സേവ് ലുട്ടാപ്പിക്കൊപ്പം കേരള പോലീസും

ബാലരമയിലെ മായാവി ചിത്രക്കഥയിൽ ഡിങ്കിനി എന്ന കഥാപാത്രത്തിന്റെ വരവാണ് എല്ലാത്തിനും കാരണം സീറ്റ് ബെൽറ്റ് നിർബന്ധമാക്കാൻ ഓർമ്മിപ്പിച്ചുകൊണ്ടുള്ള പോസ്റ്റിൽ ലുട്ടാപ്പിയെ കൂട്ടുപിടിച്ച് കേരള പൊലീസ്. സേവ് ലുട്ടാപ്പി ക്യാംപെയിൻ സോഷ്യൽ മീഡിയയിൽ സജീവമായ സാഹചര്യത്തിലാണ് പൊലീസിന്റെ ട്രോൾ. സീറ്റ് ബെൽറ്റിട്ട് വണ്ടിയോടിക്കുന്ന ലുട്ടാപ്പിയെ മാറ്റി റാഷ് ഡ്രൈവ് ചെയ്യുന്ന ഡിങ്കിനിയെ വെച്ചാണ് മുന്നോട്ടുപോകാൻ ഉദ്ദേശമെങ്കിൽ ഞങ്ങൾ അനുവദിക്കില്ലെന്ന് ചിത്രത്തിലെ പൊലീസ്. ഇത് കേട്ടപാടെ ഡിങ്കിനിയോട് കേരളം വിടാനാവശ്യപ്പെടുന്ന ലുട്ടാപ്പി. ഒപ്പം ലുട്ടാപ്പിയുടെ സീറ്റ് ബെൽറ്റായ വാലിന്റെ ചിത്രവും. സേവ് ലുട്ടാപ്പി എന്ന ഹാഷ് ടാഗിനൊപ്പമാണ് പൊലീസ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ബാലരമയിലെ മായാവി ചിത്രക്കഥയിൽ ഡിങ്കിനി എന്ന കഥാപാത്രത്തിന്റെ വരവാണ് എല്ലാത്തിനും കാരണം. ലുട്ടാപ്പിയെ ഒഴിവാക്കിയാണ് ഡിങ്കിനിയുടെ വരവെന്നും അതല്ല ലുട്ടാപ്പിയുടെ കാമുകയാണ് ഡിങ്കിനി എന്നും പലതരത്തിലുള്ള ഗോസിപ്പുകൾ നിമിഷ നേരം കൊണ്ട് വൈറലായി. സേവ് ലുട്ടാപ്പി എന്ന ഹാഷ്ടാഗിൽ ക്യാംപെയിനും ആരംഭിച്ചു.അതേസമയം ഒരിക്കലും ലുട്ടാപ്പിയെ ഒഴിവാക്കില്ലെന്ന് ബാലരമ പ്രതികരിച്ചു. ''അടുത്ത ലക്കം ലുട്ടാപ്പി അതിഗംഭീരമായി തിരികെയെത്തും. ലുട്ടാപ്പിയുടെ ഫാൻസ് പവർ കണ്ടറിഞ്ഞ് പുതിയ ഒരു പംക്തി തന്നെ അടുത്ത ലക്കം ബാലരമയിൽ തുടങ്ങും.അതോടൊപ്പം ഡിങ്കിനിയുമായി ഒരു നേർക്കുനേർ അഭിമുഖസംഭാഷണവും അടുത്ത ലക്കം പ്രതീക്ഷിക്കാം''-അണിയറക്കാർ പറഞ്ഞു. മായാവിക്ക് പുതിയ എതിരാളിയെ കൊണ്ടുവരാനുള്ള ബാലരമയുടെ ‘നീക്ക’ത്തിനെതിരെ ശക്തമായ പ്രതിഷേധവും ട്രോളുമാണ് സോഷ്യല്‍ മീഡിയയിൽ വന്നത്. വളരെ പ്രസിദ്ധമായ മായാവി ചിത്രകഥ ഇത്രയധികം പ്രചാരം നേടാന്‍ കാരണം ലുട്ടാപ്പിയാണെന്നാണ് ചിലരുടെ വാദം. മായാവിക്ക് പുതിയ എതിരാളി വരുന്നുവെന്ന് ബാലരമ ഫെയിസ്ബുക്ക് പേജില്‍ അറിയിച്ചതോടെയാണ് ‘പ്രതിഷേധവും’ ആരംഭിച്ചത്. ലുട്ടാപ്പിക്ക് മേല്‍ മറ്റൊരു വില്ലനെ കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ വലിയ ക്യാംപെയ്നാണ് നടന്നത്. #സേവ് ലുട്ടാപ്പി എന്ന ഹാഷ്ടാഗിലാണ് ക്യാംപെയ്ന്‍. പുതിയ വില്ലന്‍ കഥാപാത്രം ലുട്ടാപ്പിയുടെ കാമുകിയാണെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്. സംഭവം എന്തായാലും രസകരമായ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയത്.