അറുപതിന്റെ തികവില്‍..നേട്ടങ്ങളുടെ നെറുകയില്‍ മഡോണ !

ഏറ്റവും കൂടുതല്‍ ആല്‍ബം വിറ്റഴിച്ചിട്ടുള്ള വനിത പോപ്പ് സംഗീത രാജ്ഞിയായ മഡോണ അറുപതിന്റെ തികവില്‍...യുവത്വത്തെ ത്രസിപ്പിക്കുന്ന പോപ്‌ ഗായിക മഡോണയ്ക്ക് ഓഗസ്റ്റ് 16ന് 60 വയസാകുന്നു. ഈ പ്രായത്തിലും സംഗീത വേദികളില്‍ സജീവമായ ഏക പോപ്പ് താരമാണ് മഡോണ. 1983ല്‍ പ്രസിദ്ധീകരിച്ച സെല്‍ഫ് ടൈറ്റില്‍ഡ് ഡെപ്റ്റ് ആണ് മഡോണയുടെ ആദ്യത്തെ ആല്‍ബം. മഡോണ ലൂയിസ് ചിക്കോനെ റിച്ചീ എന്ന മഡോണയ്ക്ക് ഗാന രചയിതാവ് സംഗീത നിര്‍മ്മാതാവ്, നര്‍ത്തകി, അഭിനേത്രി,എന്നീ മേല്‍വിലാസങ്ങള്‍ കൂടിയുണ്ട്. ലൈംഗികതയും പ്രണയവും രാഷ്ട്രീയവുമെല്ലാം മഡോണയുടെ സംഗീതത്തിലുണ്ടായിരുന്നു. 30 കോടിയില്‍ അധികം ആല്‍ബങ്ങള്‍ വിറ്റഴിച്ച മഡോണയെ 2000ല്‍ ഗിന്നസ് റെക്കോര്‍ഡ്‌ തേടിയെത്തി.ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്‌സ് പ്രകാരം എക്കാലത്തെയും ഏറ്റവും ധനം സമ്പാദിക്കുന്ന ഗായികമാരില്‍ ഒരാളുകൂടിയാണ് മഡോണ. ഫോര്‍ബ്‌സ് മാസികയുടെ കണക്ക് അനുസരിച്ച് മഡോണയുടെ സമ്പത്ത് 80 കോടി ഡോളര്‍ ആണ്. പ്രായത്തെ തോല്‍പ്പിച്ച് കഠിന്വാനവും പ്രതിഭയും കൈമുതലാക്കി മഡോണ ചവിട്ടി കയറിയ നേട്ടങ്ങളുടെ പട്ടിക നിരവധിയാണ്.