ഗാര്‍ഹിക  വൈദ്യുതിനിരക്കിൽ  വർധനയുണ്ടാകും! കാരണം ഇതാണ്

രാജ്യത്തെ വൈദ്യുതിമേഖല സമ്പൂർണ സ്വകാര്യവത്കരണത്തിലേക്ക് നീങ്ങുന്നു പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഇത് സംബന്ധിച്ച നിയമഭേദഗതി ബിൽ അവതരിപ്പിക്കുമെന്നാണ് സൂചന.മുംബൈ, ഡൽഹി തുടങ്ങിയ വൻകിട നഗരങ്ങളിലെന്ന പോലെ കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും വൻകിട സ്വകാര്യ കമ്പനികൾക്ക് വൈദ്യുതിവിതരണത്തിന് അവസരമൊരുക്കുകയാണ് നിയമഭേദഗതിയുടെ പ്രധാന ലക്ഷ്യം. സബ്‌സിഡി വെട്ടിക്കുറയ്ക്കലിന് ശുപാർശ ചെയ്യുന്ന നിയമം നടപ്പാകുന്നതോടെ ഗാർഹിക ഉപഭോക്താക്കൾക്കുള്ള വൈദ്യുതിനിരക്കിൽ കുത്തനെയുള്ള വർധനയുണ്ടാകും. പാചകവാതകത്തിലെന്നപോലെ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് സബ്‌സിഡി നേരിട്ട് നൽകുന്നതിനും നിയമം ശുപാർശ ചെയ്യുന്നു. പുതിയ ഭേദഗതി സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള വൈദ്യുതിബോർഡുകൾക്കും കമ്പനികൾക്കും തിരിച്ചടിയായേക്കും. പുതിയ നിയമഭേദഗതി അനുസരിച്ച് വൈദ്യുതിശൃംഖലയും വൈദ്യുതി സപ്ലൈയും വേർതിരിക്കും. വൈദ്യുതിശൃംഖല ഇപ്പോഴുള്ള ലൈസൻസികൾ, അതായത് അതത് സംസ്ഥാനങ്ങളിലെ വൈദ്യുതിബോർഡുകൾക്ക് അല്ലെങ്കിൽ കമ്പനികൾക്കാണ് പരിപാലന ചുമതല. പുതിയ ഭേദഗതി അനുസരിച്ച് വൈദ്യുതി ബോർഡുകൾക്കോ കമ്പനികൾക്കോ വൈദ്യുതി നേരിട്ട് ഉപഭോക്താവിന് വിൽക്കാൻ അനുമതിയുണ്ടാകില്ല. ശൃംഖലയിൽ നിന്നുള്ള വൈദ്യുതി ഉപഭോക്താക്കളിലേക്കെത്തിക്കാൻ പുതിയ സപ്ലൈ ലൈസൻസികൾ അഥവാ കമ്പനികൾ കടന്നുവരും. വൈദ്യുതി ഉത്പാദകരിൽ നിന്ന് സപ്ലൈ ലൈസൻസികൾ നേരിട്ട് വൈദ്യുതി വാങ്ങിയാണ് ഉപഭോക്താക്കളിലെത്തിക്കുക.വൈദ്യുതിനിരക്കിന്റെ സബ്‌സിഡി 20 ശതമാനമായി നിജപ്പെടുത്തുന്നതാണ് നിയമഭേദഗതിയിലെ പ്രധാന ശുപാർശകളിലൊന്ന്.