കേരളം ഡോക്ടർമാരുടെ സ്വന്തം നാട്

ഡോക്ടർമാരെ മുട്ടിയിട്ട് വഴിനടക്കാനാവില്ല എന്നുപറയേണ്ടി വരുമോ കേരളത്തിന്? വേണ്ടിവരുമെന്നാണ് ഡോക്ടർമാർതന്നെ പറയുന്നത്. പത്തുവർഷത്തിനകം സംസ്ഥാനത്ത് 200 പേർക്ക് ഒരുഡോക്ടർ എന്ന നിലയിലായിരിക്കും സ്ഥിതിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോൾ 500 പേർക്ക് ഒന്ന് എന്ന നിലയിൽനിന്ന് കുതിക്കാൻ പാകത്തിന് ഡോക്ടർമാരെ ഓരോ കൊല്ലവും സംസ്ഥാനത്തെ 28 മെഡിക്കൽ കോളേജുകൾ സംഭാവന ചെയ്യുന്നുണ്ട്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഒരുവർഷമായി നടത്തിക്കൊണ്ടിരിക്കുന്ന പഠനത്തിലാണ് ഡോക്ടർമാരുടെ പെരുപ്പം വെളിപ്പെടുന്നത്.സമൂഹത്തിൽ ഡോക്ടർമാർ കൂടുന്നത് നല്ലതല്ലേ എന്നൊരു അഭിപ്രായം ചിലർ സ്വാഭാവികമായും പ്രകടിപ്പിച്ചേക്കാം. സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താൻ റിസർവ് ബാങ്കിനെക്കൊണ്ട് കൂടുതൽ കറൻസിനോട്ടുകൾ അച്ചടിപ്പിച്ചാൽ പോരേ എന്ന അഭിപ്രായത്തിന്‌ സമാനമായിരിക്കും അതെന്ന് ഡോക്ടർമാർ പറയുന്നു. സംസ്ഥാനത്തെ ആരോഗ്യരംഗത്ത് അനാരോഗ്യ പ്രവണതകൾ കൂടാൻമാത്രമേ ഡോക്ടർമാരുടെ വർധന ഉപകരിക്കൂ എന്നാണ് വിലയിരുത്തൽ. നിലനിൽപ്പിനുവേണ്ടിയുള്ള പോരാട്ടം ഡോക്ടർമാർ തമ്മിൽ രൂക്ഷമാവും. ഇപ്പോൾത്തന്നെ ഇതുള്ള സംസ്ഥാനമാണ് കേരളം.നിലവിൽ 70,000 ഡോക്ടർമാരാണ് കേരളത്തിലുള്ളത്. ഓരോ വർഷവും ശരാശരി 3000 ഡോക്ടർമാർ പഠിച്ചിറങ്ങുന്നുണ്ട്. ഇതിനുപുറമേയാണ് പുറത്തുനിന്ന് പഠിച്ചിറങ്ങുന്നവർ. ഇന്ത്യയിൽ ഓരോ വർഷവും പഠിച്ചിറങ്ങുന്ന ഡോക്ടർമാരുടെ 40 ശതമാനം കേരളം, തമിഴ്‌നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ്.