പുതിയ പരീക്ഷണ ടി.വിയുമായി സാംസങ്

മൊബൈല്‍ ഫോണുകളുടേയും സ്മാര്‍ട്‌ഫോണുകളുടേയും കാലത്ത് വളര്‍ന്നുവന്ന തലമുറയ്ക്കായി ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്തൊരു ഉപകരണവുമായെത്തിയിരിക്കുകയാണ് സാംസങ്. സെറോ (sero) എന്ന വെര്‍ട്ടിക്കല്‍ ടിവിയാണ് സാംസങ് അവതരിപ്പിച്ചത്. സ്മാര്‍ട്‌ഫോണ്‍യുഗത്തിലെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്താണ് സെറോ അവതരിപ്പിക്കുന്നത്.സാധാരണ ടിവികളെ പോലെയല്ല ലംബമായി ഉപയോഗിക്കാനാവും വിധമാണ് ഇതിന്റെ രൂപകല്‍പന. സ്മാര്‍ട്‌ഫോണുകള്‍ വളരെ എളുപ്പം ടിവിയുമായി ബന്ധിപ്പിക്കുന്നതിനാണ് ഇങ്ങനെ ഒരു ആശയം എന്ന് സാംസങ് പറയുന്നു. സ്മാര്‍ട്‌ഫോണുമായി ബന്ധിപ്പിച്ച് വലിയ സ്‌ക്രീനില്‍ ഗെയിമുകള്‍ കളിക്കാനും, ആപ്പുകള്‍ ഉപയോഗിക്കാനും, ഇന്റര്‍നെറ്റ് സെര്‍ച്ച് ചെയ്യാനുമെല്ലാം ഇതില്‍ സാധിക്കും. ലംബമായി മാത്രമല്ല. ടിവി സ്‌ക്രീന്‍ തിരിച്ച് ഭൂമിയ്ക്ക് തിരശ്ചീനമാക്കിവെക്കാനും സാധിക്കും. അപ്പോള്‍ സാധാരണ ടിവി ചാനലുകളും സിനിമകളും കാണുകയും ചെയ്യാം. ചുരുക്കിപ്പറഞ്ഞാല്‍ ഫോണിലെ സ്‌ക്രീന്‍ റൊട്ടേഷന്‍ പോലെയുള്ള ഒരു വലിയ സ്‌ക്രീന്‍ ആണ് സെറോ. ഒരേ സമയം വെര്‍ട്ടിക്കല്‍ സ്‌ക്രീന്‍ ആയും ഹൊറിസോണ്ടല്‍ സ്‌ക്രീന്‍ ആയും ഉപയോഗിക്കാം. 4.1 ശബ്ദസംവിധാനമാണ് ടിവിയില്‍ ഒരുക്കിയിട്ടുള്ളത്. വിവിധ ഓണ്‍ലൈന്‍ മ്യൂസിക് സ്ട്രീമിങ് സേവനങ്ങള്‍ ഇതില്‍ ഉപയോഗിക്കാന്‍ സാധിക്കും. കൂടാതെ സ്മാര്‍ട്‌ഫോണിലെ പാട്ടുകളും സെറോ വഴി കേള്‍ക്കാം. 90കള്‍ക്ക് ശേഷം ജനിച്ചവരെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഈ ടെലിവിഷനാണെങ്കിലും. ആ തലമുറയിലെ എല്ലാവര്‍ക്കും സാധ്യമായ വിലയല്ല സെറോയുടേത്. മേയ് അവസാനത്തോടെ കൊറിയന്‍ വിപണിയില്‍ അവതരിപ്പിക്കാനിരിക്കുന്ന സെറോയ്ക്ക് 1.89 കോടി വോണ്‍ (11.36 ലക്ഷത്തിലധികം രൂപ) ആയിരിക്കും വില. Samsung Launches Vertical Tv Called Sero