താര സംഘടനയായ അമ്മയില്‍ നിന്ന് നാല് നടിമാര്‍ രാജിവെച്ചു

നടിയെ ആക്രമിച്ച സംഭവത്തില്‍ കുറ്റാരോപിതനായ വ്യക്തിയെ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ സംഘടനയില്‍ നിന്നും രാജി വെച്ചു. ഭാവന, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് അമ്മയില്‍നിന്ന് രാജി വച്ചവർ.അമ്മയുടെ അംഗമായ സഹപ്രവര്‍ത്തകക്ക് നേരെ അക്രമമുണ്ടായ സാഹചര്യത്തില്‍ കുറ്റാരോപിതനോടൊപ്പം നില്‍ക്കുന്ന നിലപാടാണ് അമ്മ സ്വീകരിച്ചിരിക്കുന്നത്.സ്ത്രീ സൗഹാര്‍ദ്ദപരമായ തൊഴിലിടമായി മലയാള സിനിമാ വ്യവസായത്തെ മാറ്റാനുള്ള ഒരു ശ്രമവും സംഘടന നടത്തിയിട്ടില്ലെന്നും ആരോപിച്ചു കൊണ്ടാണ് നടിമാര്‍ രാജി പ്രഖ്യാപിച്ചത്.അമ്മയുടെ ഈ തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ ഞങ്ങള്‍ക്കാവില്ല. ഞങ്ങള്‍ അവളുടെ പോരാട്ടത്തിന് കൂടുതല്‍ ശക്തമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ആരോപണ വിധേയനായ നടന്‍ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതിനെതിരെ നിരവധി പ്രമുഖര്‍ രംഗത്ത് വന്നിരുന്നു.ദിലീപിന്റെ വിശദീകരണം കേട്ടില്ലെന്ന ന്യായം പറഞ്ഞ് ദിലീപിനെ തിരിച്ചെടുക്കുമ്പോള്‍ ആ പരിഗണന തന്റെ അച്ഛന് ലഭിച്ചില്ലെന്ന് തിലകന്റെ മകള്‍ സോണിയയും കുറ്റപ്പെടുത്തി.