മൂന്നുവയസ്സുകാരിയുടെ വായില്‍ പടക്കം പൊട്ടിച്ചു; നില ഗുരുതരം

മൂന്നുവയസ്സുകാരിയുടെ വായില്‍ പടക്കം പൊട്ടിച്ചു; നില ഗുരുതരം

ഉത്തര്‍പ്രദേശിലെ മീററ്റിലാണ്  ദീപാവലി ആഘോഷത്തിനിടെ യുവാവ് മൂന്നുവയസ്സുകാരിയുടെ വായിലിട്ട് പടക്കം പൊട്ടിച്ചത്.  ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ സമീപത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വായിലും തൊണ്ടയിലും മാരകമായി പരിക്കേറ്റ പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മീററ്റിലെ മിലക് എന്ന  ഗ്രാമത്തിലാണ് സംഭവം.  പ്രദേശവാസിയായ ശശികുമാറിന്റെ  മകളുടെ വായിലിട്ടാണ് അയല്‍വാസിയായ യുവാവ് പടക്കം പൊട്ടിച്ചത്. വീടിന് പുറത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ സമീപവാസിയായ ഹര്‍പാല്‍ കൂട്ടിക്കൊണ്ടുപോയി വായില്‍ പടക്കംവച്ച് തീകൊളുത്തിയെന്നാണ് ശശികുമാറിന്റെ മൊഴി. പിതാവിന്റെ  പരാതിയില്‍ പോലീസ് ഹര്‍പാലിനെതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍ സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയി. പെണ്‍കുട്ടിയുടെ കവിളിലും തൊണ്ടയിലും ഗുരുതരമായി പരിക്കേറ്റതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.  ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയ്ക്ക് ഇതുവരെ അമ്പതോളം തുന്നലുകളിട്ടതായി ഡോക്ടര്‍മാരും അറിയിച്ചു. അപകടത്തില്‍ തൊണ്ടയ്ക്കും പരിക്കേറ്റതാണ് ആരോഗ്യനില വഷളാകാന്‍ കാരണമായത്.  ഒളിവില്‍  പോയയാളെ കണ്ടെത്താന്‍ പോലീസ്  അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.