പഴയതെല്ലാം മറക്കണോ..വൈറലായി ഊരാളി ഗാനം

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി സംഗീത ബാന്റായ ഊരാളി പുറത്തിറക്കിയ പുതിയ ഗാനം വൈറലാകുന്നു. ‘മറക്കാം സകലതും മറക്കാം’ എന്ന ടൈറ്റിലിലാണ് ഊരാളി ബാന്റ് പുതിയ ഗാനം ഒരുക്കിയിരിക്കുന്നത്…. അഞ്ച് വര്‍ഷത്തെ ഭരണത്തിനിടയില്‍ ജനങ്ങള്‍ നേരിടേണ്ടി വന്ന ‘ദുരിതങ്ങള്‍’ അക്കമിട്ട് നിരത്തി, പഴയതെല്ലാം മറക്കണോ എന്ന ചോദ്യമാണ് ഗാനമുയര്‍ത്തുന്നത്. മാര്‍ട്ടിന്‍ ഊരാളിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. കര്‍ഷക ആത്മഹത്യകളും നോട്ട് നിരോധനവും ആള്‍ക്കൂട്ട കൊലപാതകവും തൊഴിലില്ലായ്മയും തുടങ്ങി ഭരണകൂടം ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച പലതിനേയും ചോദ്യം ചെയ്യുകയാണ് ഊരാളി ബാന്റിന്റെ ഈ ഗാനം.പൊതുവികാരത്തെയാണ് തങ്ങള്‍ ഗാനമാക്കിയിരിക്കുന്നതെന്ന് മാര്‍ട്ടി ഊരാളി പറയുന്നു. ലക്ഷക്കണക്കിന് ആളുകളുടെ വികാരം കൂടി ഈ ഗാനത്തിലുണ്ടെന്നുമാണ് മാര്‍ട്ടി ഊരാളി പ്രതികരിച്ചത്. ”ശക്തമായ ഭരണഘടന ഉള്ള നാടിനെ മതരാഷ്ട്രമാക്കി മാറ്റാന്‍ ശ്രമിക്കുന്നു. ഭരണഘടനയെ മാറ്റി മറയ്ക്കാന്‍ ശ്രമിക്കുന്നു..അത്തരത്തിലുള്ള ആളുകള്‍ അധികാരത്തിലിരിക്കുന്നു. അവര്‍ ഇനിയും അധികാരത്തില്‍ വരാന്‍ ശ്രമിക്കുന്ന സമയത്ത് ചില കാര്യങ്ങള്‍ നമ്മള്‍ തടുക്കേണ്ടതുണ്ട്. ചില കാര്യങ്ങള്‍ നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. നമ്മള്‍ എവിടെ നിന്നാണ് വരുന്നത്., എന്നുള്ളതിനെ കുറിച്ച് ഓര്‍ത്താല്‍ മാത്രമാണ് നമുക്ക് ഇതില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കാന്‍ പറ്റുക. ഇവിടെ ആളുകളുടെ ഓര്‍മയേയാണ് ഇല്ലാതാക്കുന്നത്. നമ്മുടെ പിടിച്ചുലയ്ക്കാന്‍ പാകത്തില്‍ വിശ്വാസമെന്നും ആചാരമെന്നും പറഞ്ഞ് നമ്മളെ ചിതറിച്ചേക്കുകയാണ്. മനുഷ്യബന്ധത്തിന് പരിക്കേല്‍ക്കുന്നുണ്ട്. പരിക്കേല്‍പ്പിക്കുന്നവര്‍ കാലാകാലമായി ഇത് ചെയ്തുകൊണ്ടിരിക്കുന്നു. അത് ഓര്‍ക്കണം എന്നൊരു ഉദ്ദേശത്തിലാണ് ഈ ഗാനം ചെയ്തത്. ഭരണഘടനയില്‍ വിശ്വസിക്കുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു. ഇത് ഒരു പാര്‍ട്ടിക്കെതിരെ മാത്രമല്ല ഈ ഗാനം . രാഷ്ട്രീയ പാര്‍ട്ടികള്‍ ചര്‍ച്ച ചെയ്യേണ്ട നിരവധി വിഷയം ഉണ്ടായിരിക്കെ അതിനെ മതമെന്നും വിശ്വാസമെന്ന കാര്യത്തിലേക്ക് ഏകപക്ഷീയമായി പൊക്കിക്കൊണ്ടുവരുമ്പോള്‍ അതല്ല നമ്മള്‍ ചിന്തിക്കുകയും ചര്‍ച്ച ചെയ്യുകയും വേണ്ടത് എന്ന് പൊതുവില്‍ ആളുകളെ ഓര്‍മ്മപ്പെടുത്തുന്നതുകൂടിയാണ് ഈ ഗാനം. ലക്ഷക്കണക്കിന് ആളുകളുടെ വികാരം കൂടി അതിലുണ്ട്. ഇത് ഞങ്ങളില്‍ കുറച്ചുപേരില്‍ ഒതുങ്ങി നില്‍ക്കുന്ന കാര്യമില്ല. ഭൂരിപക്ഷത്തിന്റെ ചിന്തയാണ് ആക്ടായി പുറത്തുവന്നത്. ഇത് എഴുതാനും പാട്ടാക്കാനും ചിത്രീകരിക്കാനും നമുക്കൊപ്പം കൂടിയ നിരവധി പേരുണ്ട്. ഭരണഘടനയെ പൊളിച്ചെഴുതണമെന്ന് പറയുന്നവരോട് ചില കാര്യങ്ങള്‍ ഞങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുപറയുകയാണ്. – മാര്‍ട്ടിന്‍ ഊരാളി പറയുന്നു. മറക്കാം സകലതും മറക്കാം…. കഴിഞ്ഞകാലം നമ്മുടെ നാട്ടില്‍ കണ്ടതെല്ലാം മറക്കാം ഇനിയുള്ള കാലം എല്ലാവര്‍ക്കും കണ്ണും പൊത്തിയിരിക്കാം കാതുംപൊത്തിയിരിക്കാം. എന്ന വരികളോടെയാണ് ഗാനം ആരംഭിക്കുന്നത്. നിരവധി ജനഹൃദയങ്ങളാണ് ഗാനം ഏറ്റെടുത്തിയരിക്കുന്നത്