ഓട്‌സ് കൊണ്ടുള്ള ഗുണങ്ങൾ

ഓട്‌സ്  കൊണ്ടുള്ള  ഗുണങ്ങൾ 

ഓട്‌സ്' എന്നത് നമ്മുടെയൊക്കെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടാന്‍ തുടങ്ങിയിട്ട് വളരെ കുറച്ച് വര്‍ഷങ്ങളേ ആയിട്ടുള്ളൂ. പത്തിരുപതുകൊല്ലം മുന്‍പ് ദോശ, ഇഡ്ഡലി, പുട്ട്, അപ്പം, ഇടിയപ്പം, ഉപ്പുമാവ് എന്നിവയൊക്കെ തന്നെയായിരുന്നു പ്രധാനപ്പെട്ട പ്രാതല്‍ വിഭവങ്ങള്‍. പക്ഷേ, വിദേശരാജ്യങ്ങള്‍ ഏറെ പണ്ടുതന്നെ 'ഓട്‌സ്' അവരുടെ ഭക്ഷണരീതിയില്‍ ചേര്‍ത്തിരുന്നു. യൂറോപ്പിലും അമേരിക്കയിലും ധാരാളമായി കണ്ടുവരുന്ന ഒരു ധാന്യമാണ് ഇത് എന്നതുകൊണ്ടാണത്.

ഏത് പ്രായക്കാര്‍ക്കും കഴിക്കാന്‍ പറ്റിയ ഭക്ഷണമാണ് ഓട്‌സ്. പല്ലുകളില്ലാത്ത കൊച്ചുകുട്ടികള്‍ക്ക് ഓട്‌സ് കാച്ചി, നന്നായി കുറുക്കി പഴത്തിന്റെയും പാലിന്റെയും ഒപ്പം കൊടുക്കാറുണ്ട്. പാലിനോടൊപ്പം ചേരുമ്പോള്‍ ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ വര്‍ധിക്കുകയാണ് ചെയ്യുന്നത്. അതുവഴി കുഞ്ഞുങ്ങള്‍ക്ക് ഇരട്ടിഫലം കിട്ടുകയും ചെയ്യുന്നു. എല്ലുകള്‍ക്കും പല്ലുകള്‍ക്കും കൂടുതല്‍ ബലംകിട്ടാന്‍ സഹായിക്കുന്ന ഭക്ഷണമാണ് ഓട്‌സ്. ഇതിലുള്ള ഫോസ്ഫറസും മാംഗനീസും ആണ് ഇതിന് സഹായിക്കുന്നത്.

എന്താണ് ഓട്‌സ്?

തണുപ്പുള്ള കാലാവസ്ഥയില്‍ നന്നായി വളരുന്ന ഒരു ധാന്യമാണ് ഓട്‌സ്. ഇന്ത്യയില്‍ ധാരാളമായി ഓട്‌സ് കൃഷി കാണപ്പെടുന്നത് ഉത്തര്‍പ്രദേശിലും പഞ്ചാബിലുമാണ്. വളക്കൂറും നീര്‍വാര്‍ച്ചയുമുള്ള കളിമണ്‍പ്രദേശങ്ങളാണ് ഇതിന്റെ വളര്‍ച്ചയ്ക്ക് അനുയോജ്യം. ഓട്‌സ് സാധാരണയായി തനിവിളയായി ആണ് കൃഷിചെയ്യുന്നത്.

വടക്കന്‍ ഗുജറാത്തില്‍ ഓട്‌സിനോടൊപ്പം ചെറുകടുകും കൃഷിചെയ്യാറുണ്ട്. മൂന്നുമാസം കഴിയുമ്പോഴേക്കും വിളവെടുക്കാം.

നല്ലയിനം ഓട്‌സിനെ 'കെന്റ്' എന്ന് വിളിക്കുന്നു. ഗോതമ്പില്‍ അടങ്ങിയിരിക്കുന്നതിനെക്കാള്‍ ജീവകങ്ങള്‍ ഇതിലുണ്ട്. ഇതിന്റെ മൃദുവായ തണ്ടുകള്‍, ഇലകള്‍ എന്നിവ കന്നുകാലികളുടെ ഭക്ഷണമാണ്. ധാന്യത്തിനായി വിളവെടുക്കുമ്പോള്‍ ചെടികള്‍ക്ക് പച്ചനിറമുള്ളപ്പോള്‍ത്തന്നെ നിലംപറ്റെ കൊയ്‌തെടുക്കുന്നു. നന്നായി വിളഞ്ഞാല്‍ കൊയ്‌തെടുക്കുമ്പോള്‍ ധാന്യം കൊഴിഞ്ഞുപോകാനിടയുണ്ട്.

ധാന്യം മില്ലില്‍ കുത്തിയെടുത്ത് പ്രഭാതഭക്ഷണത്തിന് ഉപയോഗിക്കുന്നു. ഗോതമ്പില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ ബി 1, ബി 2, ഇ എന്നീ ജീവകങ്ങള്‍ ഇതിലുണ്ട്. റഷ്യ പോലെയുള്ള രാജ്യങ്ങളാണ് ഓട്‌സ് കൃഷിയില്‍ മുന്നില്‍.

ഓട്‌സിന്റെ മറ്റു ഗുണങ്ങള്‍

ഓട്‌സ് ദിവസവും ശീലമാക്കിയാല്‍ അത് ആരോഗ്യത്തിന് നല്‍കുന്ന ഗുണം ചില്ലറയല്ല. പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഓട്‌സ് മികച്ചതാണ്. കൊളസ്‌ട്രോള്‍കൊണ്ട് ബുദ്ധിമുട്ടുന്നവരോട് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ഒരു ഭക്ഷണപദാര്‍ഥമാണ് ഓട്‌സ്.

ഓട്‌സില്‍ അടങ്ങിയിട്ടുള്ള ഫൈറ്റോ കെമിക്കല്‍സും ഫൈറ്റോ ഈസ്ട്രജന്‍സും അസുഖങ്ങളെ തടയാന്‍ സഹായിക്കുന്നു എന്നതുതന്നെയാണ് ഓട്‌സ് നിര്‍ദേശിക്കപ്പെടുന്നതിന്റെ പിന്നിലെ രഹസ്യം. ഇവയെ കൂടാതെ ഇരുമ്പ്, സെലേനിയം, തയാമിന്‍, മഗ്‌നീഷ്യം, വൈറ്റമിന്‍ബി, വൈറ്റമിന്‍ഇ, പ്രോട്ടീന്‍, സിങ്ക്, മാംഗനീസ്, കാത്സ്യം എന്നിവയും ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്. ഓര്‍മശക്തി വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഘടകങ്ങളാണ് ഇരുമ്പ്, വൈറ്റമിന്‍ബി, ഇ, സെലേനിയം, സിങ്ക് എന്നിവ. ശരീരത്തിലെ 'ബൈല്‍ ആസിഡു'കളെ തടഞ്ഞ് ശരീരത്തിലുണ്ടാകുന്ന വിഷാംശം കുറയ്ക്കാന്‍ ഓട്‌സിന് കഴിയും. ഇതേകാരണം കൊണ്ടുതന്നെയാണ് കാന്‍സറിനെ ചെറുത്തുനില്‍ക്കാനുള്ള കഴിവ് ഓട്‌സിനുണ്ട് എന്ന് പറയപ്പെടുന്നത്. ഓട്‌സില്‍ ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്ന 'ലൂബ്രിക്കേറ്റിങ് ഫാറ്റ്' ഉണ്ട്. ഇത് അള്‍ട്രാ വയലറ്റ് രശ്മികളെ ചെറുത്തുനിര്‍ക്കാന്‍ സഹായിക്കും.

നാരുകള്‍ ഒരുപാട് അടങ്ങിയിട്ടുള്ള ഒരു സമ്പൂര്‍ണ ആഹാരമാണ് ഓട്‌സ്. അതിനാല്‍ത്തന്നെ പെട്ടെന്ന് ദഹിക്കാന്‍ പറ്റുന്ന ഭക്ഷണം കൂടിയാണ്. ഓട്‌സില്‍ അടങ്ങിയിട്ടുള്ള 'കാര്‍ബോഹൈഡ്രേറ്റ്' ആണ് ഓട്‌സിന് പിന്നിലുള്ള ശക്തിസ്രോതസ്സ്. ഓട്‌സില്‍ ശരാശരി 68 ശതമാനം കാര്‍ബോഹൈഡ്രേറ്റ് ആണെങ്കില്‍ 12 ശതമാനത്തോളം നാരുകളാണ്. മലബന്ധം ഒഴിവാക്കാനും ദഹനത്തിനും ഓട്‌സിലെ ഫൈബര്‍ സഹായിക്കും.

ഓട്‌സ് കഴിക്കുന്നതുവഴി ദഹനപ്രക്രിയ ത്വരിതപ്പെടുകയും നമുക്ക് വിശപ്പ് പെട്ടെന്ന് മാറി എന്ന തോന്നല്‍ ഉണ്ടാക്കുകയും ചെയ്യും. ഡയറ്റിങ് ചെയ്യുമ്പോള്‍ ഓട്‌സ് ഉള്‍പ്പെടുത്തുന്നതിന് പിന്നിലുള്ള കാരണമിതാണ്.

ഓട്‌സ് എന്നത് പോഷകങ്ങളുടെ കലവറയാണ്. ഓട്‌സ് വിപണനം വര്‍ധിപ്പിക്കാനായി പലവിധത്തിലുള്ള ഫ്‌ലേവറുകളും കളറുകളും മറ്റും ചേര്‍ത്ത നിരവധി ബ്രാന്‍ഡുകളില്‍ ഉള്ള ഓട്‌സ് ഇന്ന് വിപണിയില്‍ കാണാം. പലപ്പോഴും അമിതമായി ഷുഗര്‍ ചേര്‍ത്തതാണ് ഫ്‌ലേവറുകളുള്ള ഇനം. അതിനാല്‍, ഓട്‌സ് വാങ്ങുമ്പോള്‍ യാതൊരുവിധ ഫ്‌ലേവറുകളും ചേര്‍ക്കാത്ത ഓട്‌സ് വാങ്ങുക. പ്ലെയിന്‍ ഓട്‌സ് തന്നെയാണ് മികച്ചത്.

ഓട്‌സ് പരസ്യങ്ങളിലെ, പാക്കറ്റുകളില്‍ വളരെയധികം ആകര്‍ഷകമായ രീതിയില്‍ ടോപ്പിങ്ങുകള്‍ ചേര്‍ത്തിരിക്കുന്നതായി കാണാം. എന്നാല്‍, നിങ്ങളുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കി മാത്രം 'ടോപ്പിങ്‌സ്' ചേര്‍ക്കുക. പഞ്ചസാര ചേര്‍ക്കുന്നത് വഴി രുചി കൂടും പക്ഷേ, പാര്‍ശ്വഫലങ്ങളും ഉണ്ടാകും. ഏറ്റവും ആരോഗ്യകരമായ ടോപ്പിങ്‌സ് നൈസര്‍ഗികമായ പഴങ്ങള്‍ തന്നെയാണ്. തേന്‍, മേപ്പിള്‍ സിറപ്പ് എന്നിവ ചേര്‍ക്കുന്നതും കാണാറുണ്ട്. ഇവ ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് ചെയ്യുക. ഇങ്ങനെ മധുരത്തിന്റെ അധിക കലോറി ശരീരത്തില്‍ എത്തിച്ചേരുകയും ഓട്‌സ് വഴി മെലിയാം എന്ന് വിചാരിച്ചിട്ടുണ്ടെങ്കില്‍ അതിന് വിപരീതമായിത്തീരുകയും ചെയ്യും.

മധുരം അധികം ഇല്ലാത്തത് തിരഞ്ഞെടുക്കാന്‍ പ്രായമായവരും ഷുഗറിന്റെ ശല്യമുള്ളവരും ശ്രദ്ധിക്കുക. എന്നാല്‍, കുഞ്ഞുങ്ങള്‍ക്ക് ഓട്‌സ്, പഴവും സ്‌ട്രോബെറിയും ബ്ലൂബെറിയും മറ്റും ചേര്‍ത്ത് നല്‍കുന്നത് അവരുടെ രസമുകുളങ്ങളെ ഓട്‌സിലേക്ക് ആകര്‍ഷിക്കാനും ആരോഗ്യ പരിപാലനത്തിനും നല്ലതാണ്

അല്‍പ്പം ഓട്‌സ് പൊടിച്ച് അല്‍പ്പം തേന്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ചുപിടിപ്പിക്കണം. പത്ത് മിനിറ്റെങ്കിലും മസ്സാജ് ചെയ്യണം. ഇങ്ങനെ ചെയ്യുന്നതുവഴി ചര്‍മം വൃത്തിയാകുകയും, തിളങ്ങുകയും ചെയ്യും. മാത്രമല്ല, മൂക്കില്‍ കാണുന്ന ബ്ലാക് ഹെഡ്‌സ് നീക്കം ചെയ്യുകയും ചെയ്യും.

ഓട്‌സും തേനും തൈരും ചേര്‍ത്ത് ഫെയ്‌സ് പാക്കായി ഉപയോഗിക്കാം. ഇത് നമ്മുടെ ചര്‍മത്തിന്റെ തിളക്കം വര്‍ധിക്കുന്നതിന് സഹായിക്കുന്നു. ഓട്‌സ് വെള്ളംചേര്‍ത്ത് മിശ്രിതമാക്കി തലയില്‍ തേച്ചാല്‍ താരനും മുടികൊഴിച്ചിലും കുറയും.


Qualities Of Oats