ചെളിവെള്ളത്തിലൂടെ നടക്കുന്നുണ്ടോ

  പ്രളയമൊഴിയുന്നതോടെ വീടുകളിലേക്ക് തിരികെ എത്തുന്നവരും രക്ഷാപ്രവര്‍ത്തകരും നേരിടുന്ന നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് കാലിലുണ്ടാവുന്ന വളംകടി അല്ലെങ്കില്‍ അത്ലറ്റസ് ഫൂട്ട് എന്നറിയപ്പെടുന്ന ചര്‍മപ്രശ്‌നം. 

             ഡെര്‍മാറ്റോഫൈറ്റിനത്തില്‍പ്പെടുന്ന ഫംഗസ് അണുബാധമൂലമാണ് ഇതുണ്ടാവുന്നത്. ടീനിയ പീഡിസ് എന്നറിയപ്പെടുന്ന ഈ രോഗം കായിക താരങ്ങളെയും കളിക്കാരെയും സാധാരണയായി ബാധിക്കുന്നതിനാലാണ് ഇതിന് അത്ലറ്റ്സ് ഫൂട്ട് എന്ന പേരില്‍ അറിയപ്പെടുന്നത്. എന്നാല്‍ മലിനജലവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന ആര്‍ക്കും ഈ രോഗം വരാം. 

    കാലുകളില്‍ പല വഴികളാല്‍ ഈര്‍പ്പം നിലനില്‍ക്കുന്നതാണ് രോഗം വഷളാക്കുന്നത്. അണുബാധയുണ്ടായാല്‍ കാല്‍വിരലുകള്‍ക്കിടയില്‍ കുമിളകളുണ്ടാകുകയും അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യുന്നു. രോഗം ഏറെനാള്‍ നീണ്ടുനിന്നാല്‍ കാല്‍വെള്ളയിലേക്കും നഖങ്ങളിലേക്കും അണുബാധ വ്യാപിച്ചേക്കാം. 

  മലിനജലത്തില്‍ നടക്കുന്നത്, കൂടുതല്‍ സമയം കാല്‍പാദം നനവുള്ളതാകുന്നത്, നനഞ്ഞ സോക്സും ഇറുകിയ ഷൂസും ധരിക്കുന്നത്. പൊതു കുളിമുറികള്‍, നീന്തല്‍ക്കുളത്തിന്റെ പരിസരം എന്നിവിടങ്ങളില്‍ നഗ്നപാദരായി സഞ്ചരിക്കുന്നത്. അണുബാധയുള്ളവരുടെ സോക്സ്, ഷൂസ്, ടവ്വലുകള്‍ എന്നിവ ഉപയോഗിക്കുന്നത് തുടങ്ങിയ സാഹചര്യങ്ങളില്‍ വളംകടി ഉണ്ടാവാം. അണുബാധ ഉണ്ടായാല്‍ വിരലുകള്‍ക്കിടയിലുള്ള സ്ഥലത്ത് അസഹ്യമായ ചൊറിച്ചലും നീറ്റലും ഉണ്ടാവാം. വിരലുകള്‍ക്കിടയിലുള്ള സ്ഥലം അഴുകിയതുപോലെ കാണപ്പെടുകയും ദുര്‍ഗന്ധം വമിക്കുകയും ചെയ്യുക. 

 വളംകടി എങ്ങനെ പ്രതിരോധിക്കാം? 

 
 കാല്‍പാദങ്ങള്‍ എല്ലാ ദിവസവും സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക 
 പാദങ്ങള്‍, പ്രത്യേകിച്ച് വിരലുകള്‍ക്കിടയിലുള്ള സ്ഥലം, ജലാംശമില്ലാതെ സൂക്ഷിക്കണം. 
 എല്ലാ ദിവസവും കഴുകിയുണക്കിയ സോക്സുകള്‍ മാത്രം ധരിക്കാന്‍ ശ്രദ്ധിക്കണം 
 വായു സഞ്ചാരമില്ലാതെ ഇറുകിയ ഷൂസുകള്‍ ധരിക്കരുത്. 
 പൊതു ശുചിമുറികളിലും ലോക്കര്‍ റൂമുകളിലും ചെരുപ്പുകള്‍ ധരിച്ച് മാത്രം പ്രവേശിക്കുക 
     വിയര്‍പ്പ് വലിച്ചെടുക്കുന്ന പരുത്തി പോലെയുള്ള തുണികള്‍ കൊണ്ട് നിര്‍മ്മിച്ച സോക്സുകള്‍ ഉപയോഗിക്കുക. 
     വിയര്‍ത്ത് നനഞ്ഞതായി അനുഭവപ്പെട്ടാല്‍ സോക്സുകള്‍ മാറ്റുക 
 വീട്ടില്‍ കുറച്ചുസമയം ചെരുപ്പില്ലാതെ നഗ്നപാദരായി നടക്കുന്നത് നിങ്ങളുടെ കാല്‍പ്പാദങ്ങള്‍ക്ക് ;  വായുസമ്പര്‍ക്കം ലഭിക്കാന്‍ സഹായകമാവും 
     ഷൂസ്, സോക്സ്, ടവ്വലുകള്‍ എന്നിവ മറ്റുള്ളവരുമായി പങ്കിടരുത് 
      ഷൂസുകള്‍ സ്ഥിരമായി കഴുകുകയും വെയിലത്ത് ഉണക്കുകയും വേണം. 
 

 അണുബാധ വന്നാല്‍ എന്തുചെയ്യണം? 

 
 കാലില്‍ അണുബാധ വന്നാല്‍ ചെറുചൂടുവെള്ളത്തില്‍ നന്നായി കാല്‍ കഴുകി ഉണക്കി സൂക്ഷിക്കണം  
     വെള്ളം, ചെളി, നനവുള്ള സ്ഥലം എന്നിവിടങ്ങളുമായുള്ള ഇടപഴകുന്നത് ഒഴിവാക്കുക.  
     വെള്ളവുമായി സമ്പര്‍ക്കമുണ്ടായാല്‍ ഉടന്‍ കാല്‍ തുടച്ച് ഉണക്കുക 
     അണുബാധ വന്നാല്‍ Clotrimazole cr-eam, Can-did, Glob G തുടങ്ങിയ ക്രീമുകള്‍ ദിവസവും രണ്ട് നേരം പുരട്ടാം. 
     അണുബാധ കൂടുതല്‍ വഷളാവുന്നുണ്ടെങ്കില്‍ വൈദ്യസഹായം തേടേണ്ടതാണ്.