മദ്യലഹരിയിലെ പിതാവിനെ മകൻ  തീകൊളുത്തി

മദ്യലഹരിയില്‍ വഴക്കിട്ട പിതാവിനെ യുവാവ് വീട്ടില്‍ പൂട്ടിയിട്ട് തീകൊളുത്തി. ചെന്നൈ റോയപ്പേട്ട വരദപിള്ള സ്ട്രീറ്റ് സ്വദേശിയായ ഇ. ശങ്കറിനാണ് പൊള്ളലേറ്റത്.ഗുരുതരാവസ്ഥയിലുള്ള ഇയാള്‍ കില്‍പ്പോക്ക് മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ മകനായ രാമകൃഷ്ണനെ റോയപ്പേട്ട പോലീസ് കസ്റ്റഡിയിലെടുത്തു. പച്ചക്കറി വില്‍പ്പനക്കാരനായ ശങ്കര്‍ ഇളയ മകനായ വിജയിനൊപ്പമാണ് താമസിച്ചിരുന്നത്. മറ്റു മക്കളായ രാമകൃഷ്ണനും രാമചന്ദ്രനും അതേ തെരുവിന്റെ മറ്റൊരു ഭാഗത്താണ് താമസം. വെള്ളിയാഴ്ച രാത്രി മദ്യപിച്ചെത്തിയ ശങ്കര്‍ രാമകൃഷ്ണനുമായി വഴക്കിലേര്‍പ്പെട്ടു. പരസ്പരമുള്ള കൈയ്യാങ്കളിയില്‍ പരിക്കേറ്റ ഇരുവരും റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ രാമകൃഷ്ണന്‍ ശങ്കറുമായി വീണ്ടും വഴക്കടിച്ചു. അര്‍ധരാത്രിക്ക് ശേഷം ഒന്നരയോടെ ശങ്കറിന്റെ നിലവിളി കേട്ട നാട്ടുകാരാണ് വീട്ടില്‍നിന്ന് തീയുയരുന്നത് കണ്ടത്.വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ച നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വഴക്കിനിടയില്‍ രാമകൃഷ്ണന്‍ പിതാവിനെ തീകൊളുത്തുകയായിരുന്നുവെന്ന് ഇളയ മകൻ വിജയ് ആരോപിച്ചു. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം തുടരുകയാണെന്ന് അറിയിച്ചു.