മകൻ റവന്യൂ സർവീസിൽ, അച്ഛനിപ്പോഴും സെക്യൂരിറ്റി ഗാർഡ്

മകൻ റവന്യൂ സർവീസിൽ, അച്ഛനിപ്പോഴും സെക്യൂരിറ്റി ഗാർഡ് 
 പകലന്തിയോളം കാവൽ നിന്നാൽ  സൂര്യകാന്ത് ദ്വിവേദിക്ക് 6000 രൂപയാണ് പ്രതിമാസം ശമ്പളം ലഭിക്കുക . തന്റെ ചുരുങ്ങിയ ശമ്പളത്തിൽ ആറ് വയറുകൾ നിറയ്ക്കാൻ സൂര്യകാന്ത് നന്നേ പാടുപെട്ടിട്ടുണ്ട്. ആ കൊടിയ ദാരിദ്ര്യത്തിൽ നിന്നും സൂര്യകാന്തിന്റെ മകൻ പഠിച്ചുയർന്നത്  ഇന്ത്യന്‍ റവന്യൂ സര്‍വീസിൽ  ഉദ്യോഗസ്ഥനായാണ്. സൂര്യകാന്ത്-മഞ്ജു ദമ്പതികളുടെ ഇളയ മകന്‍ കുല്‍ദീപ് ദ്വിവേദി മാതാപിതാക്കൾക്ക്  നല്‍കിയ സമ്മാനം അവരുടെ അഭിമാന നേട്ടമാണ്. 2015 ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 242-ാം റാങ്കാണ് കുല്‍ദീപ് നേടിയത്.
പന്ത്രണ്ടിൽ  പഠിപ്പ് അവസാനിപ്പിച്ച   സൂര്യകാന്തും അഞ്ച്  വരെ മാത്രം  പഠിച്ച ഭാര്യ മഞ്ജുവും  മക്കളുടെ വിദ്യാഭ്യാസത്തിന് ഒരു കുറവും വരുത്തിയില്ല. കൊടിയ ദാരിദ്ര്യത്തിനിടയില്‍നിന്നു കൊണ്ട് ഇവര്‍ മക്കളെ നാലു പേരെയും പഠിപ്പിച്ചു. 20 വര്‍ഷമായി ലഖ്‌നൗ സര്‍വകലാശാലയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സൂര്യകാന്ത് ദ്വിവേദി. മകന്‍ ഐആര്‍എസ് ഉദ്യോഗസ്ഥനായിട്ടും സൂര്യകാന്ത് തന്റെ ജോലി ഉപേക്ഷിച്ചില്ല. ദാരിദ്ര്യത്തിലും ആശ്രയമായത് ഈ ജോലിയാണ്. മകൻ എത്ര വലിയ ഉദ്യോഗസ്ഥനായാലും  തന്റെ ജോലി ഉപേക്ഷിക്കാൻ  ഈ പിതാവ് തയ്യാറല്ല. ഏഴാം ക്ലാസ് മുതല്‍ തന്നെ കുല്‍ദീപിന്റെയുള്ളില്‍ കയറിക്കൂടിയതാണ് സിവില്‍ സര്‍വീസ് മോഹം. അലഹാബാദ് സര്‍വകലാശാലയില്‍നിന്നു ഹിന്ദിയില്‍ ബിഎയും ജിയോഗ്രഫിയില്‍ എംഎയും കുല്‍ദീപ് കരസ്ഥമാക്കിയിട്ടുണ്ട്.  മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും പിന്തുണ  കൂടിയായപ്പോൾ കുൽദീപിന്റെ സ്വപ്നം യാഥാർഥ്യമായി