കുറ്റവാളികൾ ഇല്ലാത്ത കേരളം

കുറ്റവാളികൾ ഇല്ലാത്ത കേരളം ആദ്യ കുറ്റത്തിന് നല്ലനടപ്പ് എന്ന സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും നിർദേശത്തിന്റെ ചുവടുപിടിച്ചാണ് പദ്ധതി പുതിയ കുറ്റവാളികളെ ഇല്ലാതാക്കാൻ കേരളത്തിൽ പുതിയ പദ്ധതി ഒരുങ്ങുന്നു. കേരളത്തിൽ പുതിയ കുറ്റവാളികളെ പൂർണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ പുതുവർഷത്തിൽ ‘കുറ്റവാളികളില്ലാത്ത കേരളം’ പദ്ധതി സംസ്ഥാന സാമൂഹികനീതി വകുപ്പ് നടപ്പാക്കും. ആദ്യ കുറ്റത്തിന് നല്ലനടപ്പ് എന്ന സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും നിർദേശത്തിന്റെ ചുവടുപിടിച്ചാണ് പദ്ധതി. കുറ്റത്തിനിരയായ കുടുംബങ്ങളെ വിവിധതലത്തിൽ സഹായിക്കും. ഇരകൾക്ക് വീടുമുതൽ വിദ്യാഭ്യാസ സഹായംവരെ നൽകും. ഇതിനായി അടുത്തവർഷം എട്ടുകോടി ചെലവാക്കും. പഠിക്കുന്ന കുട്ടികൾക്ക് മാസംതോറും സ്കോളർഷിപ്പ് നൽകും. പോസ്റ്റ് ഗ്രാജ്വേഷന് മാസം 10,000 രൂപ വരെ കിട്ടും. കുറ്റംചെയ്തവരുടെ മക്കൾ പ്രൊഫഷണൽ കോഴ്‌സിന് പഠിക്കുന്നെങ്കിൽ അവർക്ക് ഒരുലക്ഷം രൂപവരെ പഠനസഹായം നൽകും. ഇതിന് ജില്ലയിലെ വെൽഫെയർ ഓഫീസർമാർക്ക് ഇപ്പോൾതന്നെ അപേക്ഷ കൊടുക്കാം. കുറ്റകൃത്യങ്ങൾ 50 ശതമാനം മുതൽ 75 ശതമാനംവരെ കുറയ്ക്കൽ, കുറ്റകൃത്യത്തിൽപ്പെട്ടവരെ സാധാരണജീവിതത്തിലേക്ക് എത്തിക്കുക, ജയിലുകളിൽ വ്യക്തിത്വവികസനം നടത്തി കുറ്റകൃത്യങ്ങൾ ഇല്ലാതാക്കൽ , പൊതുസമൂഹത്തിന്റെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ കുറ്റകൃത്യങ്ങൾ തടയൽ എന്നിവയാണ് ലക്‌ഷ്യം. കൗൺസലിങ്, മനഃശാസ്ത്ര പഠനം എന്നിവയടക്കം താലൂക്ക് തലം മുതൽ ജില്ലാതലംവരെ കണ്ണിയായി പ്രവർത്തിക്കുന്ന സ്ഥിരംസംവിധാനമാണ് വരിക. പുതിയ കുറ്റവാളികളെക്കുറിച്ച് വിശദമായി പഠിക്കും. ജില്ലാ പ്രൊബേഷൻ ഓഫീസർമാരും സാമൂഹികനീതി വകുപ്പ് ജീവനക്കാരും ഇതിന് നേതൃത്വം വഹിക്കും. പോലീസ് സ്റ്റേഷൻ, ജയിലുകൾ എന്നിവ കേന്ദ്രീകരിച്ചാകും പ്രവർത്തനം. കുറ്റംചെയ്തവരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനവുമേർപ്പെടുത്തും. ഇതിനായി അടുത്തവർഷത്തേക്ക് 13 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി. 30 വയസ്സുവരെയുള്ള യുവാക്കളെയും എല്ലാപ്രായത്തിലുമുള്ള വനിതാ കുറ്റവാളികളെയും പദ്ധതിയിൽപ്പെടുത്തും. നല്ലനടപ്പിന് വീടുകൾ സജ്ജമാക്കും. കുറ്റംചെയ്തവരെ അവിടെ പാർപ്പിച്ച് സ്വഭാവമാറ്റം വരുത്തിയായിരിക്കും വീടുകളിലേക്കും സമൂഹത്തിലേക്കും വിടുക കുറ്റംചെയ്തവർക്ക് വിദഗ്ധ തൊഴിലുകളിൽ പരിശീലനം. 1200-ഓളം മേഖലകളുണ്ടാകും. ഇതിൽ ഇഷ്ടമുള്ള തൊഴിൽ തിരഞ്ഞെടുക്കാം. പരിശീലനസമയത്ത് സ്റ്റൈപ്പന്റ് നൽകും. തുടർന്ന് ജോലിയും. നിലവിൽ സംസ്ഥാനത്തുള്ള പദ്ധതികളുമായി ബന്ധിപ്പിച്ചാണ് ഇത് നടപ്പാക്കുക. പദ്ധതി ഡിസംബർ അവസാനത്തോടെ നടപ്പാക്കും. ആദ്യം 81 തടവുകാരെ സാമൂഹിക പുനർവിന്യാസം നടത്തിയും കുറച്ചുപേരെ വിവിധ ആശുപത്രികളിൽ നിയോഗിച്ചും പദ്ധതി തുടങ്ങും. പദ്ധതി വരുംവർഷങ്ങളിൽ വലിയ സാമൂഹികപരിവർത്തനത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോടതികളുടെയും സർക്കാരിന്റെയും പൂർണ പിന്തുണയുമുണ്ടെന്നു സംസ്ഥാന സാമൂഹികനീതി വകുപ്പ് ഡയറക്ടർ ജാഫർ മലിക് പറയുന്നു.പദ്ധതി ഡിസംബർ അവസാനത്തോടെ നടപ്പാക്കും. ചെറുപ്പക്കാര്‍ കുറ്റവാളികളായി മാറാതിരിക്കന്‍ സുപ്രീംകോടതിയുടെ ഉത്തരവായിരുന്നു നല്ല നടപ്പ് . ആദ്യമായി കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്ന ആളാണ് എങ്കില്‍ കുറ്റം തെളിഞ്ഞാലും ജയിലില്‍ പോവുകയോ ശിക്ഷ അനുഭവിക്കുകയോ വേണ്ട. പകരം പ്രതിയെ നല്ല നടപ്പിന് വിടും. 2016 ല്‍ സുപ്രീംകോടതി ആണ് ഇത്തരമൊരു ഉത്തരവിറക്കിയത്.ഇത് സംസ്ഥാനത്തു ഉടന്‍ നടപ്പാക്കാന്‍ എല്ലാ ജില്ലാകോടതികള്‍ക്കും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. നല്ല നടപ്പിനുള്ള കാലാവതി കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ചാണ് തീരുമാനിക്കുക. ഇത് നടപ്പാക്കുന്നതിനായി 1958-ലെ പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്സ് ആക്‌ട് (നല്ലനടപ്പ് നിയമം) പൂര്‍ണ്ണമായി നടപ്പാക്കേണ്ട ആവശ്യമുണ്ട്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ചെറുപ്പക്കാര്‍ക്ക് പഴയ ജീവിതത്തിലേക്ക് മടങ്ങാനും നല്ല നടപ്പ് ഗുണകരമാകും. കേസിന്റെ സാഹചര്യം, കുറ്റകൃത്യത്തിന്റെ സ്വഭാവം, കുറ്റവാളിയുടെ പ്രായം, പ്രകൃതം, കുടുംബപശ്ചാത്തലം ഇവയെല്ലാം പരിഗണിച്ചാണ് ഒരാളെ നല്ല നടപ്പിന് വിടുന്നത്. കോടതി പോലീസിന്റെയും പ്രൊബേഷണറി ഓഫീസറുടെയും സഹായത്തോടെ കുറ്റവാളിയുടെ വിവരങ്ങള്‍ ശേഖരിക്കും.ആദ്യമായി കുറ്റകൃത്യം ചെയ്യാനുള്ള സാഹചര്യം എന്താണെന്ന് വേഗത്തില്‍ വിലയിരുത്തും. വിട്ടയയ്ക്കുന്ന ആളെ കൃത്യമായി നിരീക്ഷിക്കും. വ്യവസ്ഥകള്‍ മറികടന്നാല്‍ അറസ്റ്റുചെയ്ത് അതേ കോടതിയില്‍ ഹാജരാക്കി ജയിലിലടയ്ക്കും. നല്ല നടപ്പ് വ്യവസ്ഥകള്‍ ലംഘിക്കാത്ത ആള്‍ പൂര്‍ണമായും സ്വതന്ത്രമാകും.