മുണ്ടുടുത്ത് താരമായി ജോജു

മുണ്ടുടുത്ത് താരമായി ജോജു

ലോകസിനിമയിലെ അതികായർ അണിനിരന്ന വേദിയിൽ മലയാള സിനിമയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിലും സന്തോഷത്തിലുമാണ് ജോജു ജോർജ്. വെനീസ് ചലച്ചിത്രമേളയിലെ റെഡ് കാർപ്പറ്റിൽ മുണ്ടുടുത്ത് നടന്നു വരുന്ന ജോജുവിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഞാൻ മുണ്ടുടുത്ത വിഷയത്തെക്കാൾ സംസാരിക്കേണ്ടത് സനൽകുമാർ ശശിധരന്റെ ചോല എന്ന സിനിമയെക്കുറിച്ചാണെന്ന് പറയുകയാണ് മലയാളികളുടെ പ്രിയ നടൻ. 'സിനിമ മുൻപന്തിയിൽ നിൽക്കട്ടെ. ഞാൻ ധരിച്ച വേഷമൊന്നും വലിയ കാര്യമില്ല,' ജോജു പറയുന്നു.

ഏകദേശം 1500 പേർക്ക് ഇരിക്കാവുന്ന വലിയ തിയറ്ററിലാണ് വെനീസ് ചലച്ചിത്രമേളയിൽ ചോല പ്രദർശിപ്പിച്ചത്. പ്രേക്ഷകരിൽ ഒരു മലയാളി മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ത്യയിൽ നിന്നും മുന്നോ നാലോ പേർ മാത്രം. ത്രില്ലർ സ്വഭാവം ഉള്ള ചിത്രമായതിനാൽ സിനിമയ്ക്കിടയിൽ ആളുകൾ എഴുന്നേറ്റു പോയില്ല. പ്രേക്ഷകരും ജൂറിയും നിറഞ്ഞ കയ്യടികളോടെ സിനിമ സ്വീകരിച്ചു. ഓരോ മലയാളിക്കും അഭിമാനിക്കാൻ പറ്റുന്ന ഒരു സിനിമയായി ചോല മാറി. അതു ഞങ്ങൾ നിർമിച്ചതുകൊണ്ടോ, ഞാൻ അഭിനയിച്ചതുകൊണ്ടോ അല്ല. മലയാളസിനിമയെ അതു പ്രതിനിധീകരിക്കുന്നു എന്നതാണ് കാര്യം, ജോജു പറഞ്ഞു.

സനൽകുമാർ ശശിധരൻ എന്ന സംവിധായകന് ഇന്ത്യക്ക് പുറത്ത് ഒരുപാട് ആരാധകരുണ്ട്. അദ്ദേഹത്തിന്റെ ആരാധകരിൽ നിരവധി പേർ ചിത്രം കാണാൻ എത്തിയിരുന്നു. അദ്ദേഹത്തിനാണ് ഏറ്റവും ഗംഭീര സ്വീകരണം ലഭിച്ചത്. സനൽകുമാർ ശശിധരൻ പൊളിയാണ്! തിയറ്ററിൽ ഇത്രയും അധികം ആളുകൾ കൂടിയത് സനൽകുമാറിന്റെ പേരിലാണ്. ഒരിക്കലും ഞാൻ മുണ്ടുടുത്തതിന്റെ പേരിലല്ല, ജോജു പറയുന്നു.

സംവിധായകൻ സനൽകുമാർ ശശിധരനെക്കുറിച്ചും ജോജു വാചാലനായി. 'ഹോളിവുഡ് സംവിധായകർക്കു ലഭിച്ചിട്ടുള്ള ടൈഗർ പുരസ്കാരം നേടിയ ഇന്ത്യൻ സംവിധായകനാണ് സനൽകുമാർ ശശിധരൻ. വലിയൊരു പുരസ്കാരമാണത്. അതു ലഭിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. വിദേശ സംവിധായകർ സനൽകുമാറിനോടു പ്രകടിപ്പിക്കുന്ന ആദരം കാണുമ്പോൾ ഞെട്ടിപ്പോകും

ഞാൻ മലയാളിയാണ്. സിനിമാ നടനാണ്. എന്റെ ശരീരപ്രകൃതിക്കു ചേരുന്ന വേഷം മുണ്ടാണ് എന്ന് എനിക്കു തന്നെ തോന്നിയിട്ടുണ്ട്. അതാണ് മുണ്ടുടുത്തത്. ഇത് നല്ല വസത്രമാണെന്ന് സായിപ്പന്മാർ പറഞ്ഞു. മുണ്ട് ഉടുത്തത് ഇത്ര വലിയ വിഷയമാകുമെന്ന് ഓർത്തില്ല. അതിനെക്കാൾ ഞാന്‍ കേൾക്കാൻ ആഗ്രഹിക്കുന്നത് ചോല എന്ന ചിത്രം മേളയിൽ ശ്രദ്ധിക്കപ്പെട്ടു എന്നതാണ്. എന്റെ വിവാഹത്തിന് ഞാൻ മുണ്ടാണ് ഉടുത്തിരുന്നത്. അതുപോലെ വളരെ അമൂല്യമായ നിമിഷമായിരുന്നു വെനീസിലെ മേളയും.

റെഡ് കാർപ്പറ്റിൽ നടക്കുമ്പോൾ മുണ്ട് മടക്കിക്കുത്താനൊക്കെ തോന്നി. പക്ഷേ, അങ്ങനെ ചെയ്ത് അവർ നൽകിയ ആദരവിനെ അപമാനിക്കാൻ പാടില്ലല്ലോ! ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ഭാഗ്യമല്ലേ വെനീസ് ചലച്ചിത്രമേള. കാൻ, ബെർലിൻ, വെനീസ് ചലച്ചിത്രമേളകൾ ലോകത്തിലെ ഏറ്റവും വലിയ മേളകളാണ്. അത്തരമൊരു മേളയിൽ ഞാൻ വന്ന നിമിഷം എത്ര ഭാഗ്യമുള്ളതാണെന്ന് ഉൾക്കൊണ്ടുകൊണ്ട് എനിക്ക് പ്രിയപ്പെട്ട വേഷം ഞാൻ ധരിച്ചു എന്നു മാത്രം, ജോജു വ്യക്തമാക്കി.

ഹോളിവുഡിലെ പ്രധാന താരങ്ങളെല്ലാം മേളയിലുണ്ടായിരുന്നു. ലിഡോ എന്ന ദ്വീപിലാണ് പരിപാടി. കനത്ത സുരക്ഷയിലാണ് ഈ ദ്വീപിൽ ചലച്ചിത്രമേള നടക്കുന്നത്. അതിസുന്ദരന്മാരും സുന്ദരികളുമാണ് എനിക്ക് ചുറ്റിലും. അവർക്ക് സിനിമയോടുള്ള സ്നേഹം കാണുമ്പോൾ അസൂയ തോന്നും. റെഡ് കാർപ്പറ്റിലൂടെ വരുന്ന താരങ്ങളെ കാണാൻ ക്യൂ സിനിമാപ്രേമികൾ ക്യൂ നിൽക്കുകയാണ്. ഏറ്റവും മനോഹരമായി ലോകത്തിന് മുന്നിൽ മലയാള സിനിമയെ കാണിച്ചതിന് ദൃക്സാക്ഷിയാണ് ഞാൻ. നമ്മൾ ഉദ്ദേശിക്കുന്നതിനെക്കാളും വലിയൊരു പ്ലാറ്റ്ഫോമിൽ മലയാളം സിനിമ വന്നു എന്നതിന്റെ സന്തോഷം ഒന്നു വേറെയാണ്.

മലയാളം സിനിമയെ പ്രതിനിധീകരിച്ചാണ് 'ചോല' മേളയിലെത്തിയത്. ആ സിനിമയിൽ അഭിനയിച്ച ഒരു നടൻ മാത്രമാണ് ഞാൻ. അതികായരായ ചലച്ചിത്രകാരന്മാരെയും അഭിനേതാക്കളെയും കണ്ടു വളർന്ന ഒരാളാണ് ഞാൻ. അവർക്ക് ഇതുപോലെയുള്ള അനുഭവങ്ങളും അവസരങ്ങളും ലഭിച്ചിരുന്നെങ്കിൽ എത്രയോ ഓസ്കാറുകൾ നമ്മുടെ നാട്ടിൽ വന്നേനെ, ജോജു പറഞ്ഞു.