കാവലാകേണ്ടവര്‍ കാലന്മാരയപ്പോള്‍

ബിഹാറിലെ മുസഫർപുരിലുള്ള സർക്കാർ അഭയകേന്ദ്രത്തിൽ 34 പെൺകുട്ടികൾ പീഡനത്തിനിരയായ സംഭവത്തിലുണ്ടായിരിക്കുന്ന വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നത് ഏഴിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള, സംസാരശേഷിയില്ലാത്ത പെൺകുട്ടികൾ പോലും അതിക്രൂരമായാണ് ലൈംഗിക പീഡനത്തിന് ഇരയായത്. അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട ഒരു പെൺകുട്ടിയെ ജീവനക്കാർതന്നെ കൊന്നു കുഴിച്ചുമൂടിയതായി മറ്റ് അന്തേവാസികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ കേസിന്റെ അന്വേഷണം സി ബി ഐയ്ക്ക് കൈമാറിയിരിക്കുകയാണ്.പീഡനവിവരം പുറത്തായതിനെ തുടർന്ന് പൊലീസ് പരിശോധന നടത്തുമ്പോൾ 42 അന്തേവാസികളാണ് ഇവിടെ ഉണ്ടായിരുന്നത്.34 പെൺകുട്ടികൾ പീഡനത്തിന് ഇരയായതായി വ്യക്തമായെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. മയക്കുമരുന്ന് കലർത്തിയ ഭക്ഷണമാണ് മിക്ക ദിവസവും ലഭിച്ചിരുന്നതെന്നും പൂർണ നഗ്നരാക്കിയാണു മിക്ക ദിവസവും കിടത്തിയിരുന്നതെന്നും കുട്ടികള്‍ കോടതിയുടെ മുന്നില്‍ കണ്ണീരോടെ വെളിപ്പെടുത്തി .തിളച്ച വെള്ളവും എണ്ണയും ദേഹത്തൊഴിച്ച് പൊള്ളിക്കും. വയറ്റിൽ തൊഴിക്കും. വസ്ത്രങ്ങളഴിച്ചുമാറ്റി അതിക്രൂരമായി മർദ്ദിക്കും’ – പെൺകുട്ടികൾ പറയുന്നു. ലൈംഗിക പീഡനം സഹിക്കവയ്യാതെ പൊട്ടിയ കുപ്പിച്ചില്ലുകൾ ഉപയോഗിച്ച് ദേഹത്ത് മുറിവുണ്ടാക്കിയിരുന്ന കാര്യവും ഇവർ കോടതിക്കു മുന്നിൽ കണ്ണീരോടെ ഏറ്റുപറഞ്ഞു. സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ ഒരു സന്നദ്ധ സംഘടന നടത്തിയ കൗണ്‍സലിങ്ങിലാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂരത പുറത്തുവന്നത്