അറിയിപ്പ്! മാഞ്ഞു പോയ SSLC സർട്ടിഫിക്കറ്റുകള്‍ മാറ്റി നല്‍കുന്നു

എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റുകളിൽനിന്ന് വിവരങ്ങള്‍ മാഞ്ഞു പോകുന്നതിനെ തുടര്‍ന്ന് സർട്ടിഫിക്കറ്റുകൾ തിരിച്ചുവിളിച്ച് പകരം പുതിയവ നൽകുകയാണ് വിദ്യാഭ്യാസ വകുപ്പ്.കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റുകളിലാണ് മഷിയടർന്ന് അക്ഷരങ്ങളും ഫോട്ടോയും മാഞ്ഞുപോകുന്ന പ്രശ്നമുള്ളത്. മറ്റു ജില്ലകളിലും ചില കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ മാഞ്ഞുപോയിട്ടുണ്ട്. സംസ്ഥാനത്തുടനീളം 2017-18 വർഷത്തിൽ എസ്.എസ്.എൽ.സി. പൂർത്തിയാക്കിയ ഒന്നര ലക്ഷത്തോളം കുട്ടികളുടെ സർട്ടിഫിക്കറ്റുകളിൽ ഇത്തരം പ്രശ്നമുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മികച്ച ഗ്രേഡോടെ എസ്.എസ്.എൽ.സി. ജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകളിൽ വ്യക്തി വിവരങ്ങളും ഗ്രേഡുമെല്ലാം മാഞ്ഞുതുടങ്ങിയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പരാതി ഉയർന്നത്. മഷി മാഞ്ഞുപോയതോ ഒപ്പോ സീലോ ഇല്ലാത്തതോ ആയ സർട്ടിഫിക്കറ്റുകൾ സ്കൂൾ അധികൃതർ ശേഖരിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസ് വഴി അയച്ച് ഉടൻ മാറ്റിവാങ്ങണമെന്നാണ് പരീക്ഷാ സെക്രട്ടറി നിർദേശിച്ചിരിക്കുന്നത്.ഇതനുസരിച്ച് മുപ്പതിനായിരത്തിലേറെ സർട്ടിഫിക്കറ്റുകൾ മാറ്റി പുതിയതു നൽകിക്കഴിഞ്ഞു. ഇക്കാര്യങ്ങളിലെ നിർദേശങ്ങളുമായി മൂന്നുതവണയാണ് ഡി.ഇ.ഒ.മാർക്ക് പരീക്ഷാസെക്രട്ടറി സർക്കുലർ അയച്ചത്. മാഞ്ഞുപോയ സർട്ടിഫിക്കറ്റുകൾ തിരിച്ചുവാങ്ങാനുള്ള കുട്ടികൾ ഇനിയുമുണ്ടാകുമെന്നാണ് അധികൃതർ തന്നെ പറയുന്നത്. വിവരം വളരെ രഹസ്യമാക്കിവെക്കാനുള്ള വിദ്യാഭ്യാസവകുപ്പിന്റെ ശ്രമം കാരണം മിക്ക കുട്ടികളും രക്ഷിതാക്കളും ഇക്കാര്യം അറിഞ്ഞിട്ടില്ല.