നിങ്ങള്‍ കുട്ടികളെ തല്ലുന്നവരാണോ

നിങ്ങള്‍ കുട്ടികളെ തല്ലുന്നവരാണോ ?

 കുട്ടികൾക്ക് എപ്പോളും  അടങ്ങി ഇരിക്കാൻ പറ്റില്ല എന്ന് കരുതി അവരെ ശിക്ഷിക്കുന്നത് നല്ലതാണോ.

പാശ്ചാത്യ രാജ്യങ്ങളില്‍ കുട്ടികളെ മര്‍ദ്ദിച്ചാല്‍ എന്തിന് കുട്ടികളോട് മാന്യമായി പെരുമാറാതിരുന്നാല്‍ കനത്ത ശിക്ഷയാണ്. അത് അച്ഛനാവട്ടെ അമ്മയാവട്ടെ അഴിയെണ്ണേണ്ടി വരും. ചിലപ്പോള്‍ കുട്ടിയുടെ രക്ഷാകര്‍ത്വ പദവി തന്നെ നഷ്ടമായേക്കാം. ഒന്നായാല്‍ ഉലക്ക കൊണ്ടടിക്കണം എന്നാണ് കേരളത്തിലെ പഴമൊഴി തന്നെ. എന്നാല്‍ കുട്ടികളെ നോവിക്കാതെ അവരെ നേര്‍വഴിക്കു കൊണ്ടുവരുന്നതാണ് മികച്ച രീതിയിലുള്ള പാരന്റിങ്. ചെറിയ ശിക്ഷകള്‍ കൊടുത്തും പ്രോത്സാഹനങ്ങള്‍ കൊടുത്തും നന്‍മയും തിന്‍മയും അച്ചടക്കവുമെല്ലാം അവരെ പഠിപ്പിക്കാം.

            കുട്ടികളെ ശാരീരികമായി ഉപദ്രവിക്കാതെ എങ്ങിനെ ശിക്ഷിക്കാം എന്ന് നോക്കാം.

 1. അച്ചടക്കത്തെക്കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷകള്‍ കുട്ടികളോട് മുന്‍കൂറായി പറയാം. വീട്ടില്‍ ഒരു 'കുടുംബം അച്ചടക്ക നിയമാവലി' കുട്ടികള്‍ക്കായി ഉണ്ടാക്കാം.

2. തെറ്റുകള്‍ കാണിച്ചാലുള്ള പരിണതഫലത്തെപ്പറ്റി ഇടയ്ക്ക് ഓര്‍മ്മിപ്പിക്കാം. ഉദാഹരണത്തിന്, ഹോം വര്‍ക്ക് ഇത്ര സമയത്തിനു മുന്‍പേ പൂര്‍ത്തിയാക്കിയില്ലെങ്കില്‍, ആ ദിവസം ടീവി അല്ലെങ്കില്‍ entertainment നായുള്ള ഒരു ഉപാധികളും ഉപയോഗിക്കാന്‍ അനുവദിക്കില്ല എന്ന് പറയാം. ഇത് കൃത്യമായി പാലിക്കുകയും വേണം.

3. നല്ല പെരുമാറ്റങ്ങള്‍ക്ക് പാരിതോഷികങ്ങള്‍ കൊടുക്കാം. എന്റെ ഒരു സുഹൃത്ത്, ഡയാന, മകള്‍ക്ക് ഓരോ നല്ല കാര്യങ്ങള്‍ ചെയുമ്പോളും ഓരോ പോയിന്റുകള്‍ കൊടുക്കും.നൂറു പോയിന്റ് ആകുമ്പോള്‍ ഒരു ചെറിയ ടോയ് അല്ലെങ്കില്‍ ഇഷ്ടമുള്ള സ്വീറ്റ് ഇവ കൊടുക്കും. എന്തെങ്കിലും അച്ചടക്ക ലംഘനം കാണിച്ചാല്‍ പത്തു പോയിന്റ് ഒറ്റയടിക്കു പോകും. ഇങ്ങനെയാകുമ്പോള്‍ കുട്ടികള്‍ തനിയെ ഉത്തരവാദിത്വ ബോധം ഉള്ളവരും, അച്ചടക്കം ലംഘിക്കാന്‍ ഇഷ്ടപ്പെടാത്തവരും ആകും.

4. കുട്ടികള്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ പുകഴ്ത്തി പറയാം. 'ഇന്ന്, ഇളയമ്മ വീട്ടില്‍ വന്നപ്പോള്‍, നിന്റെ പെരുമാറ്റം തീര്‍ത്തും ഊഷ്മളം ആയിരുന്നു.'അല്ലെങ്കില്‍ ഒരു കളിയില്‍ ജയിച്ചാല്‍ 'നീ മകള്‍/മകന്‍ ആയതില്‍ അഭിമാനിക്കുന്നു' എന്ന് പറയാം.

           ആവശ്യമുള്ള സമയത്ത്, അധികം ശബ്ദം ഉയര്‍ത്താതെ തന്നെ ശാസനകള്‍ കൊടുക്കാം. കാര്യങ്ങള്‍ വ്യക്തമായും, കൃത്യമായും കുട്ടികളോട് പറയണം.

6. കുറ്റങ്ങളുടെ തീവ്രത അനുസരിച്ചു ശിക്ഷകളും വിധിക്കാം, വലിയ ഒരു തെറ്റു ചെയ്‌തെങ്കില്‍, 'ഈ വര്‍ഷത്തെ സ്‌കൂള്‍ ടൂര്‍ പോകാന്‍ നിനക്ക് അനുവാദം ഇല്ല.' 'ഇനിയും ഇതേപോലെ ആവര്‍ത്തിക്കാതെ ഇരുന്നാല്‍ അടുത്തവര്‍ഷം നിനക്കു പോകാം' എന്ന് പറയാം.

7. തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ ശിക്ഷയുടെ കാഠിന്യം കൂട്ടാം.

8. വളരെ ചെറുപ്പത്തില്‍ തന്നെ, അച്ചടക്കത്തിന്റെ പാഠങ്ങള്‍ പറഞ്ഞു കൊടുക്കുക. തെറ്റിച്ചാലുള്ള പരിണിത ഫലങ്ങളും പറയുക.

9. വളരെ ഫലപ്രദമായി തോന്നിയിട്ടുള്ള ഒരു കാര്യമാണ് 'ടൈം ഔട്ട്'. അതായത് ഒരു തെറ്റു ചെയ്താല്‍, ഉദാഹരണത്തിന്, ഡൈനിങ്ങ് റൂമില്‍ ക്കൂടി നടന്നുപോയ അനിയത്തിയെ കാല്‍ ഇടയില്‍ ഇട്ടു വീഴിച്ച ചേട്ടന്, അര മണിക്കൂര്‍ 'ടൈം ഔട്ട്' കൊടുക്കാം. 'ടൈം ഔട്ട്' എന്നാല്‍ ഒന്നും ചെയ്യാതെ, അനങ്ങാതെ ഒരു മൂലയില്‍ ഇരിക്കുന്നതാണ്. നിസാരമായി തോന്നാമെങ്കിലും, കുട്ടികള്‍ക്ക് അര മണിക്കൂര്‍ ഒന്നും ചെയ്യാതെ ഇരിക്കുക എന്നാല്‍ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. തെറ്റിന്റെ ഗൗരവം അനുസരിച്ചുടൈം ഔട്ട്' ന്റെ സമയം അഞ്ചു മിനുട്ടു മുതല്‍ ഒരു മണിക്കൂര്‍ വരെ ആക്കാം. പാശ്ചാത്യ രാജ്യങ്ങളില്‍ ഒക്കെ വളരെ ഫലപ്രദമായി കുട്ടികളെ ശിക്ഷിക്കാന്‍ 'ടൈം ഔട്ട്' ഉപയോഗിക്കാറുണ്ട്.

10. ഏറ്റവും പ്രധാനമായത്, പഠന വൈകല്യങ്ങളോ, മറ്റു മാനസിക ആരോഗ്യ പ്രശ്‌നങ്ങളോ ഉള്ള കുട്ടികള്‍ക്ക് ഇവയൊന്നും പ്രായോഗികം ആകില്ല അങ്ങനെയുള്ളപ്പോള്‍ വിദഗ്ധ സഹായം തേടണം.

UNESCO യുടെ റിപ്പോട്ടില്‍ പറയുന്നത്, കുട്ടികളില്‍ അച്ചടക്കത്തിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കുന്ന എല്ലാത്തരം ശാരീരിക പീഡനങ്ങളും വീടുകളിലും, സ്‌കൂളുകളിലും നിരോധിക്കണം എന്നാണ്. ഇവ മനുഷ്യാവകാശ ലംഘനമാണ്, കൂടാതെ ഇവ വിപരീതഫലം ഉളവാക്കുന്നവയും, നിരര്ത്ഥകം ആയതും, കുട്ടികളില്‍ ദോഷകരമായ ഫലങ്ങള്‍ഉണ്ടാക്കുന്നവയും ആണ് എന്നാണ്.

Are You Beat Your Kids.