്ത്യയില്‍ത്തന്നെ. ഇന്ത്യയില്‍ 2.5 ദശലക്ഷം എച്ച്ഐവി രോഗബാധിതരുണ്ട്. എല്ലാവര്‍ഷവും 1.5 ദശലക്ഷം പേര്‍ക്കാണ് ഇവിടെ മലേറിയ ബാധിക്കുന്നത്. ലോകത്തുണ്ടാകുന്ന മൂന്നിലൊന്ന് മലമ്പനി രോഗങ്ങളും ഇവിടെത്തന്നെ. 2007-ല്‍ നടത്തിയ പഠനപ്രകാരം ലോകത്തുളള കുഷ്ഠരോഗികളില്‍ പകുതിപ്പേരും ഇന്ത്യയിലാണ്. മഞ്ഞപ്പിത്തം പടര്‍ത്തുന്ന ഹെപ്പറ്റൈറ്റിസ് ബി വാഹകരായിട്ടുളളവര്‍ 35 ദശലക്ഷത്തിലേറെ. ഇന്ത്യയില്‍ ഭൂരിപക്ഷം പേരും (62 %) മരിക്കുന്നത് അസാംക്രമികരോഗങ്ങള്‍ കൊണ്ടാണ്. ഹൃദ്രാഗം, സ്‌ട്രോക്ക്, പ്രമേഹബാധ, കാന്‍സര്‍ എന്നീ അസാംക്രമിക രോഗങ്ങള്‍ വരുംകാലങ്ങളില്‍ കൂടുതല്‍ ഇന്ത്യക്കാരെ കൊന്നൊടുക്കും. അതുകഴിഞ്ഞാല്‍ 38% ഇന്ത്യക്കാരും മരിക്കുന്നത് സാംക്രമികരോഗങ്ങൾ‍, പ്രസവസംബന്ധമായ രോഗാവസ്ഥകള്‍ തുടങ്ങിയവ മൂലമാണ്. വാഹനാപകടങ്ങള്‍ കൊണ്ടും മറ്റു രോഗാതുരതകള്‍ മൂലവും ബാക്കിയുളളവര്‍ മൃത്യുവിനിരയാകുന്നു. ഭക്ഷണത്തേക്കാള്‍ മരുന്നിനു പണം ചെലവഴിക്കുന്നവരാണ് മലയാളികള്‍ എന്നതാണ് ഈയിടെ നടന്ന ചില കണക്കെടുപ്പുകളുടെ ഫലം. സമഗ്രവും സമ്പൂര്‍ണ്ണവുമായ ആരോഗ്യസംരക്ഷണത്തിന് വലിയ ഒരാശുപത്രിയും മികച്ച ഡോക്ടര്‍മാരും അടുത്തുണ്ടായാല്‍ മതി എന്നതാണ് ശരാശരി മലയാളിയുടെ ചിന്ത. ഈ വീക്ഷണഗതി ശരിയല്ല. ആശുപത്രിയുടെ വലിപ്പത്തിലും ഡോക്ടര്‍മാരുടെ ബിരുദത്തിലും അമിതവിശ്വാസം പുലര്‍ത്തുന്ന നാം കാതലായ പല അടിസ്ഥാന സത്യങ്ങളും കാണാതെ പോകുന്നു. ആഹാരപദാര്‍ത്ഥങ്ങളിലെ മായവും വിഷചേരുവകളുമാണ് കേരളീയരെ അലട്ടുന്ന മറ്റൊരു വലിയ പ്രശ്‌നം. മലയാളികളുടെ ഭക്ഷണഭ്രാന്ത് മനസ്സിലാക്കിയ അയല്‍സംസ്ഥാനങ്ങള്‍ ആവുംവിധം വ്യാജന്മാരെ ഇങ്ങോട്ടിറക്കുമതി ചെയ്യുന്നു. ഹോര്‍മോണ്‍ കുത്തിവച്ച കോഴി, ഫോര്‍മാലിനും അമോണിയയും കലര്‍ത്തിയ മത്സ്യം, കീടനാശിനികള്‍ വിതറിയ പഴങ്ങളും പച്ചക്കറികളും, മറ്റു വിലകുറഞ്ഞ എണ്ണകള്‍ കലര്‍ത്തിയ വെളിച്ചെണ്ണ, അങ്ങനെ പോകുന്നു നീണ്ട പട്ടിക. വിഷപൂരിതമായ വായുവും ജലവും ഭക്ഷണവും ഉള്‍ക്കൊണ്ട് അര്‍ബുദം മുതല്‍ ഹൃദ്രോഗം വരെ ഉണ്ടാകുന്നവര്‍ ആശുപത്രികളിലേക്ക് നെട്ടോട്ടമാണ്. കൃത്രിമപാൽ‍, മായം ചേര്‍ന്ന തേയിലപ്പൊടി, അശുദ്ധമായ പ്ലാസ്റ്റിക് കണികകള്‍ അടങ്ങിയ കുടിവെളളം എന്നിവയാണ് ഇപ്പോഴത്തെ പുതിയഭീഷണികൾ. വീട്ടില്‍ ശുദ്ധഭക്ഷണമുണ്ടാക്കി കഴിക്കാനുള്ള മടി മൂലം കേരളത്തിന്റെ നിരത്തുകൾ ഭക്ഷണ വിതരണക്കാരെ കൊണ്ട് നിറയുകയാണ് ഇപ്പോൾ. രാജ്യത്തെ 61.8 % മരണവും ജീവിതശൈലീ രോഗങ്ങള്‍ മൂലമാണ്. ഇതു തന്നെയാണ് കേരളവും അഭിമുഖീകരിക്കുന്ന പ്രധാന ഭീഷണി. അതില്‍ ഹൃദ്രോഗബാധയാണ് പ്രഥമസ്ഥാനത്ത്. കേരളത്തില്‍40% പേര്‍ക്ക് രക്താതിമര്‍ദ്ദമുണ്ട്, 45 % പേര്‍ക്ക് വര്‍ദ്ധിച്ച കൊളസ്ട്രോളും, 30 % പേര്‍ക്ക്പ്ര മേഹബാധയുമുണ്ട്. 15 % പേര്‍ മാത്രമാണ് ഇവ നിയന്ത്രണ വിധേയമാക്കുന്നത്. കൂടാതെ അമിതവണ്ണം കേരളീയരെ കൊല്ലാനെത്തിയ പുതിയ രോഗാതുരതയാണ്. ഇന്ത്യയില്‍ ഹൃദയധമനീരോഗങ്ങള്‍ മൂലം മരിക്കുന്നത് 29 % പേരെങ്കില്‍ കേരളത്തില്‍ ഇത് 40 ശതമാനമാണ്. കേരളത്തില്‍ പ്രതിവര്‍ഷം 63,000 പേര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നു. ഹാര്‍ട്ടറ്റാക്കിന്റെ പ്രധാന ചികിത്സയായ ആന്‍ജിയോപ്ലാസ്റ്റി ചെയ്യാന്‍ സൗകര്യമുളള ആശുപത്രികളുടെ എണ്ണം സംസ്ഥാനത്ത് പെരുകുകയാണ്. ഇതിന് അറുതി വരണം.