ആര്‍ ജെ ആകാന്‍ മോഹം: എന്തൊക്കെ ശ്രദ്ധിക്കണം?

ആത്മവിശ്വാസത്തോടെ രസകരമായി സംസാരിക്കാന്‍ സാധിക്കുന്ന ഒരാളാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്ക് യോജിച്ച മേഖലയാണ് ആര്‍.ജെ. അഥവാ റേഡിയോ ജോക്കിയുടേത്. കേള്‍വിക്കാരനെ രസിപ്പിക്കുന്ന പാട്ടും കളിയും ചിരിയും നിറഞ്ഞ നിരവധി പരിപാടികളുമായി സ്വകാര്യ റേഡിയോ സ്റ്റേഷനുകള്‍ രംഗത്തെത്തിയാതോടെ കേള്‍വിക്കാരനെയും റേഡിയോയും തമ്മില്‍ ബന്ധിപ്പിക്കാന്‍ റേഡിയോ ജോക്കികളുമെത്തി. ആര്‍.ജെ. ആകാന്‍ ഒരു പാനലായിരിക്കും നിങ്ങളെ ഇന്റര്‍വ്യൂ ചെയ്യുന്നത്. മൂന്നുനാല് റൗണ്ടായിട്ടായിരിക്കും അഭിമുഖം. തരുന്ന വിഷയത്തെക്കുറിച്ച് നിശ്ചിതസമയത്തിനുള്ളില്‍ സംസാരിക്കേണ്ടി വരും. രാവിലെ കുടിച്ച ചായയെക്കുറിച്ചു മുതല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ചുവരെ സംസാരിക്കാന്‍ ആവശ്യപ്പെട്ടേക്കാം.നിങ്ങളുടെ പാണ്ഡിത്യം അളക്കാനല്ല ആ വിഷയം നിങ്ങള്‍ക്കു തന്നിട്ടുള്ളത്. പകരം കിട്ടിയ വിഷയത്തെ എങ്ങനെ കൈകാര്യംചെയ്യുന്നു എന്നാണ് ശ്രദ്ധിക്കുക. ഭാഷ, ശൈലി, ഉച്ചാരണം ഇവയൊക്കെ വിലയിരുത്തപ്പെടും. വിഷയത്തെക്കുറിച്ച് രസകരമായി സംസാരിക്കാന്‍ പറ്റുന്നുണ്ടോ, അതേക്കുറിച്ച് അടിസ്ഥാനമായ അറിവുണ്ടോ എന്നൊക്കെയാണ് പരിശോധിക്കുക. തിരഞ്ഞെടുത്താല്‍ പരിശീലനം ഉണ്ടാകും. രസകരമായി സംസാരിക്കാനുള്ള കഴിവു തന്നെയാണ് ഏറ്റവും ആവശ്യം, അല്ലെങ്കില്‍ അടിസ്ഥാന യോഗ്യത. ഓരോദിവസവും കാണുന്ന കാഴ്ചകള്‍ വാക്കുകളിലാക്കി സന്തോഷത്തോടെ സത്യസന്ധമായി മറ്റുള്ളവരോട് പങ്കുവയ്ക്കാന്‍ സാധിക്കുമെങ്കില്‍ ഉറപ്പിച്ചോളൂ നിങ്ങള്‍ക്കുള്ളില്‍ ഒരു ആര്‍ ജെ ഉണ്ട്