മ്യൂസിക് സ്ട്രീമിങ് സേവനം; സ്‌പോട്ടിഫൈ ഇന്ത്യയില്‍

സ്‌പോട്ടിഫൈ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ് പ്രതിമാസം 119 രൂപയും വര്‍ഷം 1189 രൂപയും ആണ് മ്യൂസിക് സ്ട്രീമിങ് സേവനമായ സ്‌പോട്ടിഫൈ ഇന്ത്യയില്‍ ഔദ്യോഗികമായി പുറത്തിറക്കി. സ്‌പോട്ടിഫൈ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ് പ്രതിമാസം 119 രൂപയും വര്‍ഷം 1189 രൂപയും ആണ്. പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ ആവശ്യമില്ലാത്തവര്‍ക്ക് ടോപ്പ് അപ്പ് പ്ലാനുകളും ഉണ്ട്. 13 രൂപയിലാണ് ടോപ്പ് അപ്പ് പ്ലാനുകള്‍ തുടങ്ങുന്നത്. ഇതില്‍ ഒരു ദിവസം സ്‌പോട്ടിഫൈ ഉപയോഗിക്കാം. ആറ് മാസത്തേക്കുള്ള ടോപ്പ് അപ്പ് ചാര്‍ജ് 719 രൂപയാണ്. വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം വിലക്കിഴിവും സ്‌പോടിഫൈ നല്‍കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഒരുമാസത്തേക്കുള്ള സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ് 59 രൂപയും ഒരു മാസത്തേക്കുള്ള ടോപ്പ് അപ്പ് ചാര്‍ജ് 66 രൂപയും ആണ്.സ്‌പോട്ടിഫൈയുടെ ഫാമിലി സബ്‌സ്‌ക്രിപ്ഷന്‍ നിലവില്‍ ഇന്ത്യയില്‍ കിട്ടില്ല. സ്വീഡന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മ്യൂസിക് സ്ട്രീമിങ് സേവനമാണ് സ്‌പോട്ടിഫൈ. ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള മ്യൂസിക് സ്ട്രീമിങ് സേവനവും സ്‌പോട്ടിഫൈ ആണ്. സ്‌പോട്ടിഫൈ സേവനം തുടങ്ങുന്ന 79 -ാമത്തെ രാജ്യമാണ് ഇന്ത്യ. ഇതോടെ ഏഷ്യയില്‍ 11 രാജ്യങ്ങളില്‍ സ്‌പോട്ടിഫൈ എത്തി. നാല് കോടി ഗാനങ്ങളും ആയിരക്കണക്കിന് പ്ലേ ലിസ്റ്റുകളും ഇന്ത്യയില്‍ ലഭ്യമാക്കുമെന്ന് സ്‌പോട്ടിഫൈ പറഞ്ഞു. ഉപയോക്താക്കളുടെ താത്പര്യം തിരിച്ചറിഞ്ഞ് പാട്ടുകള്‍ നിര്‍ദേശിക്കുന്ന സാങ്കേതിക സംവിധാനമാണ് സ്‌പോട്ടിഫൈയിലുള്ളത്. വെബ്, ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളില്‍ സേവനം ഉപയോഗിക്കാം. എക്‌സ്‌ബോക്‌സ് വണ്‍, വിന്‍ഡോസ് 10, സ്മാര്‍ട് ടിവി സേവനങ്ങളും സ്‌പോട്ടിഫൈയ്ക്കുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, പഞ്ചാബി ഉള്‍പ്പടെ വിവിധ ഭാഷകളിലുള്ള പാട്ടുകള്‍ സ്‌പോട്ടിഫൈയില്‍ കേള്‍ക്കാം. നഗരങ്ങള്‍ക്ക് അനുസരിച്ചുള്ള ട്രെന്‍ഡിങ് ലിസ്റ്റും സ്‌പോട്ടിഫൈയിലുണ്ടാവും. അതായത് ബെംഗളുരു, ചെന്നൈ, ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ ജനപ്രീതിയുള്ള ഗാനങ്ങള്‍ ട്രെന്‍ഡിങ് പട്ടികയില്‍ ഉണ്ടാവും. മറ്റ് രാജ്യങ്ങളെ പോലെ പ്രീമിയം പതിപ്പിന് പുറമെ സ്‌പോട്ടിഫൈയുടെ പരസ്യങ്ങളുള്ള സൗജന്യമായ മറ്റൊരു പതിപ്പും ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സൗജന്യ സേവനത്തിന് പരിമിതികളുണ്ടാവും. പണം നല്‍കി സ്‌പോടിഫൈ ഉപയോഗിക്കുന്നവര്‍ക്ക്. ഓഫ്‌ലൈന്‍ മോഡ്, മെച്ചപ്പെട്ട ശബ്ദം, സ്‌പോട്ടിഫൈ കണക്റ്റ്, പരസ്യങ്ങളില്ലാതെ പാട്ട് കേള്‍ക്കുക തുടങ്ങിയ സൗകര്യങ്ങളുണ്ടാവും. ബുധനാഴ്ചയാണ് ഔദ്യോഗികമായി അവതരിപ്പിച്ചതെങ്കിലും ചൊവ്വാഴ്ച മുതല്‍ തന്നെ സ്‌പോട്ടിഫൈയുടെ ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകള്‍ ലഭ്യമാക്കിയിരുന്നു. വിസയുടേയും മാസ്റ്റര്‍ കാര്‍ഡിന്റേയും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ മാത്രമേ സ്‌പോട്ടിഫൈ ഇപ്പോള്‍ സ്വീകരിക്കുന്നുള്ളൂ. പേടിഎം, യുപിഐ സേവനങ്ങള്‍ വഴിയും ഉപയോക്താക്കള്‍ക്ക് സ്‌പോട്ടിഫൈ സബ്‌സ്‌ക്രൈബ് ചെയ്യാം.