റൊമാന്റിക്‌ കള്ളന്‍ പിടിയില്‍

ഡല്‍ഹിയില്‍ ഒരു 63-കാരനായ മോഷ്ടാവിനെ പോലിസ് അരസ്റ്റ് ചെയ്തു. മോഷണങ്ങള്‍ നടത്തിയത് എന്തിനു വേണ്ടിയായിരുന്നു എന്നതാണ് പോലിസിനെ അതിശയിപ്പിച്ചത് ഡല്‍ഹി സ്വദേശി ബന്ധുറാമിനെയാണ് പോലീസ് പിടികൂടിയത്. വടക്കന്‍ ഡല്‍ഹിയിലെ ഒരു ഫാക്ടറിയില്‍ നിന്ന് ലാപ്‌ടോപുകളും, എല്‍.ഇ.ഡി ടിവിയും പണവും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ആനന്ദ് പര്‍ബാത്തിലെ ചേരിയില്‍ താമസിച്ചിരുന്ന അവിവാഹിതനായ ബന്ധുറാം 20 വര്‍ഷത്തിനിടെ നിരവധി മോഷണക്കേസുകളില്‍ പിടിയിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. 63-കാരനായ ഇയാള്‍ക്ക് അഞ്ച് കാമുകിമാരുണ്ട്. ഇവര്‍ക്ക് സമ്മാനമായി നല്‍കാനും ആഡംബരജീവിതം നയിക്കാനുമാണ് ബന്ധുറാം വിലകൂടിയ ഇലക്ട്രോണിക് സാധനങ്ങളും പണവും മോഷ്ടിച്ചിരുന്നത്. കുടുംബത്തില്‍ നിന്നും അകന്നുകഴിഞ്ഞിരുന്ന ഇയാള്‍ സ്ഥിരമായി മോഷണം നടത്താറുണ്ടായിരുന്നു. ഇതിനിടെയാണ് 28നും 40നും ഇടയില്‍ പ്രായമുള്ള അഞ്ച് സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചത്. മോഷ്ടിക്കുന്നതില്‍ ഭൂരിഭാഗവും ഇവര്‍ക്ക് സമ്മാനമായി നല്‍കുകയായിരുന്നു പതിവ്. എന്നാല്‍ ബന്ധുറാം സമ്മാനിച്ചത് മോഷണവസ്തുക്കളായിരുന്നു എന്നത് തങ്ങള്‍ക്ക് അറിയില്ലെന്നായിരുന്നു ഇവരുടെ പ്രതികരണം. ബന്ധുറാം അഞ്ചു സ്ത്രീകളുമായി അടുപ്പം പുലര്‍ത്തിയിരുന്നതും കാമുകിമാര്‍ പരസ്പരം അറിഞ്ഞിരുന്നില്ല. സ്ഥിരമായി വ്യായാമം ചെയ്യുന്നതിനാലും, തലമുടി കറുപ്പിക്കുന്നതിനാലും ബന്ധുറാമിന്റെ യഥാര്‍ഥ പ്രായവും ഇവര്‍ക്ക് മനസിലാക്കാനായില്ല.